ഫ്‌ലാറ്റിലെ മൂന്നാം നിലയില്‍ നിന്ന് കൈക്കുഞ്ഞിനൊപ്പം വീണ യുവതിക്ക് ദാരുണാന്ത്യം.... കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു, കുഞ്ഞിനെ കളിപ്പിക്കുന്നതിനായി ടെറസില്‍ കയറിയതായിരുന്നു നിമയെന്ന് കണ്ണീരോടെ ബന്ധുക്കള്‍

മൂന്നുനില ഫ്‌ലാറ്റിന്റെ ടെറസില്‍ നിന്നു കൈക്കുഞ്ഞിനൊപ്പം വീണ് യുവതി മരണമടഞ്ഞു. ആറ് മാസം പ്രായമുള്ള കുഞ്ഞ് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇടവ സ്വദേശികളായ മുക്താറിന്റെയും സീനത്തിന്റെയും മകളും ദുബായില്‍ ജോലി ചെയ്യുന്ന അബുഫാസലിന്റെ ഭാര്യയുമായ നിമയാണ് (25) ദാരുണമായി മരിച്ചത്. മകള്‍ നിഫയാണ് രക്ഷപ്പെട്ടത്. തെര്‍മോകോളും പഴയ തുണികളും കൂട്ടിയിട്ടിരുന്നതിനു മുകളിലേക്കാണ് കുഞ്ഞ് വീണത്. നെറ്റിയില്‍ ചെറിയ പരിക്കേയുള്ളൂ.
ഇടവ മദ്രസമുക്കില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനു സമീപത്തെ നൂല്‍ജലാല്‍ റെസിഡന്‍സിയില്‍ നിന്നാണ് യുവതിയും കുഞ്ഞും വീണത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത്.
നിമയുടെ പിതാവ് മുക്താര്‍ ഖത്തറിലാണ്. അമ്മ സീനത്ത് സഹോദരിമാരായ സുല്‍ത്താന, റിസ്വാന എന്നിവര്‍ക്കൊപ്പം മൂന്നു മാസമായി നിമ ഇവിടെ താമസിക്കുകയായിരുന്നു. ഇടവ പ്രസ് മുക്കിന് സമീപം അഷീര്‍ മന്‍സില്‍ വിറ്റശേഷമാണ് ഇവിടേക്ക് മാറിയത്. മൂന്നാം നിലയിലാണ് ഇവരുടെ ഫ്‌ളാറ്റ്. കുഞ്ഞിനെ കളിപ്പിക്കുന്നതിനായി ടെറസില്‍ കയറിയതായിരുന്നു നിമയെന്ന് ബന്ധുക്കള്‍ പറഞ്ഞു.
രണ്ട് കെട്ടിടങ്ങള്‍ക്കിടയിലൂടെ താഴേക്ക് വീണ യുവതിയുടെ തല സണ്‍ഷേഡിലിടിച്ച് ഗുരുതരമായി പരിക്കേറ്റു.
നിലവിളികേട്ട് ഓടിയെത്തിയ അമ്മയും അടുത്ത കടകളിലെ ജീവനക്കാരും ചേര്‍ന്ന് ഇരുവരെയും വര്‍ക്കല സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നിമയെ രക്ഷിക്കാനായില്ല. നിമയുടെ തലയില്‍ ആറു പൊട്ടലുകള്‍ ഉണ്ടായിരുന്നെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
നിമയുടെ സഹോദരി സുല്‍ത്താനയും സംഭവസമയം ഫ്‌ലാറ്റിലുണ്ടായിരുന്നു. അയിരൂര്‍ പൊലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തു.
"
https://www.facebook.com/Malayalivartha


























