ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ വിധി പറയുന്നത് മാറ്റി; കേസിൽ ബുധനാഴ്ച കോടതി വിധി പറയും

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ വിധി പറയുന്നത് മാറ്റി വച്ചു. കേസിൽ ബുധനാഴ്ച കോടതി വിധി പറയുവാൻ ഒരുങ്ങുകയാണ്. ഡോളർ കടത്ത് കേസിൽ കൂടി ജാമ്യം ലഭിക്കുകയാണെങ്കിൽ ശിവശങ്കറിന് പുറത്തിറങ്ങാൻ സാധിക്കും . സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സിജെഎം കോടതിയാണ് കേസ് പരിഗണിച്ചത്. നേരത്തെ കസ്റ്റംസ് രജിസ്റ്റർ ചെയ്ത സ്വർണക്കടത്ത് കേസിലും, ഇഡി യുടെ കള്ളപ്പണക്കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു.
ഒന്നരക്കോടി രൂപയുടെ ഡോളർ കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഡോളർ കടത്ത് കേസിൽ കഴിഞ്ഞ ആഴ്ചയാണ് കസ്റ്റംസ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി അനുമതിയോടെ ആയിരുന്നു നടപടി. യുഎഇ കോണ്‍സുലേറ്റിന്‍റെ മുൻ ചീഫ് അക്കൗണ്ട് ഓഫീസർ ഖാലിദ് വിദേശത്തേക്ക് ഡോളർ കടത്തിയതുമായി ബന്ധപ്പെട്ടുള്ള കേസിലായിരുന്നു കസ്റ്റംസിന്‍റെ നിർണായക നടപടികൾ. ഡോളർ കടത്തുമായി തനിക്കെതിരെ ഒരു തെളിവുകളും ഇല്ലെന്നാണ് ശിവശങ്കറിന്റെ വാദം. കസ്റ്റഡിയിൽ വച്ച് പ്രതികൾ നൽകിയ മൊഴികൾ മാത്രമാണ് തനിക്കെതിരെയുള്ളതെന്നും ശിവശങ്കർ വാദിച്ചു. അതേസമയം കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും അതിന് ശക്തമായ തെളിവുകളുണ്ടെന്നുമാണ് കസ്റ്റംസിന്റെ വാദം. അതേസമയം, സ്വർണകടത്ത് കേസ് പ്രതി റബിൻസണിൻ്റെ റിമാൻ്റ് കാലാവധി നീട്ടി. ഫെബ്രുവരി 9 വരെയാണ് റിമാൻ്റ് നീട്ടിയത്.
https://www.facebook.com/Malayalivartha





















