ബാര്‍ക്കോഴക്കേസില്‍ മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സിന് നിയമോപദേശം, മതിയായില്ലെങ്കില്‍ വീണ്ടും വീണ്ടും അന്വേഷിക്കട്ടേയെന്ന് മാണി

ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം. മാണിക്കെതിരെ കുറ്റപത്രം നല്‍കാന്‍ മതിയായ തെളിവില്ലെന്നു വിജിലന്‍സിന് നിയമോപദേശം.വിജിലന്‍സ് കോടതിയിലെ ലീഗല്‍ അഡൈ്വസര്‍ സി.സി. അഗസ്റ്റിനാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയത്. ഇന്നലെ വൈകിട്ട് വിജിലന്‍സ് ആസ്ഥാനത്തെത്തി ഡയറക്ടര്‍ വിന്‍സന്‍ എം. പോളിനു സി.സി. അഗസ്റ്റിന്‍ റിപ്പോര്‍ട്ട് കൈമാറി. സാഹചര്യത്തെളിവും ചില രേഖകളും മാണിക്കു പ്രതികൂലമാണ് എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആര്‍. സുകേശന്റെ കണ്ടെത്തല്‍. സുകേശനു വേണ്ടി ഡിവൈഎസ്പി അജിത് ഇന്നലെ ഉച്ചയോടെ അഗസ്റ്റിന്റെ ഓഫിസിലെത്തി റിപ്പോര്‍ട്ട് കൈപ്പറ്റി. കേസില്‍ തുടര്‍ നടപടി എന്തു വേണമെന്നു വിജിലന്‍സ് ഡയറക്ടര്‍ അന്തിമമായി തീരുമാനിക്കും.
കഴിഞ്ഞ ആഴ്ചയാണു സുകേശന്‍ നിയമോപദേശത്തിനായി അന്വേഷണ റിപ്പോര്‍ട്ട് സഹിതം അഗസ്റ്റിനു ഫയല്‍ കൈമാറിയത്. അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റപത്രം നല്‍കാന്‍ കഴിയുമോ എന്നാണ് എസ്പി ഉപദേശം തേടിയത്. എന്നാല്‍ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച അഗസ്റ്റിന്‍, ഇപ്പോഴത്തെ തെളിവുകള്‍ അപര്യാപ്തമാണെന്നും കുറ്റപത്രം നല്‍കാന്‍ തക്ക ശക്തമായ തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയതായാണ് അറിയുന്നത്. കോഴ ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാ ഫലം കോടതിയില്‍ തെളിവല്ലെന്നും വ്യക്തമാക്കി. അമ്പിളി ബിജുവിന്റെ ആശ്രിതനാണെന്നതും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ വിവരം വെളിപ്പെടുത്താന്‍ വിജിലന്‍സ് വൃത്തങ്ങള്‍ തയാറായില്ല.
റിപ്പോര്‍ട്ടും നിയമോപദേശവും ഡയറക്ടര്‍ വിജിലന്‍സ് എഡിജിപി ഷേയ്ക്ക് ദര്‍വേഷ് സാഹിബിനു കൈമാറും. അദ്ദേഹമാണ് ഈ കേസിന്റെ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്‍. ആവശ്യമെന്നു വരുകില്‍ എഡിജിപി വിജിലന്‍സിന്റെ പ്രോസിക്യൂഷന്‍ അഡിഷനല്‍ ഡയറക്ടര്‍ ശശീന്ദ്രനില്‍ നിന്നും നിയമോപദേശം തേടും. അതു സഹിതം ഡയറക്ടര്‍ക്കു മടക്കി നല്‍കും. എഡിജിപിയുടെ റിപ്പോര്‍ട്ടിന്മേല്‍ അഡ്വക്കറ്റ് ജനറലിന്റെ കൂടി നിയമോപദേശം തേടിയ ശേഷമാകും വിജിലന്‍സ് ഡയറക്ടര്‍ അന്തിമ തീരുമാനം എടുക്കുകയെന്ന് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിച്ചു.
അന്വേഷണ ഭാഗമായി മുന്നൂറിലേറെ സാക്ഷികളുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു. ഭൂരിപക്ഷവും ബാറുടമകളായിരുന്നു. അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തി. മാണിക്കു മൂന്നുഘട്ടമായി ഒരു കോടി രൂപ കോഴ നല്‍കിയെന്നാണു ബിജുവിന്റെ മൊഴിയും നിലവിലെ കേസും. എന്നാല്‍ മാണിക്കു പണം കൈമാറിയവരായി ബിജു നല്‍കിയ പട്ടികയില്‍പ്പെട്ട ബാറുടമകള്‍ ആരും അക്കാര്യം വിജിലന്‍സിനോടു ശരിവച്ചില്ല. പണം നല്‍കിയിട്ടില്ലെന്നും മൊഴി നല്‍കിയിരുന്നു.
എന്നാല്‍ എന്തുവന്നാലും കേസുമായി സഹകരിക്കുമെന്ന് മന്ത്രി കെഎം മാണി ഡല്‍ഹിയില്‍ വ്യക്തമാക്കി. ബിജുരമേശ് കെട്ടിച്ചമച്ച കേസാണ്. അതിന് ചിലര്‍ ഒത്താശ ചെയ്‌തെന്നും മാണി പറഞ്ഞു. ഇനി കേസ് ആര് അന്വേഷിച്ചാലും കുഴപ്പമില്ലെന്നും ബിജുരമേശിന്റെ കള്ളത്തരങ്ങള്‍ കണ്ടുപിടിക്കാനാണ് കേസെന്നും മാണി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















