പ്രതിഷേധം, കാലുമാറ്റം, സഹതാപം; കോവളത്തെ പ്രവചനാതീതമാക്കുന്ന ഘടകങ്ങള്‍
കേരളത്തിന്റെ വികസനത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ഒഴിവാക്കാന്‍ സാധിക്കാത്ത പ്രധാന വിഷയമാണ് വിഴിഞ്ഞം തുറമുഖം. ഈ തുറമുഖം ഉള്‍ക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് കോവളം. അതുകൊണ്ടു തന്നെ കോവളം മണ്ഡലത്തിലെ പ്രധാന ചര്‍ച്ച വിഷയം വിഴിഞ്ഞം തന്നെയാണ്. തിരുവനന്തപുരം താലൂക്കിലെ കല്ലിയൂര്‍ ഗ്രാമപഞ്ചായത്തും നെയ്യാറ്റിന്‍കര താലൂക്കില്‍ ഉള്‍പ്പെട്ട ബാലരാമപുരം, കാഞ്ഞിരംകുളം, കരിങ്കുളം, പൂവ്വാര്‍, വിഴിഞ്ഞം എന്നീ ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്ന നിയമസഭാ മണ്ഡലമാണ് കോവളം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വികസനത്തിനേക്കാള്‍ കോവളം മണ്ഡലത്തിന്റെ വിജയത്തെ സ്വാധീനിക്കുന്നത് മറ്റു ചില ഘടകങ്ങളാണ്.
നാടര്‍ വോട്ടുകള്‍ വിധി നിര്‍ണയിക്കുന്ന മണ്ഡലത്തില്‍ മൂന്നു മുന്നണികളും ഇറക്കിയിരിക്കുന്നത് നാടാര്‍ സ്ഥാനാര്‍ത്ഥികളെ തന്നെയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അവസാന നിമിഷം കൊണ്ടു വന്ന ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തിനുള്ള ഒബിസി സംവരണം വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയായിരുന്നു എല്‍ഡിഎഫിനുള്ളത്. പക്ഷേ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എല്‍.ഡി.എഫിന് വീഴ്ച്ച സംഭവിച്ചതായിയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. പുതുമുഖത്തെ നിര്‍ത്തമെന്ന എല്‍.ഡി.എഫിന്റെ ആവശ്യം തള്ളി ജെഡിഎസിലെ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് നീലലോഹിതദാസ് നാടാരെ അവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുന്നത്.
ആറു തവണ കോവളത്ത് മത്സരിച്ച നീലന് 5 തവണയെയും വിജയം ഉറപ്പായിരുന്നു. സ്വതന്ത്രനായി മത്സരിച്ചപ്പോഴും ഇരു മുന്നണികളെയും വെള്ളം കുടിപ്പിച്ച ചരിത്രവും നീലനുണ്ട്. 73 വയസ് പിന്നിട്ട നീലന്റെ ഈ മുന്‍ പരിചയം ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് എല്‍ഡിഎഫ് നേതാക്കള്‍ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവളം മണ്ഡലത്തില്‍ മുന്നേറ്റം നടത്തിയത് എല്‍.ഡി.എഫ് തന്നെയാണ്. എന്നാല്‍ അടുത്തകാലത്തായി കോവളത്തെ സി.പി.എമ്മില്‍ നിന്നും നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. രണ്ടു ബ്രാഞ്ചു കമ്മിറ്റികള്‍ ഒന്നാകെയാണ് പാര്‍ട്ടി ഓഫീസ് ഉള്‍പ്പടെയാണ് ബി.ജെ.പിയില്‍ എത്തിയത് മണ്ഡലത്തില്‍ എല്‍.ഡി.എഫിന് ക്ഷീണവും ബി.ജെ.പിക്ക് ഊര്‍ജവും പകര്‍ന്നിയിരുന്നു.
പക്ഷേ മണ്ഡലത്തില്‍ ബി.ജെ.പിക്ക് ലഭിച്ച ഈ മുന്നേറ്റം അവര്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ലെന്നാണ് അവരുടെ അണികള്‍ തന്നെ സമ്മതിക്കുന്നത്. കാരണം കോവളം മണ്ഡലത്തില്‍ ബി.ജെ.പി അല്ല മത്സരിക്കുന്നെന്നതു തന്നെയാണ്. ബിജെപിയുടെ സംസ്ഥാന സെക്രട്ടറി എസ് സുരേഷിന് കോവളം മണ്ഡലത്തില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ സീറ്റ് എന്‍ഡിഎയുടെ ഘടകകക്ഷിയായ കേരളാ കാമരാജ് കോണ്‍ഗ്രസിനാണ് ഇവിടെ സീറ്റു നല്‍കിയത്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖറാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ഇത് ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കിട്ടുണ്ട്. ബിജെപിയുടെ സംഘടന സംവിധാനം അതുകൊണ്ടു തന്നെ കൃത്യമായി പ്രവര്‍ത്തിക്കുമെന്ന് കരുതാന്‍ വയ്യ. നാടാര്‍ വോട്ടുകളില്‍ വിള്ളല്‍ വിഴ്ത്താന്‍ സാധിക്കുമെങ്കിലും കഴിഞ്ഞ തവണ ബിജെഡിഎസ് നേടിയ 30000 ലധികം വോട്ടുകള്‍ കേരളാ കാമരാജ് കോണ്‍ഗ്രസിന് നേടാന്‍ സാധിക്കുമോ എന്ന സംശയം ബിജെപി നേതൃത്വത്തിനുണ്ട്.
കഴിഞ്ഞ തവണ ജമീല പ്രകാശത്തെ 2615 വോട്ടിന് പരാജയപ്പെടുത്തിയാണ് പതിനാലാം നിയമസഭയില്‍ എം വിന്‍സെന്റ് അംഗമായത്. എംഎല്‍എയുടെ പ്രവര്‍ത്തനം വരുന്ന തിരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കിഫ്ബി പദ്ധതികളോട് എം.എല്‍.എക്ക് താല്‍പര്യകുറവാണെന്ന ആക്ഷേപം മണ്ഡലത്തില്‍ ശക്തമാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മണ്ഡലത്തില്‍ വളരെ പിന്നില്‍ പോയി. ഒരിക്കല്‍ അധികാരത്തിലിയിരുന്ന കല്ലിയൂര്‍ പഞ്ചായത്തില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം കോവളം മണ്ഡലത്തില്‍ പരാജയമാണെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഒന്നരസെന്റിലെ ഷീറ്റിട്ട വീടും, ലോണില്‍ വാങ്ങിയ കാറും അടുത്തകാലത്ത് എം. വിന്‍സെന്റിന് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ സഹതാപ തരംഗമുണ്ടാക്കിയിരുന്നു. ഈ വോട്ടായി മാറാനുള്ള സാധ്യത എത്ര മാത്രമാണെന്നും തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മാത്രമേ വ്യക്തമാകുകയുള്ളു. ഈ സാഹചര്യങ്ങളാണ് കോവളത്തെ മത്സരം പ്രവചനാതീതമാക്കുന്നത്.
"
https://www.facebook.com/Malayalivartha


























