ഇന്ത്യൻ മൈലോമ കോൺഗ്രസ് സമാപിച്ചു...

രോഗ സാധ്യതയുള്ളവരിൽ പ്രാരംഭഘട്ടത്തിൽ ഭക്ഷണക്രമീകരണങ്ങളിലൂടെ മജ്ജയിലെ പ്ലാസ്മ കോശങ്ങളെ ബാധിക്കുന്ന രക്താർബുദമായ മൈലോമയെ ഒരു പരിധിവരെ ചെറുക്കാമെന്ന് വിദഗ്ദർ. കൊച്ചി അമൃത ആശുപത്രിയിൽ സമാപിച്ച മൈലോമ കോൺഗ്രസിലാണ് മൈലോമ രോഗ സാധ്യത ഉള്ളവരിൽ പ്രാരംഭ ഘട്ടത്തിൽ റിഫൈൻ ചെയ്യാത്ത സസ്യാഹാര ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ രോഗ പുരോഗതി ഒരു പരിധിവരെ തടയാൻ കഴിയുമെന്ന ശ്രദ്ധേയമായ കണ്ടെത്തൽ ഡോ . ഉർവി ഷാ അവതരിപ്പിച്ചത്. മജ്ജയിലെ പ്ലാസ്മ കോശങ്ങളെ ബാധിക്കുന്ന അർബുദമായ മൈലോമയുടെ നൂതന ചികിത്സാരീതികൾ അവതരിപ്പിച്ച ഇന്ത്യൻ മൈലോമ കോൺഗ്രസിൽ അഞ്ഞൂറോളം പേർ പങ്കെടുത്തു.
മൈലോമ ചികിത്സയിലും ഗവേഷണത്തിലും ആഗോളതലത്തിൽ നടക്കുന്ന മാറ്റങ്ങളെ കുറിച്ച് ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ധർ വിഷയാവതരണം നടത്തി. സമ്മേളനത്തിൽ കാർ-ടി സെൽ തെറാപ്പി , ബൈറ്റ് തെറാപ്പി എന്നീ നൂതന ചികിത്സാരീതികൾ ചർച്ചയായി .
പ്രാരംഭഘട്ടത്തിൽ തന്നെ ചികിത്സ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെപറ്റി സംവാദം സംഘടിപ്പിച്ചു . അമൃത ആശുപത്രിയിൽ നടന്ന സമ്മേളനത്തിൽ ഡോക്ടർമാരായ നിഖിൽ കൃഷ്ണ ഹരിദാസ്, മനോജ് ഉണ്ണി, സൗരഭ്, സഞ്ജു സിറിയക്, അബ്ദുൽ മജീദ്, ബോബൻ തോമസ്, ഉണ്ണി എസ്. പിള്ള, ഉണ്ണികൃഷ്ണൻ, ഷാജി കെ. കുമാർ തുടങ്ങിയവർ മൈലോമ ബാധിതരായ രോഗികളുമായി ആശയവിനിമയം നടത്തി. സമാപന ദിവസം വിവിധ സെഷനുകളിൽ ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം മേധാവി ഡോ. നീരജ് സിദ്ധാർത്ഥൻ, ഡോ.വീ ജൂ ചുങ്, ഡോ. നിഖിൽ സി. മുൻഷി തുടങ്ങിയവർ പ്രഭാഷണം നടത്തി.
https://www.facebook.com/Malayalivartha
























