വിഴിഞ്ഞം തുറമുഖം അട്ടിമറിക്കാന്‍ കെജിഎസ് ഗ്രൂപ്പ് ശ്രമിച്ചതിന് തെളിവുകള്‍ പുറത്ത്, കൂട്ടുനിന്നത് കോണ്‍ഗ്രസ്

വിഴിഞ്ഞം തുറമുഖപദ്ധതിക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന കോണ്‍ഗ്രസുകാര്‍ പദ്ധതി അട്ടിമറിക്കാന്‍ കെജിഎസ് ഗ്രൂപ്പിന് ഒത്താശചെയ്തുവെന്നതിന്റെ തെളിവുകള്‍ പുറത്ത്. ആറന്മുള വിമാനത്താവള പദ്ധതിയുമായി രംഗത്തെത്തിയ കെ.ജി.എസ്. കമ്പനി ഉടമയും ഡി.എം.കെ. നേതാവുമായ കെ.പി.കെ. കുമരനാണ് വിഴിഞ്ഞം തുറമുഖത്തിനെതിരെ കരുക്കള്‍ നീക്കിയത്. രാജ്യസഭാ എം.പിയായിരുന്ന കാലത്തായിരുന്നു കുമരന്‍ ഇതിനു ശ്രമിച്ചത്. തുറമുഖ പദ്ധതി വിഴിഞ്ഞത്ത് പ്രാവര്‍ത്തികമായാല്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖത്തെ തളര്‍ത്തുമെന്ന കണക്കുകൂട്ടലില്‍ കുമരന്‍ രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യങ്ങളാണ് ഇതിനു തെളിവ്. വിഴിഞ്ഞത്തിനു പാരിസ്ഥിതിക അനുമതി ലഭിക്കാതിരിക്കാന്‍ കടുത്ത സമ്മര്‍ദമാണു കുമരന്‍ അന്നത്തെ യു.പി.എ. സര്‍ക്കാരില്‍ ചെലുത്തിയത്. തമിഴ്‌നാട്ടില്‍ നിന്നും ഡി.എം.കെ. ടിക്കറ്റില്‍ ഡി.എം.കെയെ പ്രതിനിധീകരിച്ച 2006 ജൂലൈ 11 മുതല്‍ 2007 ജൂലൈ 26 വരെയാണ് കുമരന്‍ രാജ്യസഭാംഗമായിരുന്നത്.
2006 ഡിസംബര്‍ 14 നു കുമരന്‍ ഉന്നയിച്ച ചോദ്യങ്ങളാണ് എറെ ശ്രദ്ധേയം. വിഴിഞ്ഞം തൂത്തുക്കുടി തുറമുഖത്തോട് അടുത്തു സ്ഥിതി ചെയ്യുന്നതിനാല്‍ പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ കേരളാ സര്‍ക്കാര്‍ തമിഴ്‌നാടിനോട് ആലോചിച്ചിരുന്നോ എന്നതായിരുന്നു കുമരന്റെ ആദ്യ ചോദ്യം. വിഴിഞ്ഞം തുറമുഖം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന ആക്ഷേപവും ഉന്നയിച്ചു. വിഴിഞ്ഞത്തിന് പാരിസ്ഥിതികാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് പലതവണ വനം പരിസ്ഥിതി മന്ത്രാലയത്തില്‍ കുമരന്‍ കയറിയിറങ്ങി. ചുരുങ്ങിയ കാലയളവില്‍ മറ്റ് ശ്രദ്ധേയമായ വിഷയങ്ങളൊന്നും കുമരന്‍ ഉന്നയിച്ചിരുന്നുമില്ല.
ഇതിനുശേഷമാണ് കുമരനും കെ.ജി.എസ്. ഗ്രൂപ്പിന്റ മറ്റ് പ്രതിനിധികളും ആറന്മുള പദ്ധതിക്കൊരുങ്ങിയത്. ഇതിനു പാരിസ്ഥിതികാനുമതി ലഭിക്കുന്നതിന് കേരളത്തിലെ എം.പിമാരെ കരുവാക്കുകയായിരുന്നു. വിഴിഞ്ഞത്തെ എതിര്‍ത്ത കുമരന്‍ ആറന്മുള യാഥാര്‍ഥ്യമാക്കുന്നതിലൂടെ വന്‍ ലാഭമാണ് ലക്ഷ്യമിട്ടത്. ഇക്കാര്യത്തില്‍ കുമരനുമായി അടുത്തബന്ധം പുലര്‍ത്തുന്ന മധുര ആസ്ഥാനമായ എന്‍വിറോ കെയര്‍ ലിമിറ്റഡ് എന്ന കമ്പനിയെയാണ് കെ.ജി.എസ്. പരിസ്ഥിതിയാഘാത പഠനത്തിനു നിയോഗിച്ചത്.
രാജ്യസഭാഗം എന്ന നിലയില്‍ കുമരന്‍ വിഴിഞ്ഞത്തിനെതിരെ പ്രയോഗിച്ച അതേ അടവുതന്നെ ആറന്മുള വിമാനത്താവള കമ്പനി യാഥാര്‍ഥ്യമാക്കുന്നതിന് വനം പരിസ്ഥിതി മന്ത്രാലയത്തില്‍ പയറ്റി. അതിനു കേരളത്തിലെ രണ്ട് എം.പിമാരുടെ പിന്തുണയും കുമരനു ലഭിച്ചു.
വിഴിഞ്ഞം പദ്ധതിക്ക് എതിരുനിന്ന കുമരനെ ആറന്മുള വിമാനത്താവള വിഷയത്തില്‍ തുണച്ച എം.പിമാരുടേയും എ.കെ.ആന്റണി അടക്കമുള്ള കേന്ദ്ര മന്ത്രിമാരുടേയും നടപടിക്കു പിന്നില്‍ ദുരൂഹതയുണ്ടെന്നു പൈതൃക ഗ്രാമ കര്‍മസമിതി ചൂണ്ടിക്കാട്ടി. ഇതോടെ വിമാനത്താവള പദ്ധതിക്കായി കുമരന് കൂട്ടുനിന്ന പല ഉന്നത കോണ്‍ഗ്രസ് പ്രവര്‍ത്തകരും വെട്ടിലായി.കുമരന്റെ വിമാനത്താവള പദ്ധതിക്കു സര്‍വ പിന്തുണയും പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കു വിഴിഞ്ഞം തുറമുഖത്തിനെതിരേ പ്രവര്‍ത്തിച്ച കുമരന്റെ മുന്‍കാല ചരിത്രം അറിയാമായിരുന്നിട്ടുകൂടി മൗനം ഭജിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.ഇതേപ്പറ്റി സമഗ്രാന്വേഷണം നടത്തണമെന്ന് ആറന്മുള പൈതൃക ഗ്രാമ കര്‍മസമിതി ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















