എന്താകുമോ എന്തോ... എന്തൊക്കെ പയറ്റിയിട്ടും തദ്ദേശ തെരഞ്ഞെടുപ്പില്‍ പൊട്ടാതെ പോയ ബോബുകള്‍ കസ്റ്റംസ് പൊട്ടിച്ചതോടെ എങ്ങും ഒരു ആകാംക്ഷ; തുടര്‍ഭരണം പ്രതീക്ഷിച്ച് കുതിച്ച എല്‍ഡിഎഫിനെ വെട്ടിലാക്കി കസ്റ്റംസ് രംഗത്തെത്തി; കസ്റ്റംസിനെ തുറന്നുകാട്ടാനുറച്ച് എല്‍ഡിഎഫും രംഗത്തെത്തി; എങ്ങനേയും ഉയര്‍ത്തെഴുന്നേല്‍ക്കാനുറച്ച് സിപിഎം

ചാനലുകളായ ചാനലുകളെല്ലാം തുടര്‍ഭരണം പ്രവചിച്ചാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായായി വരുന്നതിനിടെ കടുത്ത പ്രഹരമാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ സമ്മാനിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏശാതെ പോയ സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ വിവാദങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പുതിയ മാനങ്ങളിലേക്ക് വളര്‍ത്തി കുരുക്ക് മുറുക്കുന്നത് ഇടതു നേതൃത്വത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി. ഇതു മറികടക്കാന്‍, തുടര്‍ഭരണം തടയാനുള്ള വിലകുറഞ്ഞ രാഷ്ട്രീയമാരോപിച്ച് അവര്‍ പ്രത്യാക്രമണവും ആരംഭിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടത്തില്‍ തന്നെ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു.
ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ ആക്ഷേപവുമായി കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന് പിന്നാലെ, ഇന്നലെ പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യക്കെതിരെ ഉയര്‍ന്ന ഐ ഫോണ്‍ ആരോപണമാണ് സി.പി.എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയത്.
സത്യവാങ്മൂല വിവാദം, തെരഞ്ഞെടുപ്പ് ലാക്കാക്കി കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയക്കളിയായാണ് സി.പി.എം വിലയിരുത്തുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതിയുടേതായി മൂന്ന് മാസം മുമ്പ് നല്‍കപ്പെട്ട രഹസ്യമൊഴിയില്‍ ഇക്കാലയളവില്‍ യാതൊരു തുടര്‍നടപടികളും എടുക്കാതെ ഇപ്പോള്‍ പൊടുന്നനെ അതെടുത്തിട്ടതില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്നാണ് ആരോപണം.
അതിനെ ശക്തമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ കസ്റ്റംസ് ഓഫീസുകളിലേക്ക് ഇടതുമുന്നണി മാര്‍ച്ച് നടത്തിയത്. സി.പി.എം, സി.പി.ഐ നേതൃത്വങ്ങള്‍ കസ്റ്റംസിനെ കടന്നാക്രമിക്കുകയും ചെയ്തു. ഇടതു മുന്നണിയുടെ ആ പ്രതിരോധത്തിന് തടയിടുന്ന പ്രത്യാക്രമണമാണ് ഇന്നലെ ഐ ഫോണ്‍ വിവാദത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലൂടെ കസ്റ്റംസ് നടത്തിയത്.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാറുകാരന്‍ നല്‍കിയ ഐ ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് വിനോദിനിയെ ചോദ്യം ചെയ്യുന്നത്. ഇത് ഇടതുകേന്ദ്രങ്ങള്‍ പ്രതീക്ഷിച്ചതല്ല. കിഫ്ബിക്കെതിരായ ഇ.ഡി അന്വേഷണവും കസ്റ്റംസ് സത്യവാങ്മൂലവും വ്യാജസൃഷ്ടിയെന്ന് ആരോപിച്ച് തടയിടാമെങ്കില്‍, ഇതങ്ങനെയാവില്ല. ഡിജിറ്റല്‍ തെളിവാണ് കസ്റ്റംസ് കൊണ്ടുവന്നത്. ഇതില്‍ അന്വേഷണവും തെളിവെടുപ്പും മുറുക്കിയാല്‍ പാര്‍ട്ടി വലിയ സമ്മര്‍ദ്ദത്തിലാവും.
ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് ഇന്ധനമേകുന്നതാണ് അന്വേഷണ ഏജന്‍സികളുടെ നീക്കങ്ങളെന്ന് സി.പി.എം സംശയിക്കുന്നു. യു.ഡി.എഫ് അതിന് ഒത്താശ ചെയ്യുന്നുവെന്നാരോപിച്ച് പ്രചാരണം ശക്തമാക്കാനാണവരുടെ നീക്കം. എങ്കിലും കേന്ദ്ര ഏജന്‍സികളുടെ കരുനീക്കങ്ങള്‍ വരും ദിവസങ്ങളില്‍ പല മാനങ്ങള്‍ കൈവരിക്കാമെന്നത്, തിരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണിയെ വല്ലാതെ സമ്മര്‍ദ്ദത്തിലാക്കും.
കിഫ്ബിക്കെതിരായ ഇ.ഡി കേസും സ്വപ്നയുടെ രഹസ്യമൊഴി ആസ്പദമാക്കിയുള്ള കസ്റ്റംസ് സത്യവാങ്മൂലവും ഇപ്പോള്‍ ഇറക്കിയതില്‍ രാഷ്ട്രീയക്കളി തിരിച്ചാരോപിക്കുകയാണ് യു.ഡി.എഫും. ഇടതുപക്ഷത്തിന് ഈ വിഷയങ്ങള്‍ പ്രചാരണായുധമാക്കാന്‍ ബി.ജെ.പി ചെയ്യുന്ന ഒത്താശയെന്നാണവരുടെ വ്യാഖ്യാനം. എങ്കിലും ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആക്ഷേപം തിരഞ്ഞെടുപ്പില്‍ ശക്തമായ ആയുധമാക്കാമെന്നും കണക്കുകൂട്ടുന്നു.
എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ബാധിക്കാത്ത ഈ വിവാദങ്ങള്‍ ഇപ്പോള്‍ കടുപ്പിക്കുന്നത് സി.പി.എമ്മിനും മുഖ്യമന്ത്രിക്കും രക്തസാക്ഷി പരിവേഷം നല്‍കുമോയെന്ന തോന്നലും യു.ഡി.എഫിനുണ്ട്.
"
https://www.facebook.com/Malayalivartha






















