ഈ കേസിൽ ക്രൈം നിലനിൽക്കില്ല, രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം: അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്‌ട്രേറ്റ്; മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു...

മൂന്നാമത്തെ ബലാത്സംഗക്കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ട് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ഇക്കാര്യം വ്യക്തമാക്കി കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. രാഹുലിനെ നാളെ നേരിട്ട് ഹാജരാക്കാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവെടുപ്പുകൾ കണ്ടെത്തുന്നതിനായി പ്രതിയെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, രാഹുലിന് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
ഈ കേസിൽ ക്രൈം നിലനിൽക്കില്ല എന്ന് പ്രതിഭാഗം വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്‌ട്രേറ്റ് ചോദിച്ചു. കസ്റ്റഡി അപേക്ഷയിലും ജാമ്യാപേക്ഷയിലും പ്രതിയെ ഹാജരാക്കിയ ശേഷം നാളെ കോടതി അന്തിമ തീരുമാനം എടുത്തേക്കുമെന്നാണ് സൂചന.
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎയ്ക്കെതിരായ മൂന്നു പരാതിയിലും തെരഞ്ഞെടുപ്പിനു മുൻപ് കുറ്റപത്രം നൽകും. ജാമ്യം കിട്ടി പുറത്തിറങ്ങുന്ന സ്ഥിതി തടയുക എന്നതാണ് ലക്ഷ്യം. അങ്ങനെ വന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാമെന്ന രാഹുലിൻ്റെ പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
കോൺഗ്രസിലെ ഒരു വിഭാഗത്തിൻ്റെ രഹസ്യ പിന്തുണയോടെ പാലക്കാടോ ആറന്മുളയിലോ സ്വതന്ത്രനായി മത്സരിക്കാമെന്ന മോഹം രാഹുലിന് ഉണ്ടായിരുന്നു. വിവാദങ്ങൾ തൻ്റെ ജന പിന്തുണ കുറച്ചിട്ടില്ലെന്നും മത്സരിച്ചാൽ താൻ വിജയിക്കുമെന്നും രാഹുലിനും ഒപ്പമുള്ളവർക്കും വിശ്വാസമുണ്ടായിരുന്നു. മന്നം ജയന്തി സമ്മേളന വേദിയിൽ എത്തി തനിക്കു ഒന്നും സംഭവിച്ചിട്ടില്ലെന്നു സ്ഥാപിക്കാൻ രാഹുലിൻ്റെ ഭാഗത്തു നിന്നും ശ്രമങ്ങൾ നടത്തിയതും ഇതിൻ്റെ ഭാഗമാണ്. തിരിച്ചു വരാനുള്ള രാഹുലിൻ്റെ ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണ് മൂന്നാം പരാതിയും തുടർന്നുള്ള അറസ്റ്റും.
https://www.facebook.com/Malayalivartha
























