വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും. കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുമരകം സ്വദേശിയായ 35 കാരനിലാണ് ഹൃദയം നൽകിയത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 2.15ന് ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്ടറിൽ പുറപ്പെട്ട ഹൃദയം 2.55ന് കോട്ടയം പൊലീസ് ഗ്രൗണ്ടിൽ എത്തിച്ചു.
അവിടെനിന്ന് റോഡ് മാർഗം മിനിറ്റുകൾക്കുള്ളിൽ 3.04ന് ഹൃദയം കോട്ടയം മെഡിക്കൽ കോളേജിലെത്തിക്കുകയും ചെയ്തു. തിരുവനന്തപുരം ആനയറ ഒരുവാതിൽ കോട്ടയിൽ മുഖക്കാട് വീട്ടിലെ എസ്.കൃഷ്ണലാലിന്റെ(33) ഹൃദയം ഉൾപ്പടെയുള്ള ആറ് അവയവങ്ങളാണ് ദാനം ചെയ്തത്.
ഹൃദയം കൂടാതെ രണ്ട് വൃക്ക,കരൾ,രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെയും ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലേയും രണ്ട് നേത്ര പടലങ്ങൾ തിരുവനന്തപുരം റീജിയണൽ ഒഫ്ത്താൽ മോളോജിയിലെയും രോഗികൾക്കുമാണ് നൽകിയത്.
വെൽഡിംഗ് തൊഴിലാളിയായ കൃഷ്ണലാൽ ഏപ്രിൽ 1ന് രാത്രി ഒൻപതോടെ സൈക്കിളിൽ കടയിലേക്ക് സാധനങ്ങൾ വാങ്ങാനായി പോകുന്നതിനിടെ ഒരുവാതിൽ കോട്ട എസ് വളവിന് സമീപമുളള കൃഷിഭവന് മുന്നിലാണ് കാർ ഇടിച്ച് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കൃഷ്ണലാലിനെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 4ന് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു. കെസോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടികൾ ഏകോപിപ്പിച്ചത്. മദ്യപിച്ച് കാറോടിച്ച പ്രതി പ്രശാന്തിനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്തിരുന്നു. അച്ഛൻ: സുരേഷ് കുമാർ, അമ്മ: പരേതയായ മഹിള, രണ്ട് സഹോദരിമാരുണ്ട്.
"
https://www.facebook.com/Malayalivartha


























