വര്ഷങ്ങളായി മുങ്ങി നടന്നു ഒടുവിൽ പോലീസ് പിടിയിൽ; മുങ്ങി നടക്കുന്നവരെ പിടികൂടാന് ജില്ല പൊലീസിന്റെ നേതൃത്വത്തില് പ്രത്യേക സംഘം, അന്വേഷണം നടത്തിവരുന്നതിനിടയിൽ പ്രതികള് പിടിയിൽ

ആലുവയിൽ വർഷങ്ങളായി മുങ്ങി നടന്ന പ്രതികൾ അറസ്റ്റിലായി. 5 വര്ഷമായി മുങ്ങിനടന്ന ചൂര്ണിക്കര അശോകപുരം പറപ്പാലില് വീട്ടില് അനില് കുമാര് (44), എട്ട് വര്ഷമായി ഒളിവിലായിരുന്ന മാവേലിക്കര പള്ളിപ്പാട്ട് കുന്നറ വീട്ടില് സൂരജ് (35) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
1998ല് അശോകപുരം സ്വദേശിയെ മര്ദിച്ചവശനാക്കിയശേഷം ഇരുചക്രവാഹനം മോഷ്ടിച്ച് കടന്നു കളഞ്ഞ കേസായിരുന്നു അനിൽകുമാറിന്. 2002ല് ആലുവ മജിസ്ട്രേറ്റ് കോടതി മൂന്ന് വര്ഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്, ഇയാള് ഹൈകോടതിയില് അപ്പീല് സമര്പ്പിച്ചതിനെ തുടര്ന്ന് ശിക്ഷ ഒരു വര്ഷമായി കുറച്ചു നൽകി. തുടര്ന്ന് ഇയാള് ഒളിവില് പോകുകയായിരുന്നു. കൊല്ലം കോഴിവിള ഭാഗത്ത് നിന്നാണ് കഴിഞ്ഞദിവസം ഇയാളെ പിടികൂടിയത്.
സൂരജ് 2012 ൽ വിഡിയോഗ്രാഫറെ ആക്രമിച്ച കേസിലെ പ്രതിയാണ്. കോടതി നടപടിക്കിടെ ഒളിവില് പോവുകയായിരുന്നു ഇദ്ദേഹം. മുങ്ങി നടക്കുന്നവരെ പിടികൂടാന് ജില്ല പൊലീസ് മേധാവി കെ.കാര്ത്തിക്കിന്റെ നേതൃത്വത്തില് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തി വരുന്നതിനിടയിലായിരുന്നു പ്രതികള് പിടിയിലായത്. ആലുവ സ്റ്റേഷനില് മാത്രം രണ്ടാഴ്ചക്കിടെ പത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. റൂറല് ജില്ലയില് 120 ഓളം പേരെ പിടികൂടുകയും ചെയ്തു.
ഡിവൈ.എസ്.പി ടി.എസ്.സിനോജ്, എസ്.എച്ച്.ഒ പി.എസ്.രാജേഷ്, എസ്.ഐ ആര്.വിനോദ്, എ.എസ്.ഐ എ.സജീവ്, എസ്.സി.പി.ഒമാരായ ടി.ജി.അഭിലാഷ്, സി.എ.നിയാസ്, ടി.എ.ഷെബിന് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha