തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ 6 ജില്ലകൾക്ക് ജനുവരി 15ന് പ്രാദേശിക അവധി

തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ 6 ജില്ലകൾക്ക് ജനുവരി 15ന് (വ്യാഴം) പ്രാദേശിക അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണ് ഇത്. വിളവെടുപ്പ് ഉത്സവമാണ് തൈപ്പൊങ്കൽ.
വിളവെടുപ്പിന്റെ സമൃദ്ധി നൽകിയതിനു സൂര്യദേവനു നന്ദി പറയുന്ന ആചാരമായാണ് ഇതു കൊണ്ടാടുന്നത്. ബോഗി പൊങ്കൽ, തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, കാണുംപൊങ്കൽ എന്നിവയാണ് പൊങ്കലിനോടനുബന്ധിച്ചുള്ള പ്രധാന ആഘോഷദിവസങ്ങൾ. 14നാണ് ബോഗി പൊങ്കൽ ആഘോഷിക്കുന്നത്.
പഴയ സാധനങ്ങളൊക്കെ കത്തിച്ചു കളഞ്ഞു പുതുമയെ വരവേൽക്കുകയാണ് ബോഗി പൊങ്കലിന്റെ സങ്കൽപമായുള്ളത്. വീടുകൾ ശുദ്ധിയും വൃത്തിയുമാക്കി കോലമിട്ടു അലങ്കരിക്കുകയും ചെയ്യും. 15നു തൈപ്പൊങ്കൽ ദിവസമാണ് മൺകലത്തിൽ പൊങ്കൽ നിവേദ്യം അർപ്പിക്കുക. പൊങ്കൽ അടുപ്പിനു സമീപത്തായി കരിമ്പ്, മഞ്ഞൾക്കുല, വിവിധയിനം കിഴങ്ങുവർഗങ്ങൾ, പച്ചക്കറികൾ എന്നിവയും സമർപ്പിക്കും.
മാട്ടുപ്പൊങ്കൽ ദിനമായ 16നു കാർഷിക വൃത്തിയിൽ തങ്ങൾക്കു തുണയാകുന്ന കാളകളെ ആരാധിക്കുകയാണ് സങ്കൽപം. കാളകളെ കുളിപ്പിച്ച് അലങ്കരിച്ചു കൊമ്പുകളിൽ ചായം പൂശി പൂജിക്കും. ഈ ദിവസം തമിഴ്നാട് ഗ്രാമങ്ങളിൽ ജല്ലിക്കെട്ടു നടത്തുന്നതും പതിവ് കാഴ്ചയാണ്. 17നു കാണും പൊങ്കൽ ദിവസത്തെ പ്രധാന പരിപാടി ബന്ധുക്കളുടെ വീടുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്നതാണ്.
"
https://www.facebook.com/Malayalivartha


























