പഴയ മോദിയല്ലിത്... പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ശബരിമല വിഷയം എടുത്തിട്ടതോടെ കൊള്ളുന്നത് കടകംപള്ളി സുരേന്ദ്രന്; വിശ്വാസി സമൂഹത്തെ ഇളക്കി മറിച്ച് സന്യാസിയായ മോദിയുടെ സാരോപദേശം; ശരണംവിളിയുമായി തുടങ്ങി അവസാനം ഇരുമുന്നണികള്‍ക്കും പരിഹാസം

ശോഭ സുരേന്ദ്രന്റെ വരവോടെ മിന്നിക്കത്തിയ ശബരിമല വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവോടെ ആളി കത്തിച്ചു. പഴയ ശബരിമല കാലത്തെ എല്ലാ കാര്യങ്ങളും ഭക്തരുടെ മനസില്‍ മോദി എടുത്തിട്ടു. ഇടത്, വലതു മുന്നണികളെ ഇരട്ടകളെന്ന് പരിഹസിച്ചും, വിശ്വാസി സമൂഹത്തെ ലക്ഷ്യമിട്ട് ശബരിമല വിഷയമാക്കിയും നരേന്ദ്രമോദി കത്തിക്കയറി.
എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്ത് രണ്ടാംവട്ടമെത്തിയ മോദി, ഇന്നലെ കോന്നിയിലെ വിജയ് റാലിയില്‍ പ്രസംഗം ആരംഭിച്ചത് സ്വാമിയേ ശരണമയ്യപ്പാ... വിളിയോടെയാണ്. വൈകിട്ട് തിരുവനന്തപുരത്ത് ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ പ്രസംഗത്തിനിടെ, സി.പി.എമ്മും കോണ്‍ഗ്രസും ലയിച്ച് കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടിയാകണമെന്ന് ഉപദേശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ആഴത്തിലുള്ള പരിഹാസം.
ഓരോ തെരഞ്ഞെടുപ്പ് കഴിയുംതോറും കോണ്‍ഗ്രസും ഇടതുപക്ഷവും കൂടുതല്‍ യോജിക്കുകയാണ്. ഇനി ഇവര്‍ രണ്ടായി നില്‍ക്കുന്നതിന് പകരം ഒറ്റ പാര്‍ട്ടിയാവുന്നതാണ് നല്ലതെന്നും മോദി പറഞ്ഞു.
എല്‍.ഡി.എഫും യു.ഡി.എഫും ഇരട്ടസഹോദരരാണെന്ന കാര്യം കേരളീയര്‍ക്ക് ബോദ്ധ്യപ്പെട്ടു. രണ്ടുപേരും ദുര്‍ഭരണം, അഴിമതി, രാഷ്ട്രീയ അക്രമം, വര്‍ഗീയത, ജാതീയത, സ്വജനപക്ഷപാതം എന്നിവ നടത്തുന്നു. കേരളത്തില്‍ ഇവര്‍ പരസ്പരം മത്സരിക്കുന്നെങ്കിലും ബംഗാളിലെ രാഷ്ട്രീയ ചിത്രം അറിയാമല്ലോയെന്ന് മോദി ഓര്‍മ്മിപ്പിച്ചു. തുടര്‍ന്നാണ് ഒറ്റപ്പാര്‍ട്ടിയാകണമെന്ന് പറഞ്ഞത്.
കേരളത്തില്‍ എല്‍.ഡി.എഫിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള താല്പര്യമോ കഴിവോ യു.ഡി.എഫിനില്ല. എന്‍.ഡി.എയ്ക്കനുകൂലമായ ജനമുന്നേറ്റം ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീപദ്മനാഭന്റെ മണ്ണായ തിരുവനന്തപുരത്തെ വണങ്ങിയാണ് മോദി പ്രസംഗം ആരംഭിച്ചത്.
കേരളത്തില്‍ ബി.ജെ.പിക്ക് ആദ്യം സീറ്റ് നല്‍കിയത് തിരുവനന്തപുരമാണ്. ആറ്റുകാലമ്മയെയും വെള്ളായണി ദേവിയെയും ആഴിമല മഹാദേവനെയും മോദി പ്രണമിച്ചു. ശ്രീനാരായണ ഗുരു, അയ്യങ്കാളി ചട്ടമ്പി സ്വാമികള്‍ തുടങ്ങിയ സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ കര്‍മ്മരംഗമായിരുന്നു തിരുവനന്തപുരം. രാജാരവിവര്‍മ്മയുടെയും സ്വാതി തിരുനാളിന്റെയും നാടാണിത്. ധീരോദാത്ത പോരാട്ടം നടത്തിയ മാര്‍ത്താണ്ഡവര്‍മ്മയുടെ പരാക്രമത്തിന്റെ ചരിത്രവുമുണ്ടെന്ന് മോദി പറഞ്ഞു.
കഠിനാദ്ധ്വാനികളായ പ്രൊഫഷണലുകളെ കോണ്‍ഗ്രസ് അകറ്റിയെന്ന് മോദി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് എഐ ഗ്രൂപ്പ് തര്‍ക്കത്തിന്റെ പേരില്‍ ദേശസ്‌നേഹിയായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ കരിയര്‍ നശിപ്പിച്ചവരാണ് കോണ്‍ഗ്രസുകാര്‍.
അതേസമയം ഇ. ശ്രീധരനെ പോലുള്ള കഴിവുള്ള ഉദ്യോഗസ്ഥര്‍ ബി.ജെ.പിയിലേക്ക് വരുന്നു. അദ്ദേഹം മറ്റ് പ്രൊഫഷണലുകള്‍ക്ക് പ്രേരണയാണ്. രാജ്യത്തിനും സമൂഹത്തിനും ഒരുപാട് സംഭാവനകള്‍ നല്‍കിയ ഇ. ശ്രീധരന്‍ ഇനി തന്റെ കഴിവ് കേരളത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്.
കോന്നിയില്‍ എന്‍.ഡി.എ വിജയ് റാലിയില്‍ മോദി പ്രസംഗം തുടങ്ങിയത് ശരണം വിളിയോടെയായിരുന്നു. മൂന്നുതവണ ശരണം വിളിച്ച ശേഷം 'സ്വാമിയേ...'എന്ന് നാല് തവണ ആവര്‍ത്തിച്ചപ്പോള്‍ സദസ് 'ശരണമയ്യപ്പാ' എന്ന് ഏറ്റുവിളിച്ചു.
ആത്മീയതയുടെയും അയ്യപ്പന്റെയും മണ്ണാണ് പത്തനംതിട്ടയെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം നാട്ടിലെ വിശ്വാസി സമൂഹത്തെ ലാത്തികൊണ്ട് നേരിട്ട ഒരു സര്‍ക്കാര്‍ കേരളത്തിലല്ലാതെ മറ്റെവിടെയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ക്ഷേത്രങ്ങളെയും വിശ്വാസികളെയും സംരക്ഷിക്കേണ്ടതിനു പകരം ക്ഷേത്രങ്ങള്‍ തകര്‍ക്കാനും വിശ്വാസികളെ തല്ലിച്ചതയ്ക്കാനും നേതൃത്വം നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി.
ആചാരങ്ങളെ തകര്‍ക്കാന്‍ കടകംപള്ളി ഗൂഢാലോചന നടത്തിയെന്നും മോദി ആരാേപിച്ചു. വളരെ കയ്യടിയോടെയാണ് ജനം മോദിയുടെ പ്രസംഗം സ്വീകരിച്ചത്.
"
https://www.facebook.com/Malayalivartha