ആദ്യഘട്ട ജോലികള്‍ കഴിഞ്ഞു; വീണ്ടും ഐഎന്‍എസ് വിക്രാന്ത് നീരണിഞ്ഞു

ആദ്യത്തെ ഇന്ത്യന്‍ നിര്‍മിത വിമാനവാഹിനിയായ ഐഎന്‍എസ് വിക്രാന്തിന്റെ ആദ്യഘട്ട നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായതോടെ കൊച്ചി കപ്പല്‍ശാലയിലെ ഡ്രൈഡോക്കില്‍ നിന്നു ഉച്ചയ്ക്കു രണ്ടുമണിയോടെ കൊച്ചിക്കായലിന്റെ ഓളങ്ങളിലേക്ക് ഇറങ്ങി.
2009 ഫെബ്രുവരി 28നാണ് കപ്പലിന്റെ നിര്‍മാണം ആരംഭിച്ചത്. 2013 ഓഗസ്റ്റ് 12നാണ് ഔദ്യോഗിക ലോഞ്ചിങ് നടത്തിയത്. ജലാന്തര സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഘടനാ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി അന്ന്്് പിന്നീട് ഡോക്കിലേക്കു മാറ്റിയിരുന്നു. ഇതു പൂര്‍ത്തിയാക്കിയതോടെയാണു വിക്രാന്തിനെ വീണ്ടും നീറ്റിലിറക്കിയത്. കപ്പലിന്റെ രണ്ടാംഘട്ട ജോലികള്‍ വൈകാതെ ആരംഭിക്കും. കപ്പലിന്റെ ബാഹ്യരൂപമാണ് പൂര്‍ത്തിയായത്. കപ്പലിനുള്ളിലെ സജ്ജീകരണങ്ങളും വെള്ളത്തിലെ സഞ്ചാരത്തിനുള്‍പ്പെടെയുള്ള സംവിധാനങ്ങളുമെല്ലാം രണ്ടാംഘട്ടത്തിലാണ് ഒരുക്കുക.
ഇതിനു ശേഷമാണു മൂന്നാം ഘട്ടത്തില്‍ കടലിലെ പരീക്ഷണങ്ങള്‍ക്കു വേണ്ടി കപ്പല്‍ മാറ്റുക. 2017 ല്‍ കടലിലെ പരീക്ഷണ സഞ്ചാരത്തിനു കപ്പല്‍ തയാറാകുമെന്നാണു പ്രതീക്ഷ. 2018 ല്‍ നാവികസേനയ്ക്കു കൈമാറുമെന്നുമാണു നിലവിലുള്ള സൂചന. ഏതാനും ദിവസമായി കപ്പല്‍ നീറ്റിലിറക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നെങ്കിലും പല കാരണങ്ങളാല്‍ മാറ്റിവച്ചു. ഇന്നലെ രണ്ടു മണിയോടെയാണു പോര്‍ട് ട്രസ്റ്റിന്റെ ടഗ്ഗുകള്‍ വിക്രാന്തിനെ ഡോക്കില്‍ നിന്നു വലിച്ചു പുറത്തേക്കെത്തിച്ചത്. 260 മീറ്റര്‍ നീളമുള്ള കപ്പലില്‍ 2300 മുറികളും അറകളുമാണുള്ളത്. 1450 നാവികര്‍ക്കു ജീവിക്കാനുള്ള സൗകര്യം ഇതിലുണ്ട്. മണിക്കൂറില്‍ 28 നോട്‌സ് (ഏകദേശം 50 കി.മീ) വേഗമുണ്ടാകും. കപ്പലിനു വേണ്ടി വലിയ ഉരുക്കു പാളികള്‍ അളന്നുമുറിച്ചു തുടങ്ങിയത് 2005ലാണ്.
യുഎസ്, റഷ്യ, ഫ്രാന്‍സ്, യുകെ എന്നിവര്‍ മാത്രമാണു വലിയ വിമാനവാഹിനി കപ്പലുകള്‍ മുന്‍പു നിര്‍മിച്ചിട്ടുള്ളത്. ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലായ വിക്രാന്തും രണ്ടാമത്തേതായ വിരാടും ബ്രിട്ടനില്‍ നിന്നു വാങ്ങിയതാണ്. റഷ്യയില്‍ നിന്നു സ്വന്തമാക്കിയ ഐഎന്‍എസ് വിക്രാമാദിത്യ കഴിഞ്ഞ വര്‍ഷമാണ് നാവികസേനയുടെ ഭാഗമായത്. വിക്രമാദിത്യയും വിരാടുമാണ് ഇപ്പോള്‍ ഇന്ത്യന്‍ നാവികസേന ഉപയോഗിക്കുന്നത്. അടുത്ത വര്‍ഷത്തോടെ ഐഎന്‍എസ് വിരാട് സേവനത്തില്‍ നിന്നു വിടവാങ്ങുമെന്നാണു നാവിക സേനാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















