വരുമ്പോള്‍ മലപോലെ... മകന്‍ ബിനോയ് കോടിയേരി ജയിലിലാണ് മറ്റൊരു മകന്‍ കേസില്‍പ്പെട്ട് കഴിയുന്നു; അതിന് പിന്നാലെ ഭാര്യയെ വട്ടം ചുറ്റിച്ച് കസ്റ്റംസിന്റെ ഐ ഫോണ്‍ വിവാദവും; കൂട്ടക്കുരുക്കില്‍ നട്ടം തിരിഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍; കോടിയേരിയുടെ ഭാര്യക്കെതിരെയുള്ള ഫോണ്‍ വിവാദവും രാഷ്ട്രീയ ആയുധമാകുമ്പോള്‍

ഒരിടവേളയ്ക്ക് ശേഷം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണം മുറുക്കിയപ്പോള്‍ വെട്ടിലായത് യഥാര്‍ത്ഥത്തില്‍ കോടിയേരി ബാലകൃഷ്ണനാണ്. ഐ ഫോണ്‍ വിവാദത്തില്‍ രമേശ് ചെന്നിത്തലയെ കളിയാക്കി വെല്ലുവിളിച്ച കോടിയേരി സ്വന്തം ഭാര്യയ്‌ക്കെതിരെ കസ്റ്റംസ് നീങ്ങിയതോടെ പെട്ടു പോയിരിക്കുകയാണ്.
മകന്‍ ബിനീഷ് കോടിയേരി ജയിലിലാണ്. ബിനോയ് കോടിയേരിക്കെതിരായി ബീഹാര്‍ യുവതി നല്‍കിയ കേസ് എപ്പോള്‍ വേണമോ ഉയര്‍ന്നുവരാം. അതിന് പിന്നാലെയാണ് ഭാര്യ വിനോദിനിയെ ചോദ്യം ചെയ്യാന്‍ വിളിക്കുന്നത്. എന്തായാലും കടുപ്പം തന്നെ.
ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും പങ്കുണ്ടെന്ന് കസ്റ്റംസ് വെള്ളിയാഴ്ച ഹൈക്കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.
ഇന്നലെയാകട്ടെ ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട ഐ ഫോണ്‍ വിവാദത്തില്‍ സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ ചോദ്യം ചെയ്യാന്‍ കൂടി വിളിച്ചതോടെ പാര്‍ട്ടിയെ ഏറെ സമ്മര്‍ദത്തിലാക്കി. കോടിയേരിക്ക് വ്യക്തിപരമായി നാണക്കേടുമായി. ഒരു കുടുംബം ആകെ പലപല കേസുകളില്‍ അന്വേഷണം നേടിടുകയെന്നുവച്ചാല്‍. 10ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയത്.
സ്വര്‍ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിന് ലൈഫ് മിഷന്‍ ഇടപാടില്‍ ലഭിച്ച ആറ് ഐ ഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 1.13 ലക്ഷം രൂപയുടെ ഈ ഫോണാണ് ഏറ്റവും വിലയേറിയത്.
ഫോണിന്റെ ഐ.എം.ഇ.ഐ നമ്പര്‍ പ്രകാരം നടത്തിയ പരിശോധനയില്‍ ഇതില്‍ ആദ്യം ഉപയോഗിച്ചത് വിനോദിനിയുടെ പേരിലുള്ള സിം ആണെന്ന് കണ്ടെത്തി. സ്വര്‍ണക്കടത്ത് വിവാദമായതോടെ ഫോണ്‍ സ്വിച്ച് ഓഫായി. ഒരിടവേളയ്ക്ക് ശേഷം മറ്റു സിമ്മുകളും ഇതില്‍ ഉപയോഗിച്ചെന്നും കസ്റ്റംസ് സൂചിപ്പിക്കുന്നു. ഈ ഫോണില്‍ വിനോദിനി ചെന്നൈയിലെ വിസ സ്റ്റാമ്പിംഗ് സ്ഥാപനത്തിന്റെ മേധാവിയെ വിളിച്ചെന്നും കസ്റ്റംസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ഇതും ആരായും.
ഐ ഫോണ്‍ ലഭിച്ചതെങ്ങനെ, സ്വീകരിക്കാനുള്ള കാരണം, സംശയാസ്പദമായ വിളികള്‍, ഫോണ്‍ മറ്റാരെങ്കിലുമാണോ ഉപയോഗിച്ചത്, പിന്നീട് ഫോണ്‍ ആര്‍ക്ക് കൈമാറി, ഇവരുമായുള്ള ബന്ധം എന്നിവയാണ് വിനോദിനി വിശദീകരിക്കേണ്ടത്.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാര്‍ കിട്ടാനുള്ള കമ്മിഷനായി യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് നല്‍കിയതാണ് ആറ് ഐ ഫോണുകളാണ്. യു.എ.ഇ.കോണ്‍സുലേറ്റ് ജനറല്‍ അല്‍ സാബിക്കാണ് സ്വപ്ന ഫോണുകള്‍ കൈമാറിയത്. ഇതിലൊന്ന് എങ്ങനെ കോടിയേരിയുടെ ഭാര്യയുടെ പക്കല്‍ എത്തിയെന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. മറ്റ് അഞ്ച് ഫോണുകളുടെ വിവരങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു.
ഇതിലൊന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പക്കലാണെന്ന് സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത് വിവാദമായി. പിന്നീട് ഈ വാദം ഈപ്പന്‍ പിന്‍വലിച്ചു. വിലകൂടിയ ഫോണ്‍ രമേശ് ചെന്നിത്തലയുടെ കൈയിലാണെന്ന് സി.പി.എമ്മും ആരോപിച്ചിരുന്നു. അതിപ്പോള്‍ തിരിഞ്ഞു കൊത്തുകയാണ്.
അതേസമയം അഭിഭാഷകയ്ക്കും നോട്ടീസയച്ചു. ഡോളര്‍ കടത്ത് കേസില്‍ തിരുവനന്തപുരം സ്വദേശി അഡ്വ. ദിവ്യയോട് മാര്‍ച്ച് എട്ടിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കി. ഫോണ്‍ കോള്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. സ്വര്‍ണക്കടത്ത് കേസിലും ഇവരുടെ ഇടപെടല്‍ പരിശോധിക്കുന്നുണ്ട്. പാസ്‌പോര്‍ട്ടും ബാങ്ക് രേഖകളും ഹാജരാക്കണം. സ്വര്‍ണക്കടത്ത് പ്രതികള്‍ അഭിഭാഷകയുമായി ബന്ധപ്പെട്ടു എന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.
ഡോളര്‍ കടത്ത് കേസില്‍ സി.പി.എം കസ്റ്റംസ് പരസ്യപോരിലേക്കും കടന്നു. ഇന്നലെ കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച് തുടങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് ഇതിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ രംഗത്തെത്തി.
ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നു. അത് വിലപ്പോകില്ല എന്നായിരുന്നു സുമിത് കുമാറിന്റെ കുറിപ്പ്. എല്‍.ഡി.എഫിന്റെ കസ്റ്റംസ് ഓഫീസ് മാര്‍ച്ചിന്റെ പോസ്റ്ററുകളും പത്രകട്ടിംഗുകളും പങ്കുവച്ചായിരുന്നു പോസ്റ്റ്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയുണ്ടെന്ന് ആരോപിച്ച് കമ്മിഷണര്‍ സുമിത് കുമാര്‍ ഇന്നലെ ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് അഭിമുഖവും നല്‍കി. ഇങ്ങനെ കാര്യങ്ങള്‍ കുഴഞ്ഞ് മറിയുമ്പോഴും കോടിയേരിയുടെ ഉള്ളില്‍ തീയാണ്.
"
https://www.facebook.com/Malayalivartha






















