അടി നേരത്തെ തുടങ്ങി... പിണറായിക്കെതിരെ വാചക കസര്‍ത്ത് നടത്തുന്ന കെ സുധാകരനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ് നേതാവും ഏറ്റെടുത്തു; സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മമ്പറം ദിവാകരന്‍; പുലിമടയില്‍ കിട്ടിയിട്ട് നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് പിണറായി വിരോധം? ധൈര്യമില്ലെങ്കില്‍ അത് പറയണം

കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാനുള്ള അവസരം നിഷേധിച്ചതോടെ അദ്ദേഹം വാചകം മാത്രമേയുള്ളൂ എന്ന തരത്തിലുള്ള കമന്റുകളാണ് വരുന്നത്. അതിനിടെ കോണ്‍ഗ്രസ് ഭാഗത്ത് നിന്നും പരസ്യമായ വിമര്‍ശനം ഉണ്ടായിരിക്കുകയാണ്.
ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ തയ്യാറാകാത്തതില്‍ കോണ്‍ഗ്രസിന്റെ കണ്ണൂര്‍ എംപി കെ സുധാകരനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെപിസിസി നിര്‍വ്വാഹക സമിതിയംഗം മമ്പറം ദിവാകരന്‍. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഏകാധിപത്യം നടപ്പാക്കുന്ന പിണറായി വിജയനെ പുലിമടയില്‍ വച്ച് നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് പിണറായി വിരുദ്ധതയാണ് സുധാകരന്‍ പ്രസംഗിക്കുന്നതെന്നായിരുന്നു മമ്പറം ദിവാകരന്റെ വിമര്‍ശനം.
പിന്മാറുന്നതിന്, മണ്ഡലത്തില്‍ ആവശ്യമുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടില്ല എന്ന് പറയുന്നതിനേക്കാള്‍ പിണറായിയോട് നേരിട്ട് ഏറ്റുമുട്ടാന്‍ ധൈര്യമില്ല എന്ന് തുറന്നു സമ്മതിക്കുകയായിരുന്നു നല്ലതെന്നും ദിവാകരന്‍ പരിഹസിച്ചു. ധര്‍മ്മടം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിനായുള്ള എല്ലാത്തരം ഒരുക്കങ്ങളും ഇത്തവണ നടന്നുവെന്നും മറിച്ചുപറയുന്നത് വാസ്തവവിരുദ്ധമാണെന്നുമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മലയാള വാര്‍ത്താ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്പറം ദിവാകരന്‍ ഇക്കാര്യം പറഞ്ഞത്.
കോണ്‍ഗ്രസിന് നിരവധി രക്തസാക്ഷികളുള്ള ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിക്കേണ്ട ഉത്തരവാദിത്തം തനിക്കും സുധാകരനും ഉണ്ട്. സുധാകരന്‍ വന്നില്ലെങ്കില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് താന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ എന്റെ പേര് ജില്ലയില്‍ നിന്ന് നിര്‍ദ്ദേശിച്ചില്ല. അദ്ദേഹം പറയുന്നു. 2016ലെ തെരഞ്ഞെടുപ്പില്‍ 36,905 വോട്ടിനാണ് പിണറായി വിജയന്‍ ധര്‍മ്മടത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. പിണറായി 87,329 വോട്ടുകളും മമ്പറം ദിവാകരന്‍ 50,424 വോട്ടുകളും നേടിയിരുന്നു.
കെ സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സുധാകരന്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. വര്‍ക്കിങ് പ്രസിഡന്റിനെ വെക്കാന്‍ കെപിസിസി പ്രസിഡന്റിന് വാതരോഗമില്ല. ഗ്രൂപ്പ് രാഷ്ട്രീയം ആളിക്കത്തിച്ച നേതാവാണ് സുധാകരനെന്നും ഉണ്ണിത്താന്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് വിടാന്‍ താല്‍പര്യമുണ്ടെന്ന് സുധാകരന്‍ പിസി ചാക്കോയോട് പറഞ്ഞിട്ടുണ്ടങ്കില്‍ പിന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് താന്‍ യാതൊരു വിലയും നല്‍കുന്നില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. സുധാകരന് സ്വാധീനമുള്ള കാലത്ത്, അദ്ദേഹത്തിന് സ്വാധീനമുള്ളവരെ മാത്രമേ സ്ഥാനാര്‍ഥികളാക്കിയിരുന്നുള്ളു എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം കെപിസിസി പ്രസിഡന്റാകാന്‍ ഇനി താല്‍പര്യമില്ലെന്ന് കെ. സുധാകരന്‍ പറഞ്ഞു. പ്രസിഡന്റ് ആകണമെന്നു താല്‍പര്യമുണ്ടായിരുന്ന സമയം കഴിഞ്ഞു. നിരാശയില്ല. പ്രവര്‍ത്തകര്‍ നല്‍കുന്ന വിശ്വാസ്യതയാണു വലുത്. അതു തനിക്ക് ആവോളം ഉണ്ട്. സംതൃപ്തനുമാണ്.
ഇരിക്കൂറിലെ ഗ്രൂപ്പ് പ്രശ്‌നം തീര്‍ക്കാന്‍ എ ഗ്രൂപ്പിനു ഡിസിസി പ്രസിഡന്റ് സ്ഥാനം നല്‍കണമെന്ന ഫോര്‍മുല ചര്‍ച്ചയില്‍ ആണ്. ഐ ഗ്രൂപ്പില്‍ എല്ലാവരും സഹകരിക്കുമെങ്കില്‍ അത് അംഗീകരിക്കും. പ്രശ്‌നം പരിഹരിക്കാന്‍ ത്യാഗം ചെയ്യാന്‍ താന്‍ ഒരുക്കമാണ്. പക്ഷേ എല്ലാവരും അംഗീകരിക്കണമെന്നു മാത്രം. രാജ്യസഭാ സീറ്റ് ഇതുവരെ മലബാറില്‍ കിട്ടിയിട്ടില്ല. ആ ഫോര്‍മുലയും വേണമെങ്കില്‍ ആലോചിക്കാമെന്നും സുധാകരന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha


























