പിണറായി പറഞ്ഞാലും അനുസരിക്കാതെ ഇപി ജയരാജന്‍.... ഇനി സിപിഎം പറഞ്ഞാലും ഇലക്ഷന്‍ മത്സരത്തിനില്ലെന്ന മുതിര്‍ന്ന സഖാവ് ഇപി ജയരാജന്റെ പ്രഖ്യാപനം സിപിഎമ്മിനുള്ളിലെ പുതിയ ധ്രൂവീകരണത്തിന്റെ ഭാഗമെന്ന് സൂചന

ഇനി സിപിഎം പറഞ്ഞാലും ഇലക്ഷന്‍ മത്സരത്തിനില്ലെന്ന മുതിര്‍ന്ന സഖാവ് ഇപി ജയരാജന്റെ പ്രഖ്യാപനം സിപിഎമ്മിനുള്ളിലെ പുതിയ ധ്രൂവീകരണത്തിന്റെ ഭാഗമെന്ന് സൂചന.
പാര്‍ട്ടി ഇത്തവണ മത്സരിക്കാന്‍ സീറ്റ് നല്‍കാതിരുന്നതിന്റെയും മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നതിലുള്ള അതൃപ്തിയുടെയും ഭാഗമായാണ് നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് സിപിഎമ്മിനെ വെട്ടിലാക്കിക്കൊണ്ടുള്ള പ്രതികരണം. തോമസ് ഐസക്, സുധാകരന്‍, പികെ ശ്രീമതി, എംവി ഗോവിന്ദന്‍ ഉള്‍പ്പെടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ മത്സരത്തില്‍നിന്ന് ഒഴിവാക്കിയതിനുള്ള അസ്വസ്ഥത ഒരു മാസമായി സിപിഎമ്മിനുള്ളില്‍ പുകയുന്നുണ്ടായിരുന്നു.
പിണറായിക്ക് കണ്ണൂരില്‍ ഭീഷണിയായ പി ജയരാജനെ ഒഴിവാക്കിയതിനെ കണ്ണൂര്‍ ലോബി എതിര്‍ത്തതിനു പിന്നാലെ ഐസക്കിനെയും സുധാകരനെയും പോലുള്ള നിരയെ ഒന്നാകെ വെട്ടിനിരത്തിയത് ആലപ്പുഴ ജില്ലയില്‍ തിരിച്ചടിക്കു കാരണമാകുമെന്ന് സംസ്ഥാന കമ്മിറ്റിയില്‍ മുന്നേ അഭിപ്രായമുയര്‍ന്നിരുന്നു.
പി ജയരാജനെയും പി സതീവേദിയെയും ശത്രുതയുടെ പേരില്‍ ഒഴിവാക്കിയത് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും പ്രതകരണമുണ്ടാക്കുമെന്നും പാര്‍ട്ടിയില്‍ നേരിയ ആശങ്കയുണ്ട്. പിണറായി വിജയന്‍ സര്‍ക്കാരിലെ രണ്ടാമനായിരുന്ന ഇപി ജയരാജന്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും പിണറായുടെ വിശ്വസ്തനായിരുന്ന ശേഷവും ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടതില്‍ അദ്ദേഹം ഏറെ അതൃപ്തനാണ്. തന്നെയുമല്ല പിണറായിക്കെതിരെ പി ജയരാന്റെ പിജെ ആര്‍മി കണ്ണൂരില്‍ പടനീക്കം നടത്തിയ കാലത്ത് ഈ നീക്കത്തെ വെട്ടിനിരത്താന്‍ പിണറായി വിജയന്‍ നിയോഗിച്ചതും ഇതേ ഇപി ജയരാജനെ തന്നെയായിരുന്നു.
തനിക്കു ഭാവിയില്‍ ഭീഷണിയാകാവുന്നവരെ തന്ത്രപരമായി വെട്ടിനിരത്തുന്ന കമ്യൂണിസ്റ്റ് തന്ത്രത്തിന്റെ ഭാഗമാണ് ജയരാജന്‍മാരെ ഇല്ലായ്മപ്പെടുത്താനുള്ള തീരുമാനം. ഭരണത്തുടര്‍ച്ചയുണ്ടായാല്‍ ഒരിക്കലും ഭീഷണിയാകാത്തതും ആജ്ഞാനുവര്‍ത്തികയായി വര്‍ത്തിക്കുന്നവരുമായ പുതുനിരയെ തനിക്കുകീഴില്‍ നിറുത്താനുള്ള നീക്കമാണ് പിണറായിയുടേത്. ഒരിക്കല്‍ക്കൂടി മട്ടന്നൂരില്‍ മത്സരിക്കാനുള്ള തന്റെ ആഗ്രഹം ഇപി ജയരാജന്‍ പാര്‍ട്ടി സെക്രട്ടറേറ്റില്‍ മാത്രമല്ല പിണറായി വിജയനെ വ്യക്തിപരമായും അറിയിച്ചശേഷമുണ്ടായ അവഗണനയാണ് ഇത്തരത്തില്‍ പ്രതികരിക്കാന്‍ ജയരാജനെ പ്രേരിപ്പിച്ചത്.
താന്‍ മേലില്‍ മത്സരിക്കുന്നില്ലെന്ന പറയുന്നതിലെ ധ്വനി താന്‍ ഇനി പാര്‍ട്ടി പ്രവര്‍ത്തകനായി തുടരില്ലെന്നു തന്നൊണെന്ന ധ്വനിയാണ് ജയരാജന്‍ വ്യക്തമാക്കിയത്. തനിക്കു പ്രായമായെന്നും ആരോഗ്യമില്ലെന്നും പിണറായിയെപ്പോലെ ഓടിനടക്കാന്‍ വയ്യെന്നും ഇനി വിശ്രമിക്കട്ടെയെന്നും ജയരാജന്‍ പറഞ്ഞുകഴിഞ്ഞു. 80 വയസിലേറെ പ്രായമുള്ള എസ് രാമചന്ദ്രന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ ഇന്നും പാര്‍ട്ടില്‍ സജീവമായിരിക്കെയാണ് 70 വയസ് മാത്രമുളള ഇപി ജയരാജന്റെ നാടകീയ പ്രഖ്യാപനം.
സിപിഎം കേന്ദ്ര കമ്മിറ്റിംയംഗം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും ഡിവൈഎഫ്‌ഐയുടെ പ്രഥമ ദേശീയപ്രസിഡന്റുമാണ് പിണറായി സര്‍ക്കാരിലെ രണ്ടാമനായ ഇപി ജയരാജന്‍. സ്വന്തക്കാര്‍ക്ക് അനധികൃത നിയമനം നല്‍കിയ ചിറ്റപ്പന്‍ വിവാദത്തോടെ മന്ത്രിസ്ഥാനം രാജിവെച്ചശേഷം ഇതേ സ്ഥാനത്ത് പിണറായി ജയരാജനെ മടക്കിക്കൊണ്ടുവന്നപ്പോള്‍ പാര്‍ട്ടിയിലും ഭരണത്തിലും പിണറായിയുടെ പിന്‍ഗാമിയെന്ന ധ്വനി പ്രചരിച്ചിരുന്നു.
അഴിക്കോട്ടും മട്ടന്നൂരിലുംനിന്ന് വിജയിച്ചിട്ടുള്ള ജയരാജന് ഇന്നും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നമില്ലാതിരിക്കെ, ഇത്തവണത്തെ ഇലക്ഷനില്‍ പ്രചാരണ രംഗത്ത് കാര്യമായി അദ്ദേഹം സജീവമല്ലതാനും. പാര്‍ട്ടി സീറ്റ് നിഷേധിച്ച തോമസ് ഐസക്കും സുധാകരനും പികെ ശ്രീമതിയുമൊക്കെ പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തോടെ നിശബ്ദരായതും പാര്‍ട്ടിയ്ക്കുള്ളിലെ പുതിയ വിഭാഗീയതയുടെ തുടക്കമായി വിമര്‍ശനം ഉയരുകയാണ്.
"
https://www.facebook.com/Malayalivartha