കരിപ്പൂര്‍ വിമാനത്താവളത്തില്‍ അതീവ സുരക്ഷാ മേഖലയില്‍ വെടിവെയ്പ്പ്, സംഘര്‍ഷത്തില്‍ ഒരുജവാന്‍ മരിച്ചു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അതീവ സുരക്ഷാ മേഖലയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ വെടിയേറ്റ് സി.ഐ.എസ്.എഫ് ജവാന്‍ മരിച്ചു. ജയ്പാല്‍ യാദവ് എന്ന സി.ഐ.എസ്.എഫ് ജവാനാണ് മരിച്ചത്. വെടിയേറ്റ രണ്ടുപേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. സി.ഐ.എസ്.എഫും എയര്‍പോര്‍ട്ട് അതോറിട്ടി ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് സംഭവം. ഇന്നലെ രാത്രി പത്തോടെയാണ് സംഭവമുണ്ടായത്. റണ്‍വേയില്‍ നിന്ന് നേരിട്ട് പുറത്തുകടക്കാവുന്ന വി.ഐ.പി ഗേറ്റിനടുത്ത് വച്ചാണ് സംഘര്‍ഷമുണ്ടായത്. എയര്‍പോര്‍ട്ട് അതോറിട്ടി ജീവനക്കാരെ പരിശോധന നടത്തി മാത്രമേ സി.ഐ.എസ്.എഫ്. വിമാനത്താവളത്തിനകത്തേക്ക് കയറ്റി വിടാറുള്ളൂ. ഇത് സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ നേരത്തെ തന്നെ വാക്കേറ്റങ്ങളും പ്രശ്‌നങ്ങളുമുണ്ടായിരുന്നു. എയര്‍പോര്‍ട്ട് അതോറിട്ടിക്ക് കീഴിലുളള ഫയര്‍ഫോഴ്‌സിന്റെ സീനിയര്‍ സൂപ്രണ്ട് സണ്ണിജോസഫ് ഇന്നലെ വിമാനത്താവളത്തിനകത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ പരിശോധനയ്ക്ക് സി.ഐ.എസ്.എഫ് തുനിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം.
ഇതിനെ തുടര്‍ന്നുള്ള വാക്കേറ്റത്തിലാണ് വെടിവയ്പ്പുണ്ടായത്. എന്നാല്‍ സി.ഐ.എസ്.എഫ് ജവാന് വെടിയേറ്റതെങ്ങനെയെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഇരുവിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് തടിച്ചുകൂടി സംഘര്‍ഷത്തിലേര്‍പ്പെടുകയായിരുന്നു. ഇതിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ജവാന്റെ തോക്ക് പിടിച്ച് വാങ്ങുന്നതിനിടെയാണ് വെടിപൊട്ടിയതെന്നാണ് ലഭിക്കുന്ന വിവരം. ഈ ഉദ്യോഗസ്ഥനെ സി.ഐ.എസ്.എഫുകാര്‍ മര്‍ദ്ദിക്കുകയും ബോധരഹിതനായ ഇയാളെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. മരിച്ച ജവാന്റെ മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലാണ്. മറ്റൊരു ജീവനക്കാരന്‍ കൂടി ഇവിടെ ചികിത്സയിലുണ്ട്.
സഹപ്രവര്‍ത്തകന് വെടിയേറ്റതിനെ തുടര്‍ന്ന് സി.ഐ.എസ്.എഫ് ജവാന്‍മാര്‍ ആക്രമാസക്തരായി. ഇവരെ ഭയന്ന് ഫയര്‍ഫോഴ്‌സ് വിഭാഗം രണ്ട് ഫയര്‍ഫോഴ്‌സ് വാഹനങ്ങളിലായി റണ്‍വേയിലേക്ക് കയറിയിരിക്കുകയാണ്. ഇതുമൂലം രണ്ട് വിമാനങ്ങള്‍ക്ക് വിമാനത്താവളത്തിലിറങ്ങാനായിട്ടില്ല.
മുതിര്‍ന്ന ഉദ്യോഗസ്ഥരോട് സംഭവസ്ഥലത്തെത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശിച്ചിട്ടുണ്ട്.വിമാനത്താവളത്തില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. സ്ഥിതി നിയന്ത്രിക്കാന്‍ ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ നിന്ന് പൊലീസുകാരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. മലപ്പുറം എസ്.പിയുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം സ്ഥലത്തുണ്ട്. സഹപ്രവര്‍ത്തകന്റെ മരണത്തില്‍ രോഷാകുലരായ സി.ഐ,എസ്.എഫ് ജവാന്‍മാര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത അവസ്ഥയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















