പുതിയ നിര്‍ദ്ദേശവുമായി വനിതാ കമ്മീഷന്‍, വിവാഹം കഴിക്കണമെങ്കില്‍ വധുവരന്‍മാര്‍ സ്വത്ത് വെളിപ്പെടുത്തണം

വിവാഹവേളകളിലെ ധൂര്‍ത്ത് അമിതമാകുന്ന സാഹചര്യത്തില്‍ വിവാഹം കഴിക്കുന്ന വധുവരന്‍മാര്‍ സ്വത്ത് വെളിപ്പെടുത്തണമെന്ന് സംസ്ഥാന വനിത കമ്മീഷന്‍. വര്‍ധിച്ചുവരുന്ന ആഡംബര വിവാഹങ്ങളും തുടര്‍ന്ന് വരുന്ന പ്രശ്‌നങ്ങളും പരിഗണിച്ചാണ് പുതിയ നീക്കം. സംസ്ഥാന വനിതാ കമ്മീഷനാണ് ഈ നീക്കവുമായി മുന്നോട്ട് പോകുന്നത്. സ്വത്ത് വെളിപ്പെടുത്തുന്നതിലൂടെ വിവാഹ ചടങ്ങുകളിലെ കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനാകുമെന്നും വനിതാകമ്മീഷന്‍ പറയുന്നു. വിവാഹിതരാകുന്ന സ്ത്രീയും പുരുഷനും സ്വത്തുവിവരം വെളിപ്പെടുത്തണമെന്ന നിയമമുണ്ടാകണമെന്ന് വനിതാ കമ്മീഷന്‍ വ്യക്തമാക്കി. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് കണ്ണൂരില്‍ നടന്ന മെഗാ അദാലത്തില്‍ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു. വിവാഹവേളകളിലെ ധൂര്‍ത്ത് അമിതമാകുന്ന സാഹചര്യം പരിഗണിച്ചാണ് കമ്മീഷന്‍ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുന്നത്. വധുവിനെ ഒരു മൊബൈല്‍ ജൂവലറിപോലെ ഒരുക്കിനടത്തുന്ന പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും കമ്മീഷന്‍ അംഗം വ്യക്തമാക്കി.
അതുകൊണ്ടാണ് പത്തുപവനില്‍ കൂടുതല്‍ സ്വര്‍ണമണിയുന്നത് തടയാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. വിവാഹച്ചടങ്ങുകള്‍ ആഡംബരപൂര്‍ണമാകണമെന്ന കീഴ്‌വഴക്കം ഇല്ലാതാകുന്നത് ഒരുപാട് കുടുംബങ്ങള്‍ക്ക് ആശ്വാസം പകരും. ക്ഷണക്കത്ത് മുതല്‍ തുടങ്ങുന്ന ആഡംബരം, ആളുകളുടെ ബാഹുല്യം, ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള ചടങ്ങുകള്‍ എന്നിവ മാറണം. ഇങ്ങനെ ആര്‍ഭാടമായി നടത്തുന്ന വിവാഹങ്ങളില്‍ വൈകാതെ ബന്ധം വേര്‍പെടുത്തുന്ന പ്രവണതയും കൂടുതലാണ്. വനിതാ കമ്മീഷന്‍ നടത്തുന്ന വിവാഹപൂര്‍വ കൗണ്‍സലിങ്ങിന് മികച്ച പങ്കാളിത്തമാണ് ഉണ്ടാകുന്നതെന്ന് അവര്‍ പറഞ്ഞു.
കല്ല്യാണങ്ങളിലെ ധൂര്‍ത്ത് കുറയ്ക്കാന്‍ പല നടപടികളും കമ്മീഷന്‍ എടുത്തിട്ടുണ്ട്. ഇതൊക്കെ പൂര്‍ണ്ണമായും ലക്ഷ്യം കണ്ടില്ല. കോടികള്‍ പൊടിക്കുന്ന കല്ല്യാണങ്ങളും സ്ത്രീധനവുമെല്ലാം ഇപ്പോഴും സജീവം. ഈ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ക്കുള്ള നീക്കം. പുതിയ നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കും. അതിന് ശേഷം സര്‍ക്കാരാകും നിയമനിര്‍മ്മാണത്തില്‍ തീരുമാനം എടുക്കുക. സ്വത്ത് വെളിപ്പെടുത്തുകയെന്നത് സാധാരണക്കാരുടെ എതിര്‍പ്പിന് കാരണമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















