തന്ത്രം പാളി, നുണപരിശോധനയ്ക്കു വിധേയനാകാന്‍ തയാറാണെന്ന സൂരജിന്റെ അപേക്ഷ കോടതി തള്ളി, കേസില്‍ പ്രതിയാക്കി സിബിഐ

കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ നുണപരിശോധനയ്ക്കു വിധേയനാകാന്‍ തയാറാണെന്ന മുന്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ ടി.ഒ. സൂരജിന്റെ നിലപാട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. നുണപരിശോധനയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അന്വേഷണസംഘമാണെന്ന് കോടതി വ്യക്തമാക്കി. ഇതോടെ സൂരജിനെ സിബിഐ കേസില്‍ പ്രതിചേര്‍ക്കും.
സൂരജിനെ ചോദ്യം ചെയ്തതില്‍ നിന്നും മറ്റുള്ള പ്രതികളുടെ മൊഴികളില്‍ നിന്നും കേസില്‍ സൂരജിന്റെ പങ്ക് സി.ബി.ഐക്കു ബോധ്യപ്പെട്ടിട്ടുണ്ടെന്നാണു സൂചന. നുണപരിശോധനയ്ക്കു വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് സൂരജ് നേരിട്ട് കോടതിയെ സമീപിച്ചത് പ്രതിചേര്‍ക്കുന്നതും അറസ്റ്റ് ചെയ്യുന്നതും വൈകിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് സി.ബി.ഐ. കരുതുന്നു. സൂരജിന്റെ ആവശ്യം കോടതി തള്ളിയ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കും.
അന്നത്തെ എറണാകുളം കലക്ടര്‍ ഷേഖ് പരീതിനെക്കൂടി ചോദ്യം ചെയ്ത ശേഷം സൂരജിനെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഇനി നുണപരിശോധന നടത്തണോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ സംഘമാണ്.
കളമശേരി പത്തടിപ്പാലത്ത് തൃക്കാക്കര നോര്‍ത്ത് വില്ലേജില്‍ എന്‍.എ. ഷെരീഫ, എ.കെ. നാസര്‍, എ.കെ. നൗഷാദ്, ഷിമിത നൗഷാദ് എന്നിവരുടെ പേരിലുള്ള 1.16 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ സഹായത്തോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിം രാജും ബന്ധുക്കളും ചേര്‍ന്ന് തട്ടിയെടുത്തെന്നാണു കേസ്. ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള പരാതിയെത്തുടര്‍ന്ന് നേരത്തേ തീര്‍പ്പാക്കിയ കേസിന്റെ ഫയല്‍ സൂരജ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ആയിരിക്കേയാണ് വീണ്ടും പരിഗണിച്ചത്.
ഒരിക്കല്‍ തീര്‍പ്പാക്കിയ ഫയല്‍ പുനഃപരിശോധിക്കാന്‍ അധികാരമില്ലാതിരിക്കെ, ഭൂമിയുടെ തണ്ടപ്പേരും പോക്കുവരവും റദ്ദാക്കി സര്‍ക്കാര്‍ ഭൂമിയായി ഏറ്റെടുത്തുകൊണ്ട് സൂരജ് ഉത്തരവിറക്കുകയായിരുന്നു. പിന്നീട് മറ്റൊരാള്‍ക്ക് പട്ടയം നല്‍കാനും സൂരജ് ഇടപെട്ടു. ഇതിനുശേഷമാണ് സലിംരാജും സംഘവും ഭൂമി തട്ടിയെടുത്തത്.
ഫയലില്‍ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു തീരുമാനമെടുത്തതെന്നാണ് സൂരജ് ചോദ്യംചെയ്യലില്‍ പറഞ്ഞത്. എന്നാല്‍ മറ്റൊരു കേസില്‍ ഇതിനു വിരുദ്ധമായ തീരുമാനമെടുത്തതു സംബന്ധിച്ച ചോദ്യത്തിന് വിശദീകരണം നല്‍കാന്‍ സൂരജിനു കഴിഞ്ഞില്ല. സൂരജ് കമ്മിഷണറായിരിക്കെയാണ് സലിംരാജിന്റെ ഭാര്യയ്ക്ക് ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റില്‍ ജോലി നല്‍കിയത്. ഇതു ഭൂമിതട്ടിപ്പ് സംഘവുമായി സൂരജിന്റെ ബന്ധം വ്യക്തമാക്കുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















