ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം.... ഇന്ത്യയുടെ ടോപ് സ്‌കോറർ

ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം. 91 പന്തിൽ നിന്ന് 93 റൺസ് നേടിയ വിരാട് കോഹ് ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ന്യൂസിലൻഡ് ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തിൽ ആറ് പന്തുകൾ ശേഷിക്കെ ഇന്ത്യ മറികടക്കുകയും ചെയ്തു.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടി ഗിൽ- കോഹ് ലി സഖ്യമാണ് മികച്ച കൂട്ടുകെട്ടൊരുക്കിയത്. 118 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. ഗിൽ(56) പുറത്തായ ശേഷം ശ്രേയസുമായി ചേർന്ന് കോഹ് ലി സ്‌കോറിങ് വേഗത്തിലാക്കിയെങ്കിലും സെഞ്ച്വറിക്കരികെ വീണു. എട്ട് ഫോറും ഒരു സിക്‌സുമാണ് താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.
പിന്നീടെത്തിയ ജഡേജ 4 റൺസ് എടുത്ത് മടങ്ങിയെങ്കിലും അയ്യരും, രാഹുലും ചേർന്ന് സ്‌കോർ ചലിപ്പിച്ചു. അർധ സെഞ്ച്വറിക്കരികെ ശ്രേയസ് പുറത്തായി. പിന്നീട് 23 പന്തിൽ നിന്ന് 29 റൺസ് നേടിയ ഹർഷിത് റാണയുടെ ഇന്നിങ്‌സ് ഇന്ത്യയെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു. 47 മത്തെ ഓവറിലാണ് റാണ പുറത്താകുന്നത്. രാഹുലും(21 പന്തിൽ 29) വാഷിങ്ടൺ സുന്ദറും(7) ചേർന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
ഇന്ത്യൻ നിരയിൽ രോഹിത് ശർമ(29 പന്തിൽ 26), ശുഭ്മാൻ ഗിൽ(71 പന്തിൽ 56), ശ്രേയസ് അയ്യർ(47 പന്തിൽ നിന്ന് 49) ഹർഷിത് റാണ(23 പന്തിൽ 29) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























