ബേപ്പൂരില്‍ നിന്ന് മീന്‍പിടിത്തത്തിനു പോയ ബോട്ടില്‍ വിദേശ കപ്പലിടിച്ച് മൂന്നു മരണം ... കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുന്നു....
ബേപ്പൂരില്‍ നിന്ന് മീന്‍പിടിത്തത്തിനു പോയ ബോട്ടില്‍ വിദേശ കപ്പലിടിച്ച് മൂന്നു മരണം. അന്യസംസ്ഥാനക്കാരായ മൂന്നു പേരാണ് മരിച്ചത്. രണ്ടു പേരെ രക്ഷപ്പെടുത്തി. കാണാതായ ഒന്‍പതു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.
ബേപ്പൂരിലെ ജാഫറിന്റെ ഉടമസ്ഥതയിലുള്ള റബ്ബ എന്ന ബോട്ടാണ് മംഗളൂരു തുറമുഖത്തു നിന്ന് 60 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ അപകടത്തില്‍പ്പെട്ടത്. ബോട്ടില്‍ മലയാളികള്‍ ഉണ്ടായിരുന്നില്ല. പശ്ചിമബംഗാള്‍ സ്വദേശി മണിക്ദാസ്, തമിഴ്നാട് കുളച്ചല്‍ സ്വദേശി അലക്സാണ്ടര്‍, ഇദ്ദേഹത്തിന്റെ ബന്ധു എന്നിവരുടെ മൃതദേഹം കോസ്റ്റ്ഗാര്‍ഡ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തി.
പശ്ചിമ ബംഗാള്‍ സ്വദേശിസുനില്ദാസ്, തമിഴ്നാട് സ്വദേശി വേല്മുരുകന് എന്നിവരെ രക്ഷപ്പെടുത്തി തീരത്തെത്തിച്ചു.സിംഗപ്പൂരില്‍ നിന്നുള്ള എം.വി എ.പി.എല്‍ ലീ ഹാവ് റേ എന്ന ചരക്കുകപ്പലാണ് ബോട്ടില്‍ ഇടിച്ചതെന്നാണ് വിവരം. തകര്‍ന്ന ബോട്ട് ഏതാണ്ട് പൂര്‍ണമായും കടലില്‍ താഴ്ന്ന നിലയിലാണ്.
ബേപ്പൂര്‍ തുറമുഖത്തു നിന്ന് ഞായറാഴ്ച രാത്രിയാണ് പത്തു ദിവസം കടലില്‍ കഴിയാനുള്ള ഒരുക്കങ്ങളുമായി ബോട്ട് പുറപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയുണ്ടായ അപകടം രാവിലെയാണ് മംഗളൂരു കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ അറിഞ്ഞത്.കോസ്റ്റ്ഗാര്‍ഡിന്റെ രാജ്ദൂത് എന്ന കപ്പലിനും നാവിക സേനാ ഹെലികോപ്ടറിനും പുറമെ മീന്‍പിടിത്ത ബോട്ടുകളും തെരച്ചിലിനുണ്ട്.
മൊബൈല്‍ റേഞ്ച് ലഭിക്കാത്തതിനാല്‍ തീരത്തോടു ചേര്‍ന്ന് കപ്പല്‍ എത്തിയതാണ് അപകടത്തിനു കാരണമായതെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha