സംസ്ഥാനത്ത് 73 ശതമാനം കടന്ന് പോളിംഗ്... ഏറ്റവും കൂടുതല്‍ പോളിംഗ് കോഴിക്കോട്ടും ഏറ്റവും കുറവ് പത്തനംതിട്ടയിലുമാണ്

സംസ്ഥാനത്ത് രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകുന്നേരം ഏഴുമണിയോടെ അവസാനിച്ചു. അന്തിമ കണക്കുകള്‍ പുറത്ത് വരാനിരിക്കെ 73.58 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പോളിംഗ് കോഴിക്കോട്ടും ഏറ്റവും കുറവ് പത്തനംതിട്ടയിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്താകമാനം രാവിലെ കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഉച്ചയോടെ അന്‍പതു ശതമാനത്തിലേറെപ്പേര്‍ വോട്ടുചെയ്തു. കോട്ടയം, ഇടുക്കി ജില്ലകളില്‍ വൈകിട്ട് മഴ പെയ്തത് പോളിംഗിനെ നേരിയതോതില്‍ ബാധിച്ചു. വോട്ടു ചെയ്യാന്‍ കാത്തുനില്‍ക്കുന്നതിനിടെ നാലു പേര്‍ കുഴഞ്ഞുവീണു മരിച്ചു.കോഴിക്കോട് 77.9 ശതമാനവും പത്തനംതിട്ടയില്‍ 68.09 ശതമാനവുമാണ് പോളിംഗ്. കോഴിക്കോടിനു പിന്നാലെ കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തി. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിംഗ് നടന്നു.കാസര്‍കോട് ഏറ്റവും കൂടുതല്‍ പോളിംഗ് മഞ്ചേശ്വരത്താണ് രേഖപ്പെടുത്തിയിരിക്കുന്നത്. 76.61 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണത്തെ 76.31 ശതമാനവും കടന്നാണ് ഇത്തവണത്തെ പോളിംഗ്. ജില്ലയിലാകെ 74.65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha