ഈ ക്രിമിനല്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കോഴി രക്ഷപ്പെട്ടു പോകും: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ മുന്‍ ഡി.ജി.പി സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റും റിമാന്റുമായി ബന്ധപ്പെട്ട് മുന്‍ ഡി.ജി.പി സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. കോഴിയും പോലീസും ക്രിമിനല്‍ നിയമങ്ങളും എന്ന തലക്കെട്ടിലാണ് സെന്‍കുമാറിന്റെ പോസ്റ്റ്. ഇതില്‍ പോലീസിന്റെ കേസെടുക്കലില്‍ എന്തെങ്കിലും പിശകു സംഭവിച്ചിച്ചുണ്ടോ എന്നതില്‍ സംശയം ജനിപ്പിക്കുന്ന രീതിയിലും, പരാതിക്കാരിയെ വിളിച്ചു വരുത്താന്‍ റിപ്ലെ നല്‍കിയിട്ടുണ്ടോ എന്നും ചോദിക്കുന്നുണ്ട്. പരാതിക്കാരി സ്‌റ്റേഷനില്‍ എത്തി ഇ മെയില്‍ ഒപ്പിട്ടു നല്‍കിയിട്ടുണ്ടോ എന്നതിലും സംശയം ചോദിക്കുന്നുണ്ട്. നിരവധി ചോദ്യങ്ങളാണ് സെന്‍കുമാര്‍ ഉന്നയിച്ചിട്ടുള്ളത്.
ആ ചോദ്യങ്ങളെല്ലാം ചോദിക്കുന്നത്, പോലീസിന്റെ തലപ്പിത്തിരുന്ന മുന്‍ ഡി.ജി.പി കൂടിയാണെന്നതാണ് കൂടുതല്‍ ഗൗരവമാകുന്നതും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് പരാമര്‍ശിക്കാതെ കോഴിയുടെ പടവും, കോഴി രക്ഷപ്പെടുന്നതിനെ കുറിച്ചും പോലീസിന് മുന്നറിയിപ്പായിട്ടാണ് സെന്‍കുമാറിന്റെ പോസ്റ്റ്. എന്നാല്‍, ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്, രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്യുന്നതിനു മുമ്പുള്ള നിയമപരമായ പ്രൊസീജിയര്‍ നടത്തിയിട്ടില്ല എന്ന ബലമായ സംശയം തന്നെയാണ്. മുഖ്യമന്ത്രിയോട് പരാതിക്കാരി നടത്തിയ പരിദേവനം മാത്രമായിരുന്നോ അത്. പോലീസ് കണ്മില്‍ നോക്കുമ്പോള്‍ സെന്‍കുമാര്‍ ചോദിച്ചിരിക്കുന്ന ചോദ്യങ്ങള്‍ പ്രസക്തമാണ്. എന്നാല്‍, മുഖ്യമന്ത്രിക്ക് ആഭ്യന്തര മന്ത്രിയുടെ ചുമതല ഉള്ളതു കൊണ്ടും, ആര്‍ക്കും പരാതി പറയാന്‍ അവകാശമുള്ള ജനപ്രതിനിധിയും, കേരളത്തിന്റെ മുഖ്യമന്ത്രി ആയതുകൊണ്ടും, ആ പരാതിക്ക് വിലയുണ്ട്.
അത് പോലീസിന് ഫോര്‍വേഡ് ചെയ്യുമ്പോള്‍ അത് അന്വേഷിക്കാനും വേണമെങ്കില്‍ കേസെടുത്ത്, പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്യാനും അധികാരവുമുണ്ട്. എന്നാല്‍, ഈ കേസില്‍, കോഴി രക്ഷപ്പെടുമെന്ന് മുന്‍കൂട്ടി മുന്‍ ഡി.ജി.പി സെന്‍കുമാര്‍ പറയുമ്പോള്‍, ഓര്‍ക്കേണ്ടത്, കേസ് കോടതിയില്‍ എത്തിയാല്‍ കോഴിക്ക് ജാമ്യം കിട്ടുമെന്നു തന്നെയാണ്. മാത്രമല്ല, ഈ കേസില്‍ ശിക്ഷിക്കാനും വകുപ്പില്ല എന്നാണ്.
അതിനുള്ള കാരണമായാണ് സെന്‍കുമാര്‍ ചില ചോദ്യങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പോലീസിനോടു ചോദിക്കുന്നത്. ആ ചോദ്യങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ പ്രസക്തി ഏറുമെന്നുറപ്പാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണെന്നും, ശബരിമല സ്വര്‍ണ്ണ മോഷണത്തിന്റെ തുടര്‍ അറസ്റ്റുകളില്‍ നിന്നും ശ്രദ്ധതിരിക്കാനുമാണെന്ന രാഷ്ട്രീയ മാനം കൂടിയുണ്ട്. അപ്പോഴും സെന്‍കുമാര്‍ എന്തുകൊണ്ട് പോലീസിനോട് ഇത്തരം നിയമപരമായ വശങ്ങള്‍ ചോദ്യമായി ഉന്നയിച്ചുവെന്നത് മനസ്സിലാക്കേണ്ടതുണ്ട്.
സെന്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ
കോഴിയും പോലീസും ക്രിമിനല്‍ നിയമങ്ങളും ഒരു സൈക്കിക് കോഴിയെ പോലീസ് പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിയമപരമായ കാര്യങ്ങള്‍, അത് താഴെ പറയുന്നവയാണ്. പോലീസിനും കോടതിക്കും ബലാത്സംഗ പരാതിയിലെ ബാലപാഠങ്ങള്‍ അറിയേണ്ടേ?. ഒരു ബലാത്സംഗ പരാതി കാനഡയില്‍ നിന്നും ഇ മെയില്‍ ആയി പരാതിക്കാരി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കു ബി.എന്‍.എസ്.എസ്, വകുപ്പ് 173(1)(ശശ) ലഭിച്ചിട്ടുണ്ടോ?. അപ്രകാരം ലഭിച്ചിട്ടുണ്ടെങ്കില്‍, മൂന്നാം ദിനം പരാതിക്കാരിയെ വിളിച്ചു വരുത്തുന്നതിനു പോലീസ് ഓഫീസര്‍ റിപ്ലൈ മെയില്‍ അയച്ചിട്ടുണ്ടോ?. റിപ്ലൈ മെയില്‍ അയച്ചിട്ടുണ്ടെങ്കില്‍, പരാതിക്കാരി സ്‌റ്റേഷനില്‍ വന്നു ഇ മെയില്‍ ഒപ്പിട്ടു നല്‍കിയോ?. അങ്ങിനെ നല്‍കിയാല്‍ മാത്രം അല്ലേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ?. ഇനി പോട്ടെ, നിയമ വിരുദ്ധമായിട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ പോലും, പരാതിക്കാരിയെ ബി.എന്‍.എസ്.എസ്, വകുപ്പ് 184(1) പ്രകാരം കേസ് എടുത്ത തിയതി മുതല്‍ 24 മണിക്കൂറിനകം അതിജീവിതയെ വൈദ്യ പരിശോധന നടത്തിയോ?. പോട്ടെ, അങ്ങിനെ വൈദ്യ പരിശോധന പോലും നടത്താതെ എങ്ങിനെ ആണ് വകുപ്പ് 35(1)((യ) പ്രകാരം പരാതി വിശ്വാസ യോഗ്യം ആകുക?. എങ്ങിനെ ആണ് വകുപ്പ് 47(1) പ്രകാരം അറസ്റ്റിന്റെ കാരണങ്ങള്‍ അറിയിക്കാന്‍ കഴിയുക?. എങ്ങിനെ ആണ് 187(1) പ്രകാരം കോടതിക്ക് റിമാന്‍ഡ് ചെയ്യാന്‍ കഴിയുക?. എങ്ങിനെ ആണ് മുഖ്യമന്ത്രിയോട് പരാതിക്കാരി നടത്തുന്ന പരിദേവനം ക്രിമിനല്‍ നടപടി ആവുക?. ഈ ക്രിമിനല്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കോഴി രക്ഷപ്പെട്ടു പോകും. അത് പോലീസ് അറിയുക.
https://www.facebook.com/Malayalivartha
























