തെങ്ങില്‍ കയറാന്‍ ശമ്പളം 20000 രൂപ, തേങ്ങ പൊതിക്കാന് 12,000

തെങ്ങുകയറാനും തേങ്ങപൊതിക്കാനും ഇനിമുതല്‍ സ്ഥിരം ശമ്പളത്തിന് ജീവനക്കാരെ നിയമിക്കുന്നു. വയനാട്ടിലെ നാളികേര ഉത്പാദകസംഘമാണ് തെങ്ങുകയറാന് 20,000 രൂപയും തേങ്ങ പൊതിക്കാന് 12,000 രൂപയും മാസശമ്പളം നല്‍കി ജീവനക്കാരെ നിയമിക്കുന്നത്.
സൗജന്യ ഇന്‍ഷുറന്‍സ്, പി.എഫ്., ഇരുചക്രവാഹനങ്ങള്‍ക്ക് 80 ശതമാനം സബ്‌സിഡി എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങളാണ് ഇത്തരം തൊഴിലാളികള്‍ക്ക് നല്‍കുക. പത്തുവര്‍ഷത്തെ കരാര്‍ വ്യവസ്ഥയിലാണ് നിയമനം. സംസ്ഥാനത്തുതന്നെ ഇത്തരത്തില്‍ സ്ഥിരം ജീവനക്കാരെ നിയമിക്കുന്നത് വയനാട്ടിലാണെന്ന് നാളികേര വികസന ബോര്‍ഡിന്റെ കീഴില്‍ സ്ഥാപിതമായ ഫെഡറേഷന്റെ ജില്ലാ പ്രസിഡന്റ് ജോസ് പള്ളം പറഞ്ഞു.
വയനാട്ടില്‍ ഫെഡറേഷനുകള്‍ ചേര്‍ന്ന് കമ്പനികള്‍ രൂപവത്കരിക്കാനുള്ള ശ്രമത്തിലാണ്. പത്ത് നാളികേര ഉത്പാദകസംഘങ്ങള്‍ ചേര്‍ന്നാല്‍ ഒരു ഫെഡറേഷനാകും. വയനാട്ടില്‍ ഇപ്പോള്‍ എട്ട് ഫെഡറേഷനുകളിലായി 84 സംഘങ്ങളാണുള്ളത്. ഇത്തരം സംഘങ്ങളുടെ കീഴിലാണ് തെങ്ങുകയറ്റ ജീവനക്കാര്‍ ജോലിചെയ്യുക. ജില്ലയില്‍ 150 പേര്‍ക്കെങ്കിലും ജോലിനല്‍കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ജോലിനല്‍കും. ഈ ജോലിക്ക് ആദ്യനിയമനം ചൊവ്വാഴ്ച പുല്‍പള്ളിയില്‍നടത്തും. ഷൈജു കൂര്‍പ്പഞ്ചേരിയാണ് ആദ്യജീവനക്കാരന്.
വയനാട്ടില് 7913 കര്ഷകരാണ് നാളികേര വികസന ബോര്‍ഡില് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ 40000ത്തിലധികം കര്‍ഷകര്‍ തെങ്ങുകൃഷി ചെയ്യുന്നു. ഭൂരിപക്ഷം കര്‍ഷകരും തേങ്ങപറിക്കാനും പൊതിക്കാനും ആളെക്കിട്ടാതെ ബുദ്ധിമുട്ടുകയാണ്. സ്ഥിരം ജീവനക്കാര്‍ വരുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാവും. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് സംഘങ്ങളാണെങ്കിലും കര്‍ഷകരില്‍നിന്ന് വിഹിതം പിരിച്ചെടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















