പി സി തോമസ് ബിജെപിയിലേക്ക്?

കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസ് ബിജെപിയിലേക്ക്. മുന്‍പ് പാര്‍ലമെന്റ് ഇലക്ഷനില്‍ മുവാറ്റുപുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിക്കുകയും വാജ്പേയി മന്ത്രിസഭയില്‍ നിയമകാര്യ സഹമന്ത്രിയാവുകയും ചെയ്തയാളാണ് പി സി തോമസ്. മുന്‍ കോണ്‍ഗ്രസ് നേതാവും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ പി ടി ചാക്കോയുടെ പുത്രനാണ് തോമസ്.
1950 ഒക്ടോബര്‍ 31ന് പി.ടി. ചാക്കോയുടെയും മറിയാമ്മയുടെയും മകനായി ജനിച്ച പി.സി. തോമസ് ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ നിന്നു ബിരുദവും തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കേരള കോണ്‍ഗ്രസ്(മാണി) വിഭാഗത്തിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായ ഇദ്ദേഹം1989 മുതല്‍ പലതവണ മൂവാറ്റുപുഴ മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. പാര്‍ട്ടി നേതൃത്വവുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിടുകയും ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി (ഐ.എഫ്.ഡി.പി) എന്ന പേരില്‍ ഒരു പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു.
2004ല്‍ നടന്ന പതിനാലാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പിന്തുണയോടെ മൂവാറ്റുപുഴ മണ്ഡലത്തില്‍ മത്സരിച്ച ഇദ്ദേഹം ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ സി.പി.ഐ. (എം) സ്ഥാനാര്‍ത്ഥിയായിരുന്ന പി.എം. ഇസ്മായിലിനെയും ഐക്യ ജനാധിപത്യ മുന്നണിയിലെ കേരള കോണ്‍ഗ്രസ്(മാണി) സ്ഥാനാര്‍ത്ഥിയായിരുന്ന ജോസ്.കെ.മാണിയെയും പിന്‍തള്ളി വിജയിക്കുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് രൂപീകരിക്കപ്പെട്ട എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യ മന്ത്രിസഭയില്‍ നിയമവകുപ്പ് സഹമന്ത്രിയായി ഇദ്ദേഹം നിയമിതനായി.
പിന്നീട് ഐ.എഫ്.ഡി.പി പിരിച്ചുവിട്ട് ഇദ്ദേഹവും കൂടെയുള്ളവരും ഇടതു മുന്നണിയുടെ ഭാഗമായ കേരള കോണ്‍ഗ്രസ്(ജോസഫ്) വിഭാഗത്തില്‍ ലയിച്ചു . എന്നാല്‍ ആ പാര്‍ട്ടിയുടെ നേതാവായ പി.ജെ. ജോസഫ് അടക്കമുള്ളവര്‍ കേരള കോണ്‍ഗ്രസ്(മാണി) വിഭാഗത്തില്‍ പിന്നീട് ലയിച്ചുവെങ്കിലും പി.സി. തോമസ്, വി.സുരേന്ദ്രന്‍ പിള്ള തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഇടതു മുന്നണിയില്‍ തന്നെ നിലകൊള്ളുകയും കേരള കോണ്‍ഗ്രസ് (ലയന വിരുദ്ധ ഗ്രൂപ്പ്) എന്ന പേരു സ്വീകരിക്കുകയും ചെയ്തു.
മതത്തെ ഉപയോഗിച്ച് ചട്ടവിരുദ്ധമായ പ്രചാരണം നടത്തിയതിന് പതിനാലാം ലോക്‌സഭയിലേക്കു നടന്ന ഇദ്ദേഹത്തിന്റെ വിജയത്തെ ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പി.എം. ഇസ്മായില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നു കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. പി സി തോമസ് ബിജെപിയിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് ജൂണ്‍ 9ന് പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് തിരക്കിട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















