എന്റെ അയ്യന്‍ വീണ്ടും... ശോഭ സുരേന്ദ്രന്‍ കഴുക്കൂട്ടത്ത് വന്നതോടെ ആശംസയുമായി സുരേഷ് ഗോപി; അസുര നിഗ്രഹത്തിനായി മാളികപ്പുറമിറങ്ങി എന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ചൂടുപിടിക്കുന്നു; എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കൈകളിലേക്ക് എത്തും; വൃത്തികെട്ട രാഷ്ട്രീയക്കാരുടെ കൈകളിലേക്ക് ക്ഷേത്രഭരണം എത്തുകയില്ല

സുരേഷ് ഗോപി തൃശൂരിലെ സ്ഥാനാര്‍ത്ഥിയായതോടെ വീണ്ടും കളം നിറയുകയാണ്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച ശേഷം കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെ 'മാളികപ്പുറം' എന്ന് വിശേഷിപ്പിച്ച് നടനും എംപിയും തൃശൂരിലെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപ്പുറമിറങ്ങിയ ആളാണ് ശോഭാ സുരേന്ദ്രനെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.
എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കൈകളിലേക്ക് എത്തുമെന്നും 'വൃത്തികെട്ട' രാഷ്ട്രീയക്കാരുടെ കൈകളിലേക്ക് ക്ഷേത്രഭരണം എത്തുകയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ശബരിമലയ്ക്കായി പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്രനേതാക്കള്‍ ആരംഭിച്ച് കഴിഞ്ഞുവെന്നും സുരേഷ് ഗോപി പറയുന്നു.
ഹെലികോപ്ടറില്‍ എത്തിയാണ് എംപി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ഒപ്പം ബൈക്ക് റാലിയും നടന് അകമ്പടിയായി ഉണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ സാധിക്കുകയില്ലെന്ന് നേരത്തെ സുരേഷ് ഗോപി പറഞ്ഞിരുന്നു. ഒരു മണ്ഡലത്തിലും ആര്‍ക്കും വിജയിക്കുമെന്ന് ഉറപ്പ് പറയാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന
അതേസമയം സുരേഷ് ഗോപിയുടെ കൈവശമുള്ളത് 40,000 രൂപയെന്നാണ് സത്യവാങ് മൂലം. 68 ലക്ഷം രൂപയുടെ ബാദ്ധ്യതയുണ്ട്. ഭാര്യ രാധിക സുരേഷിന്റെ കൈവശം 25,000 രൂപയുണ്ട്. സുരേഷ് ഗോപിക്ക് മാത്രം വിവിധ ബാങ്ക് അക്കൗണ്ടുകളിലായി ഏകദേശം 10 ലക്ഷം രൂപയിലധികം നിക്ഷേപമുണ്ട്.
3,000 ഗ്രാമിന്റെ സ്വര്‍ണാഭരണങ്ങളുമുണ്ട്. ഭാര്യയുടെ കൈവശം 1000 ഗ്രാം സ്വര്‍ണാഭരണവും. ആകെ സ്വത്തുക്കളുടെ മൂല്യം 2.16 കോടി വരും. പത്രിക നല്‍കാനായി ഹെലികോപ്ടറിലാണ് എത്തിയത്.
ഹെലികോപ്റ്ററില്‍ പറന്നിറങ്ങി നൂറ് കണക്കിന് പ്രവര്‍ത്തകരുടെ ആവേശം ഏറ്റുവാങ്ങി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് സുരേഷ് ഗോപി എം.പി വിശ്രമത്തിനായി കൊച്ചിയിലേക്ക് മടങ്ങി പോയി. ഇനി, ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള വിശ്രമത്തിന് ശേഷം 24ന് പ്രചാരണത്തിനെത്തും
ഇന്നലെ രാവിലെ പതിനൊന്നോടെ, ശോഭാ സിറ്റിയിലെ ഹെലിപാഡില്‍ ഭാര്യ രാധികയ്‌ക്കൊപ്പം വന്നിറങ്ങിയ അദ്ദേഹത്തെ നടന്‍ ദേവനും ജില്ലാ നേതാക്കളും സ്വീകരിച്ചു. തുടര്‍ന്ന് കാറില്‍ അയ്യന്തോളിലെ കളക്ടറേറ്റിലേക്ക് പത്രിക നല്‍കാന്‍ തിരിച്ചു. പുഴയ്ക്കലില്‍ കാത്തുനിന്ന അണികളുടെ മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെ, കൈവീശിക്കാട്ടി ബൈക്ക് റാലിയുടെ അകമ്പടിയോടെ അദ്ദേഹം കളക്ടറേറ്റിലെത്തി. ആര്‍.ഡി.ഒ എന്‍.കെ കൃപയ്ക്ക് പത്രിക സമര്‍പ്പിക്കുമ്പോള്‍ സമയം 12.15. ഗുരുവായൂരപ്പന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തായിരുന്നു സമര്‍പ്പണം.
ആര്‍.ഡി.ഒയുടെ ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കളക്ടറേറ്റിലെ ജീവനക്കാരും മാദ്ധ്യമപ്രവര്‍ത്തകരും കാത്തുനില്‍പ്പുണ്ടായിരുന്നു. അഞ്ചു മിനിറ്റ് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി പുറത്തിറങ്ങുമ്പോള്‍, മൊബൈല്‍ കാമറകള്‍ തുടരെ മിന്നി. കളക്ടറേറ്റിന് മുന്നില്‍ പ്രവര്‍ത്തകര്‍ പൂമാല അണിയിച്ചു.
എല്ലാവരെയും കൈവീശിക്കാട്ടി അഭിവാദ്യം അര്‍പ്പിക്കുമ്പോള്‍, പ്രവര്‍ത്തകര്‍ 'ഭാരത് മാതാ കീ ജയ് , സുരേഷ് ഗോപി കീ ജയ് ' വിളിച്ച് ആവേശഭരിതരായി. തിക്കും തിരക്കും കാരണം കാറിനുള്ളില്‍ കയറിപ്പറ്റാന്‍ പോലും ഏറെ പ്രയാസപ്പെട്ടു. കസവുമുണ്ടും ശ്രീകൃഷ്ണന്റ ചിത്രം ആലേഖനം ചെയ്ത വെളുത്ത ഷര്‍ട്ടും ധരിച്ചെത്തിയ അദ്ദേഹത്തിനൊപ്പം സെല്‍ഫിയെടുക്കാനും പ്രവര്‍ത്തകര്‍ തിരക്കുകൂട്ടി. തിരിച്ച് ശോഭാസിറ്റിയിലെത്തി വിശ്രമിച്ചശേഷം ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് പോയി.
ബി.ജെ.പി എ കഌസായി പരിഗണിച്ച് വിജയസാദ്ധ്യത കല്‍പ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ വോട്ട് വര്‍ദ്ധനയും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റവും ബി.ജെ.പിയുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്.
സുരേഷ് ഗോപി മത്സരിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയോജക മണ്ഡലത്തില്‍ രണ്ടാമതെത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു. താരപരിവേഷവും തൃശൂര്‍ കേന്ദ്രീകരിച്ച് നടത്തിയ സേവന പ്രവര്‍ത്തനങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
https://www.facebook.com/Malayalivartha


























