സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ

ജമാഅത്തെ ഇസ്ലാമിയുമായി സി പി എം 25 കൊല്ലങ്ങൾക്ക് മുമ്പുണ്ടാക്കിയ സഖ്യത്തെ ന്യായീകരിച്ച് പ്രമുഖ സി പി എം നേതാവും രാജ്യസഭാ എം പിയുമായ എ.എ. റഹിം ഇക്കഴിഞ്ഞ ദിവസത്തെ ചാനൽ ചർച്ചയിൽ രംഗത്തുവന്നതെന്തിന്?
തിരുവനന്തപുരം നഗരസഭയുടെ ഭരണം ബി ജെ പിയുടെ കൈകളിൽ സുരക്ഷിതമായതിന്റെ പിറ്റേന്നാണ് സംഭവം. ഉത്തരം ലളിതമാണ്.
ഭൂരിപക്ഷ വോട്ടുകൾ ബി ജെ പിയിലേക്ക് തിരിഞ്ഞതിന്റെ അടിസ്ഥാനത്തിൽ
തദ്ദേശതെരഞ്ഞടുപ്പിൽ തോറ്റമ്പിയ ഇടതുപക്ഷം 2019 ജനുവരിയിൽ കേരളത്തിൽ നിലനിന്ന അവസ്ഥയിലേക്ക് തിരികെ പോകാനാണ് ആലോചിക്കുന്നത്.
ഭൂരിപക്ഷ വർഗീയതക്കൊപ്പം ചേർന്നുനിന്നിട്ട് കാര്യമില്ലെന്നും ന്യൂനപക്ഷവർഗീയതയാണ് ഉചിതമെന്നുമുള്ള തിരിച്ചറിവിലേക്കാണ് സി പി എം എത്തിച്ചേർന്നിരിക്കുന്നത്. 2019 ജനുവരി രണ്ടിന് ബിന്ദു അമ്മിണിയെയും കനകദുർഗയെയും ശബരിമലയിൽ പ്രവേശിപ്പിച്ച തന്ത്രം സി പി എം തുടർന്നും സ്വീകരിക്കാനാണ് സാധ്യതയെന്ന് മനസിലാക്കുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വോട്ടുചെയ്യാനുള്ള ജമാഅത്തെ ഇസ്‍ലാമിയുടെ തീരുമാനത്തെ പുകഴ്ത്തി സി.പി.എം മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തെ എ.എ. റഹീം എം.പി ചാനൽ ചർച്ചയിൽ ന്യായീകരിച്ചത് ഉന്നത തല തീരുമാനം നടപ്പിലാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണെന്ന് മനസിലാക്കുന്നു. എ.എ. റഹിം എം.പി യുടെ രംഗപ്രവേശം ഇതിന്റെ തുടക്കം മാത്രമാണ്. മന്ത്രി മുഹമ്മദ് റിയാസും വൈകാതെ രംഗത്തുവരാം.2021 ൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയത് ന്യൂനപക്ഷങളുടെ സഹായത്തോടെയാണെന്നും ഏതാനും മാസങ്ങൾക്കു മുമ്പ് പമ്പയിൽ നടത്തിയ അയ്യപ്പ സംഗമം ഭൂലോക അബദ്ധമായി പോയെന്നുമാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ. എകെജി സെന്ററിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും നടന്ന വിവിധ യോഗങ്ങളിലുണ്ടായ തീരുമാനങ്ങളുടെ ആകെത്തുകയാണ് എ. എ റഹീം ചാനൽ ചർച്ചയിൽ പറഞ്ഞത്. 25 വർഷം മുമ്പ് ദേശാഭിമാനി എഴുതിയ മുഖപ്രസംഗം കണ്ടെത്തി ജനശ്രദ്ധയിൽ സി പി എം കൊണ്ടു വന്നത് വെറുതെയല്ല.
1996 ഏപ്രിൽ 22 തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ‘തെരഞ്ഞെടുപ്പ്: ശ്രദ്ധേയമായ രണ്ട് തീരുമാനങ്ങൾ’ എന്ന മുഖപ്രസംഗത്തെയാണ് റഹീം ചാനൽ ചർച്ചയിൽ ന്യായീകരിച്ചത്. ജമാഅത്തെ ഇസ്‍ലാമി അമേരിക്ക വിരുദ്ധ, സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ച സന്ദർഭത്തിലാണ് സി.പി.എം ആ നിലപാട് സ്വീകരിച്ചത് എന്നാണ് റഹീം പറയുന്നത്. അതായത് ഇനിയും ഇത്തരം ഒരു നിലപാട് സ്വീകരിക്കാമെന്നാണ് റഹീമിന്റെ കണക്കുകൂട്ടൽ. ഹിന്ദുക്കളെയൊക്കെ ബി ജെ പിക്കാരായി കാണുകയാണ് പുതിയ സി പി എം. ദേശാഭിമാനിയുടെ ചൊവ്വാഴ്ചത്തെ എഡിറ്റോറിയലിൽ നിന്നും ഇക്കാര്യം വ്യക്തമാകും.
ഉത്തരവാദിത്വബോധത്തോടെ രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർ വസ്‌തുതകളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കേണ്ടതെന്നാണ് ദേശാഭിമാനി മുഖപ്രസംഗത്തിൽ പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിൽ ബിജെപി ഒന്നാംസ്ഥാനത്ത് എത്തിയതിൽ എൽഡിഎഫിനെ ആക്ഷേപിക്കുന്നവരുടെ പ്രവൃത്തി ഇതിനു വിപരീതമായാണ്. എൽഡിഎഫ് സഹായത്താലാണ് ഇവിടെ ബിജെപി നേട്ടം കൊയ്‌തതെന്ന് കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ ആരോപിക്കുന്നത് സ്വന്തം ചെയ്‌തികൾ മറച്ചുപിടിക്കാനുള്ള പാഴ്‌വേലയാണ്.
തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുന്പോൾ ബിജെപി–യുഡിഎഫ് കൂട്ടുകെട്ട് ആർക്കും ബോധ്യമാകുമെന്നാണ് ദേശാഭിമാനിയുടെ കണ്ടെത്തൽ. . നൂറ്റിഒന്ന് അംഗ നഗരസഭയിൽ തെരഞ്ഞെടുപ്പ് നടന്ന നൂറ് സീറ്റിൽ ബിജെപിക്ക് 50, എൽഡിഎഫിന് 29, യുഡിഎഫിന് 19 സീറ്റ് വീതമാണ് ലഭിച്ചത്; രണ്ടിടത്ത് സ്വതന്ത്രരും തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി ജയിക്കുകയും എൽഡിഎഫ് രണ്ടാംസ്ഥാനത്ത് എത്തുകയും ചെയ്‌ത 25 സീറ്റിൽ യുഡിഎഫിന് ലഭിച്ചത് ആയിരം വോട്ടിൽ താഴെയാണ്. 6000 വരെ വോട്ടുള്ളിടത്താണ് യുഡിഎഫിന് ഇത്രയും കുറഞ്ഞ വിഹിതം. ബിജെപി ജയിച്ച 41 സീറ്റിൽ യുഡിഎഫ് മൂന്നാംസ്ഥാനത്താണ്; അഞ്ചിടത്ത് എൽഡിഎഫ് പരാജയപ്പെട്ടത് 60ൽ താഴെ വോട്ടിനും.
നൂറ് വാർഡിലുമായി എൽഡിഎഫിനാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്–1,67,522. കഴിഞ്ഞവർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടതിൽനിന്നാണ് എൽഡിഎഫ് അതിവേഗം തിരിച്ചുവന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നഗരസഭാ പരിധിയിൽ രണ്ടാംസ്ഥാനത്തായിരുന്ന യുഡിഎഫ് ഇപ്പോൾ മൂന്നാംസ്ഥാനത്തേക്ക് പോയി; അന്ന് ഒന്നാംസ്ഥാനത്തായിരുന്ന ബിജെപി നഗരസഭയിലെ മൊത്തം വോട്ട്‌വിഹിതത്തിൽ രണ്ടാമതുമെത്തി. ആരുടെ സഹായത്താലാണ് നഗരസഭയിൽ ബിജെപി സീറ്റ് വർധിപ്പിച്ചതെന്ന് വ്യക്തം. കോൺഗ്രസിന് തിരിച്ചും സഹായം ലഭിച്ചിട്ടുണ്ട്. വോട്ട് മറിച്ചുനൽകാൻ പാകത്തിൽ ദുർബലരായ ഘടകകക്ഷി സ്ഥാനാർഥികളെ നിർത്തിയാണ് കോൺഗ്രസിനെ ബിജെപി ചിലയിടങ്ങളിൽ സഹായിച്ചത്. തലസ്ഥാന നഗരസഭയിൽ ഒതുങ്ങുന്നതായിരുന്നില്ല ഇൗ പരസ്‌പര സഹായ സഹകരണ സംഘം.
കൊല്ലം നഗരസഭയിൽ യുഡിഎഫ് ജയിച്ച 12 ഡിവിഷനിൽ ബിജെപിക്ക് ലഭിച്ചത് കുറഞ്ഞ വോട്ടാണ്. ബിജെപി ജയിച്ച ഏഴ് ഡിവിഷനിലാകട്ടെ യുഡിഎഫിന്റെയും വോട്ടിൽ ഇടിവുണ്ടായി. കൊല്ലത്തുതന്നെ പരവൂർ, പുനലൂർ, കൊട്ടാരക്കര മുനിസിപ്പാലിറ്റികളിലും ചില പഞ്ചായത്തുകളിലും യുഡിഎഫ്–ബിജെപി വോട്ട് കച്ചവടം നടന്നതിന് കൃത്യമായ കണക്കുണ്ട്. കൊട്ടാരക്കരയിൽ 11 വാർഡിൽ ബിജെപിയുടെ പെട്ടിയിൽ 50 വോട്ട് പോലും വീണില്ല; ഏഴിടത്ത് പത്തിൽ കുറവ് വോട്ട് മാത്രം. ബിജെപി അഞ്ച് വാർഡിൽ ജയിച്ചെങ്കിലും ഭൂരിപക്ഷം നാമമാത്രമാണ്. പുനലൂരിൽ അക്കൗണ്ട് തുറക്കാൻ ബിജെപിക്ക് യുഡിഎഫ് പരസ്യമായ സഹായം നൽകി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗമായ സ്ഥാനാർഥിയെ പരവൂരിൽ പരാജയപ്പെടുത്താൻ യുഡിഎഫും ബിജെപിയും ഒന്നിച്ചു. യുഡിഎഫ് സ്ഥാനാർഥിക്ക് 20 വോട്ട് മാത്രം. ഇതെല്ലാം അതിജീവിച്ചാണ് കൊല്ലത്ത് മൂന്ന് മുനിസിപ്പാലിറ്റിയിൽ എൽഡിഎഫ് ഭൂരിപക്ഷം നേടിയത്.
ആലപ്പുഴയിൽ ചെങ്ങന്നൂർ, ഹരിപ്പാട്, കായംകുളം മുനിസിപ്പാലിറ്റികളിലും കോട്ടയത്ത് ഏറ്റുമാനൂരിലും യുഡിഎഫ്–ബിജെപി സഹകരണം പ്രകടമായി. പത്തനംതിട്ട, അടൂർ മുനിസിപ്പാലിറ്റികളിൽ സ്ഥാനാർഥികളെ നിർത്താതെ ബിജെപി യുഡിഎഫിനെ സഹായിച്ചു. മലപ്പുറം, ഇടുക്കി ജില്ലകളിൽ പഞ്ചായത്തുകളിൽ ഇരുകൂട്ടരും കൈകോർത്തു. മറ്റ് ജില്ലകളിലെ ഫലങ്ങളിലും സമാനഅനുഭവം കാണാം. ന്യൂനപക്ഷ വർഗീയത പ്രചരിപ്പിക്കുന്നവരുമായി സഹകരിക്കുന്പോൾത്തന്നെയാണ് യുഡിഎഫ് ഭൂരിപക്ഷ വർഗീയവാദികളുമായി വോട്ട് കച്ചവടം നടത്തിയത്. ജനങ്ങളെ വഞ്ചിക്കുന്ന യുഡിഎഫിന്റെ ഇൗ ഹീനതന്ത്രം ജനാധിപത്യ-–മതനിരപേക്ഷവാദികളെ ഞെട്ടിപ്പിക്കുന്നതാണ്. അധികാരക്കൊതി മൂത്ത യുഡിഎഫ് നേതൃത്വം അപകടകരമായ പരീക്ഷണങ്ങളാണ് നടത്തുന്നത്. കോ–ലീ–ബി സഖ്യം എന്നത് പഴങ്കഥയല്ല, വർത്തമാനകാല യാഥാർഥ്യമാണ്; ഇതോടൊപ്പം പുതിയ ചില ഗ്രൂപ്പുകളുംകൂടി ചേർന്നിട്ടുണ്ടെന്നുമാത്രം. ഇതാണ് ദേശാഭിമാനിയുടെ വാദം.
1996 ഏപ്രിൽ 22 തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ‘തെരഞ്ഞെടുപ്പ്: ശ്രദ്ധേയമായ രണ്ട് തീരുമാനങ്ങൾ’ എന്ന മുഖപ്രസംഗത്തെയാണ് റഹീം ചാനൽചർച്ചയിൽ ന്യായീകരിച്ചത്. ജമാഅത്തെ ഇസ്‍ലാമി അമേരിക്ക വിരുദ്ധ, സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ച സന്ദർഭത്തിലാണ് സി.പി.എം ആ നിലപാട് സ്വീകരിച്ചത് എന്നാണ് റഹീം പറയുന്നത്.
‘ജമാഅത്തെ ഇസ്‍ലാമിയെ കുറിച്ച് ഞങ്ങൾ മുഖപ്രസംഗം എഴുതിയ ഘട്ടം ഏതാണ്? അത് ഒരു ഗ്ലോബൽ ഇഷ്യൂവിൽ അമേരിക്ക വിരുദ്ധ, സാമ്രാജ്യത്വ വിരുദ്ധ നിലപാട് അവർ സ്വീകരിച്ച സന്ദർഭത്തിലാണ് ഞങ്ങൾ ആ നിലപാട് സ്വീകരിച്ചത്’ -ചാനൽ ചർച്ചയിൽ പങ്കെടുക്കവെ റഹീം പറഞ്ഞു. അതേസമയം, അന്നത്തെ ലോക്സഭാ -നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിന് വോട്ടുചെയ്യാനുള്ള ജമാഅത്തെ ഇസ്‍ലാമിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടാണ് എഡിറ്റോറിയൽ എഴുതിയിരിക്കുന്നത്.
‘ആശാവഹവും ആവേശകരവുമായ ഈ പ്രക്രിയ ത്വരിതപ്പെടുത്തുന്ന രണ്ടു സംഭവവികാസങ്ങൾ കഴിഞ്ഞുപോയ വാരത്തിന്റെ അന്ത്യനാളുകളിലുണ്ടായിരിക്കയാണ്. വരുന്ന പൊതുതെരഞ്ഞെടുപ്പ് സംബന്‌ധിച്ചു കേരളത്തിലെ ക്രിസ്‌തുമത പുരോഹിതൻമാരും ജമാഅത്ത് - എ- ഇസ്ലാമിയും കൈക്കൊണ്ട തീരുമാനങ്ങളാണിവിടെ വിവക്ഷ’ എന്ന് ആമുഖത്തിൽ തന്നെ പറഞ്ഞുകൊണ്ടാണ് പ്രസ്തുത എഡിറ്റോറിയൽ ആരംഭിക്കുന്നത്.
അതിൽ ജമാഅത്തെ ഇസ്‍ലാമിയെ കുറിച്ച് പറയുന്ന ഭാഗങ്ങൾ ഇങ്ങനെ വായിക്കാം:
‘‘ക്രിസ്തീയ പുരോഹിതൻമാരുടെ ഈ അഭ്യർഥന വന്നതിെൻറ തൊട്ടുപുറകെയാണ് ജമാഅത്ത്- എ ഇസ്ലാമിയുടെ കേരള ഘടകത്തിന്റെ തീരുമാനവും പുറത്തുവന്നത്. വരുന്ന ലോകസഭാ -നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥികൾക്ക് വോട്ടു ചെയ്യാനാണവർ തിരുമാനിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട രാഷ്ട്രീയ പാർടികളുടെ നേതാക്കളുമായി ഒരേ ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ ചർച്ച ചെയ്ത ശേഷമാണവരീ തിരുമാനം കൈക്കൊണ്ടത്.
തീരുമാനത്തിനടിസ്ഥാനമായ അവരുടെ നിഗമനമിങ്ങനെയാണ്: "രാജ്യത്തെ ഏറ്റവും വലിയ കക്ഷിയും ഭരണകക്ഷിയുമായ കോൺഗ്രസ് ഫാസിസത്തിന്റെ വളർച്ചക്ക് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നത്. മുസ്ലീം ന്യൂനപക്ഷത്തെ ആ പാർട്ടി വഞ്ചിച്ചു. 'ടാഡ' പോലുള്ള കരിനിയമങ്ങൾ അടിച്ചേൽപിച്ചു. അഴിമതി ദേശിയ സംസ്കാരമാക്കി. തെരഞ്ഞെടുപ്പ് ആസന്നമായിട്ടും തെറ്റുതിരുത്താനോ മേലിൽ നീതിപൂർവം പ്രവർത്തിക്കുമെന്നുറപ്പു നൽകാനോ കോൺഗ്രസ് തയ്യാറായിട്ടില്ല"
ലോകത്തിലെവിടെയുണ്ടാകുന്ന സംഭവങ്ങളായാലും പ്രശ്നങ്ങളായാലും സ്വന്തം ഇസ്ലാമിക വീക്ഷണത്തിലൂടെ മതത്തിലൂന്നി നിന്നു മാത്രം വീക്ഷിക്കുകയും നിരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്ന സംഘടനകളിലൊന്നാണ് ജമാഅത്ത്- എ- ഇസ്ലാമി. സി ബി സി ഐയുടേതുപോലെ അത്രയേറെ ആഴത്തിലും പരപ്പിലും സംഭവങ്ങൾ വിശകലനം ചെയ്‌തുകൊണ്ടല്ലെങ്കിലും ജമാഅത്തും ചെന്നെത്തിനിൽക്കുന്നത് കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിൽ തന്നെയാണ്.
ക്രിസ്‌തീയ നെറ്റിപ്പട്ടം കെട്ടി നടക്കുന്ന കോട്ടയത്തെ റബ്ബർ പത്രം സ്വന്തം നിക്ഷിപ്‌ത വർഗ താൽപര്യത്തിന്റെ പേരിൽ നരസിംഹറാവുവിന്റെ ആഗോള വൽക്കരണ നയത്തെയും മറ്റു നടപടികളെയും അത്യാവേശപൂർവം പരിരംഭണം ചെയ്തുനിന്നാലും ചൂഷണത്തിനും സാമ്പത്തിക കൊള്ളയ്ക്കും അനീതിക്കുമെതിരായി ഉയർന്നു നിൽക്കാൻ കൊതിക്കുന്ന യഥാർഥ വിശ്വാസികളിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ പോന്നതാണ് പുരോഹിതൻമാരുടെ തികച്ചും കാലികമായ ഈ തീരുമാനം. ഭരണാധികാരത്തിന്റെ മാധുര്യം െനാട്ടിനുണഞ്ഞുകൊണ്ട് സ്വന്തം ബഹുജന താൽപര്യം മറന്നുകൊണ്ട് “ഫാസിസ്‌റ്റ് മാർക്‌സിസ്‌റ്റ്’ ശക്തികൾക്കെതിരെ മുസ്ലിംലീഗും അവരുടെ കയ്യാളായ പി ഡി പിയും നടത്തിവരുന്ന പ്രചാരണങ്ങളുടെ കുന്തമുന ഒടിച്ചുകളയുന്നതായി ജമാഅത്തിന്റെ തീരുമാനം.
ന്യൂനപക്ഷങ്ങൾ സംഘടിച്ചു വേറിട്ടുനിന്നതുകൊണ്ട് സ്വന്തം താൽപര്യം സംരക്ഷിക്കാനാവില്ലെന്നും രാജ്യത്തെ ഇടതുപക്ഷ മതനിരപേക്ഷ - ജനാധിപത്യശക്തികൾക്കൊപ്പം അണിനിരന്നുകൊണ്ടേ സ്വന്തം ഉത്തമ താൽപര്യങ്ങളും അടിസ്ഥാനപരമായ ലക്ഷ്യങ്ങളും സംരക്ഷിക്കാനൊക്കുക യുള്ളുവെന്നും ശരിയാംവിധം മനസ്സിലാക്കിക്കൊണ്ടുണ്ടുള്ളതു തന്നെയായി ആ തീരുമാനം. മേൽ വിവരിച്ച രണ്ടു തീരുമാനങ്ങൾ രാജ്യത്തെ മതനിരപേക്ഷ- ജനാധിപത്യശക്തികളുടെ രാഷ്ട്രീയാടിത്തറ തീർച്ചയായും കൂടുതൽ ശക്തവും വ്യാപ്തവുമാക്കിത്തീർക്കുകയാണ്’’
1996 ഏപ്രിൽ 22ന് ദേശാഭിമാനി പ്രസിദ്ധീകരിച്ച എഡിറ്റോറിയലിന്റെ പൂർണരൂപം ഇങ്ങനെയാണ്.
തെരഞ്ഞെടുപ്പ്: ശ്രദ്ധേയമായ രണ്ട് തീരുമാനങ്ങൾ
ആഗോളവൽക്കരണം, ഉദാരവൽക്കരണം എന്നീ ഓമനപ്പേരുകളിൽ പി വി നരസിംഹറാവുവിന്റെ സർക്കാർ നടപ്പിലാക്കി വരുന്ന സാമ്രാജ്യത്വാനുകൂല സാമ്പത്തിക പദ്ധതിക്കും മറ്റു ജനവിരുദ്ധ നയങ്ങൾക്കുമെതിരായെന്നപോലെ ഹൈന്ദവ ഫാസിസ്‌റ്റ് ശക്തികൾക്കെതിരെയും ഇടതുപക്ഷ ജനാധിപത്യ- മതനിരപേക്ഷ ശക്തികൾ നടത്തിപ്പോരുന്ന പ്രക്ഷോഭസമരങ്ങൾ ആ ശക്തികളുടെ രാഷ്ട്രീയാടിത്തറ കൂടുതൽ ശക്തവും വ്യാപ്തവുമാക്കിത്തീർക്കുകയാണ്. ആശാവഹവും ആവേശകരവുമായ ഈ പ്രക്രിയ ത്വരിതപ്പെടുത്തുന്ന രണ്ടു സംഭവവികാസങ്ങൾ കഴിഞ്ഞുപോയ വാരത്തിന്റെ അന്ത്യനാളുകളിലുണ്ടായിരിക്കയാണ്. വരുന്ന പൊതുതെരഞ്ഞെടുപ്പ് സംബന്‌ധിച്ചു കേരളത്തിലെ ക്രിസ്‌തുമത പുരോഹിതൻമാരും ജമാഅത്ത് - എ- ഇസ്ലാമിയും കൈക്കൊണ്ട തീരുമാനങ്ങളാണിവിടെ വിവക്ഷ.
കഴിഞ്ഞ ഫെബ്രുവരി മധ്യത്തിൽ ഒൻപതുദിവസം നീണ്ടു നിന്ന കത്തോലിക്ക ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി ബി സി ഐ) കൈക്കൊണ്ട തെരഞ്ഞെടുപ്പ് സംബന്‌ധിച്ച തീരുമാനത്തിന്റെ അടിസ്‌ഥാനത്തിൽ വരുന്ന തെരഞ്ഞെടുപ്പിൽ വോട്ടവകാശമുപയോഗിക്കണമെന്ന് കേരളത്തിലെ ബിഷപ്പുമാരും ഇപ്പോൾ തങ്ങളുടെ മതവിശ്വാസികളോടഭ്യർഥിച്ചിരിക്കയാണ്. സി ബി സി ഐ തീരുമാനം പുറത്തുവന്നപ്പോൾ തന്നെ "ക്രിസ്തുദേവന്റെ ശബ്ദം" എന്നതിനെ വിശേഷിപ്പിച്ചുകൊണ്ട് ഈ പംക്തികളിൽ സ്വാഗതം ചെയ്തിരുന്നു.
"ജനങ്ങളിൽ ഒരുവിഭാഗത്തെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നതും അനീതിയുടെ ഉറവിടവുമായ സാമ്പത്തിക ഉദാരവൽക്കരണത്തെ തടയാൻ സമാനമനസ്കരായ എല്ലാവരുമായി സഹകരിക്കാൻ" സി ബി സി ഐ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഈ സാമ്പത്തികനയം ഏഷ്യയെ സാമ്പത്തിക താൽപര്യത്തിലൂന്നിയ പുത്തൻ സാമ്രാജ്യത്വത്തിലേക്കും കൊളോണിയലിസത്തിലേക്കും നയിക്കുകയാണെന്നും ആ രേഖ മുന്നറിയിപ്പ് നൽകുന്നുണ്ട്.
സ്വതന്ത്ര ഇന്ത്യയിൽ അരനൂറ്റാണ്ടുകാലമായി നടന്നു വരുന്ന വികസനത്തിന്റെ ഫലമെന്തെന്ന് കൂടി സി ബി സി ഐ ശരിയാംവിധം തുറന്നു കാട്ടുകയുണ്ടായി. അതിങ്ങനെ പോകുന്നു: "അരനൂറ്റാണ്ടുകാലമായി നടത്തിപ്പോരുന്ന വികസന പരിശ്രമങ്ങളൊക്കെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് വർധിപ്പിച്ചിട്ടേ ഉള്ളു. ഇവിടെ നടമാടുന്ന സാമൂഹികവും വംശീയവും മതപരവുമായ സംഘട്ടനങ്ങളും ഭീകര- വിഘടന പ്രവർത്തനങ്ങളും രാഷ്ട്രീയ രംഗത്തെ ക്രിമിനൽവൽക്കരണവുമൊക്കെ ധനത്തിന്റെയും അധികാരത്തിൻറെയും അനീതിയുടെയും ചൂഷണത്തിൻറെയും രംഗത്തുള്ള അസന്തുലിതാവസ്ഥയുടെ അടയാളങ്ങളാണ്."
അധ്വാനിക്കുന്നവരുടെയും പട്ടിണിക്കാരുടെയും ഹൃദയവ്യഥയിൽ മനംനൊന്തു കൊണ്ട് സി ബി സി ഐ ഇങ്ങനെ പറയുന്നു: “നാലിലൊരു ഭാഗം സമ്പന്നരും മൂന്നുഭാഗം ദരിദ്രരുമായി നമ്മുടെ ലോകത്തിന് നിലനിൽക്കാനാവില്ല. പകുതി ഭാഗം ജനാധിപത്യപരമായും പകുതി ഏകാധിപത്യപരമായും നമ്മുടെ ലോകത്തിന് നിലനിൽക്കാനാവില്ല. മാനുഷിക പാപ്പരീകരണത്തിന്റെ മണലാരണ്യത്താൽ വലയം ചെയ്യപ്പെട്ട മാനുഷിക വിഭവ വികസനത്തിന്റെ കൊച്ചു ശാദ്വലഭൂമിയുമായും നമ്മുടെ ലോകത്തിന് നിലനിൽക്കാനാവില്ല."
കഴിഞ്ഞ രണ്ടുവർഷമായി ക്രിസ്ത്യൻ മതന്യൂനപക്ഷത്തിനെതിരായി വർധിച്ചു വരുന്ന ആക്രമണങ്ങളിൽ ഉൽക്കണ്ഠ പ്രകടി പ്പിച്ച സി ബി സി ഐ ഹൃദയസ്‌പർശിയായി ഇങ്ങനെ അഭ്യർഥിച്ചു. “മനുഷ്യാവകാശങ്ങളും സനാതന മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ പ്രതിജ്‌ഞാബദ്ധരും ഏറ്റവുമേറെ അർപ്പണബോധമുള്ളവരുമായ പാർടികൾക്കും സ്ഥാനാർഥികൾക്കും വോട്ടു ചെയ്തു വിജയിപ്പിക്കുക". സി ബി സി ഐയുടെ ഈ അഭ്യർഥനയുടെ അടിസ്‌ഥാനത്തിൽ വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞ വാരം കേരളത്തിലെ അവരുടെ വൈദികൻമാരും മനവിശ്വാസികളോടഭ്യർഥിച്ചിരിക്കയാണ്.
30 വർഷങ്ങൾക്ക് മുമ്പുള്ള ദേശാഭിമാനിയിൽ നിന്നും സി പി എം വീണ്ടും തുടങ്ങുകയാണ്.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്പരീക്ഷിച്ച് വിജയിച്ച തന്ത്രമാണിത്. 2021 ൽ പിണറായിക്ക് ആശ പെരുത്തു.അങ്ങനെയാണ് ന്യൂനപക്ഷങ്ങളെ തഴഞ്ഞ് ഭൂരിപക്ഷത്തെ കൈയിലെടുക്കാൻ തീരുമാനിച്ചത്. ജി. സുകുമാരൻ നായരെയും വെള്ളാപ്പള്ളി നടേശനെയും സി പി എം ചാക്കിൽ ഇറക്കിയത് അതിനുവേണ്ടിയാണ്. എന്നാൽ സുകുമാരൻ നായരും വെള്ളാപ്പള്ളിയും പറഞ്ഞാൽ അവരുടെ വീട്ടുകാർ പോലും വോട്ടുചെയ്യാത്ത കാലമാണ്. ഇക്കാര്യം സി പി എമ്മും പിണറായിയും മനസിലാക്കിയത് വളരെ വൈകിയിട്ടാണെന്ന് മനസിലാക്കാം.
ഇനി ന്യൂനപക്ഷങ്ങളെ കൈയിലെടുക്കാനുള്ള വഴികളാണ് സി പി എം ആലോചിക്കുന്നത്.അതിനുവേണ്ടി ചിലപ്പോൾ ശബരിമലയിൽ വീണ്ടും കലാപം ഉണ്ടാക്കിയെന്ന് വരാം.
https://www.facebook.com/Malayalivartha



























