കാത്തിരിപ്പിനൊടുവില്‍ വിഎസ് എത്തി, അരുവിക്കരയിലേക്ക് ജനമൊഴുകി

കാത്തിരിപ്പിനൊടുവില്‍ അരുവിക്കരയില്‍ വി.എസ് എത്തി. വിഎസിനെകണ്ട് ജനം ഇളകി മറിഞ്ഞു. ഇന്നലെ വൈകിട്ട് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനത്തിനായിട്ടാണ് വി.എസ് അരുവിക്കരയിലെത്തിയത്. വിഎസ് എത്തുമ്പോള്‍ ആര്യനാട് ബസ് സ്റ്റാന്‍ഡ് പരിസരം ജനനിബിഡമായിരുന്നു. ബസ് സ്റ്റാന്‍ഡിന് മുന്നിലെ വെളിമ്പ്രദേശവും നിറഞ്ഞ് അടുത്തുള്ള കെട്ടിടങ്ങളുടെ മുകളിലും ജനങ്ങള്‍ തങ്ങളുടെ പ്രിയ നേതാവിനെ കാണാന്‍ കയറിപ്പറ്റി. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ വാഹനങ്ങളിലും എത്തിയിരുന്നു. വി.എസിനെ അടുത്തു കാണാനായി സ്ത്രീകള്‍ വേദിക്ക് മുന്നിലേക്ക് തിക്കിത്തിരക്കി എത്തി സ്ഥാനം പിടിച്ചു. നിലത്തിരുന്നും കസേരയിലെരുന്നും വിഎസിന്റെ പ്രസംഗം ജനം ആവ്‌സദിച്ചു.
അരുവിക്കരയിലേക്ക് വി.എസ് എത്തുമോ എന്ന ആകാംക്ഷ മണ്ഡലത്തില്‍ നേരത്തേ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വി.എസിനെ പങ്കെടുപ്പിക്കാതെ മാറ്റി നിറുത്തി എന്ന മാദ്ധ്യമ വാര്‍ത്തകള്‍ ആശയക്കുഴപ്പവും സൃഷ്ടിച്ചിരുന്നു. അതിനെല്ലാം മറുപടിയായിട്ടായിരുന്നു വി.എസിന്റെ ഇന്നലത്തെ വരവ്.
വി.എസ് എത്തുമ്പോള്‍ ഇടതുമുന്നണിയിലെ കെ.ബി. ഗണേശ് കുമാര്‍ കത്തിക്കയറുകയായിരുന്നു. \'എനിക്ക് പലതും പറയാനുണ്ട്, കൂടെ കിടന്നവനല്ലേ രാപ്പനി അറിയാവൂ\' എന്ന് പറഞ്ഞു കൊണ്ടാണ് ഗണേശ്കുമാര്‍ മുന്‍പ് താനും അംഗമായിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതികള്‍ ഒന്നൊന്നായി വിവരിച്ചത്. വി.എസിന്റെ വാഹനം എത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടി. ഇടിമുഴക്കം പോലെ അനേക കണ്ഠങ്ങളില്‍ നിന്ന് ഉച്ചത്തില്‍ മുദ്രാവാക്യം ഉയര്‍ന്നു. ആ ആരവത്തില്‍ ഗണേശ്കുമാറിന്റെ പ്രസംഗം മുങ്ങി. അതോടെ ഗണേശ് പ്രസംഗം നിറുത്തി.
ഒരു നോക്ക് കാണാനും ഒന്നു തൊടാനുമായി വി.എസിനെ പൊതിഞ്ഞ ജനങ്ങള്‍ക്കിടയിലൂടെ അദ്ദേഹത്തെ വേദിയിലേക്ക് എത്തിക്കുന്നത് സംഘാടകര്‍ക്ക് ആയാസകരമായ ജോലിയായിരുന്നു. \'\'മുത്തേ, മുത്തേ വി.എസ്സേ ... ഞങ്ങളുടെ ഓമന വി.എസ്സേ.... അഭിവാദ്യങ്ങള്‍, അഭിവാദ്യങ്ങള്‍... \'\' എന്നിങ്ങനെ മുദ്രാവാക്യം നിലയ്ക്കാതെ മുഴങ്ങി.
തുടര്‍ന്ന് അദ്ദേഹം പ്രസംഗിക്കാനായി മൈക്കിന് മുന്‍പിലെത്തിയപ്പോഴും ജനങ്ങളുടെ ആരവം തുടരുന്നുണ്ടായിരുന്നു. പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തപ്പോള്‍ പോലും ജനങ്ങള്‍ ആരവം മുഴക്കി.
അരുവിക്കര ഉപതിരഞ്ഞെടുപ്പ് കാരണം നിയമസഭാ സമ്മേളനം ഇടയ്ക്ക് വച്ച് നിറുത്തിയ കാര്യം പറഞ്ഞു കൊണ്ടായിരുന്നു തുടക്കം. \'ഉമ്മന്‍ചാണ്ടിക്കും അതേ ആര്‍ത്തിയോടെ അഴിമതിപ്പണം വെട്ടി വിഴുങ്ങുന്ന മന്ത്രിമാര്‍ക്കും ഇപ്പോള്‍ മതിയായിരിക്കുകയാണ്. നാലു വര്‍ഷം കൊണ്ട് വേണ്ടത് കിട്ടി. ഇനി ഒരു വര്‍ഷം കൂടി എങ്ങനെയെങ്കിലും തള്ളി നീക്കണം. അരുവിക്കര കൂടി മോശമായാല്‍ അവര്‍ ഫ്‌ളൈറ്റ് പിടിച്ച് എങ്ങോട്ടെങ്കിലും കടന്നു കളയുമോ... എന്തോ... \' വി.എസിന്റെ പ്രസിദ്ധമായ ആ നീട്ടിക്കുറുക്കല്‍ വന്നപ്പോള്‍ ജനം ആര്‍ത്തു ചിരിച്ചു.
ഉമ്മന്‍ചാണ്ടിയുടെ അനുയായികള്‍ ആരൊക്കെ? സരിതയും ജിക്കുമോനും സലീംരാജും. ഗണ്‍മാന്‍ എന്നാണ് പറയുന്നതെങ്കിലും ഞങ്ങള്‍ ഒന്ന് തിരുത്തി ഗണ്‍മോന്‍ എന്നാണ് പറയുന്നത്. ഗണമേനാണോ, ഗണ്‍മോനാണോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക എന്ന് വി.എസിന്റെ പരിഹാസം തുടര്‍ന്നപ്പോഴും ജനം ആര്‍ത്ത് കൈയടിച്ചു.
വി.എസ് പ്രസംഗം അവസാനിപ്പിച്ചതോടെ കെ.ബി. ഗണേശ് കുമാര്‍ തന്റെ പ്രസംഗം പുനരാരംഭിച്ചു. കൊടുങ്കാറ്റിന് ശേഷം ഇളംകാറ്റിന് പ്രസക്തി ഇല്ല എന്ന് പറഞ്ഞ് വി.എസിനെ പ്രശംസിക്കാനും ഗണേശ് മറന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















