പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ വിലപോയില്ല; വിഴിഞ്ഞം അദാനിക്കു നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം

വിഴിഞ്ഞം പദ്ധതിയില്‍ ഉറച്ച നിലപാടുമായി സര്‍ക്കാര്‍. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ കരാര്‍ അദാനി ഗ്രൂപ്പിന് തന്നെ നല്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് സര്‍ക്കാര്‍ തീരുമാനം.
അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലനില്‍ക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി ലഭിച്ച ശേഷം രണ്ടു ദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. കരാര്‍ അദാനി ഗ്രൂപ്പിന് തന്നെ നല്കാമെന്ന ഉന്നതാധികാര സമിതിയുടെ ശിപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു.
പദ്ധതി ഇനി വൈകിപ്പിക്കില്ലെന്നും എന്തു തടസമുണ്ടെങ്കിലും മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ അദാനിക്ക് കരാര്‍ നല്കുന്നതിനെ പ്രതിപക്ഷം എതിര്‍ത്തിരുന്നു. വിഴിഞ്ഞം അദാനിക്ക് തീറെഴുതാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആരോപിച്ചത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ വാദം തള്ളിയ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് നിയമസഭയിലും തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















