യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്

ജൂണ്‍ 30ന് നടന്ന യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയിലെ ചോദ്യപേപ്പറില്‍ ഗുരുതര പാകപ്പിഴ. പരീക്ഷയില്‍ തെറ്റായ ചോദ്യങ്ങളുള്‍പ്പടെ നല്‍കിയിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപണം ഉന്നയിച്ചതോടെ ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിനെ ഇതെങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വ്യക്തതവന്നിട്ടില്ല.
ചോദ്യപേപ്പറുകളിലെ അച്ചടിപ്പിശകുകള്‍, പ്രമുഖ സമൂഹശാസ്ത്രജ്ഞരുടെ പേരുകളിലെ തെറ്റുകള്‍, ഹിന്ദി പരിഭാഷയിലെ അപാകതകള്‍, വ്യാകരണപ്പിഴവുകള്‍ എന്നിവ ഉണ്ടായിരുന്നതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ചില ചോദ്യങ്ങള്‍ നിര്‍ദ്ദിഷ്ട സിലബസിന് പുറത്തായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. പരീക്ഷയിലെ ഏകദേശം 67 ചോദ്യങ്ങള്‍ മുന്‍ വര്‍ഷങ്ങളിലെ യുജിസിനെറ്റ് പരീക്ഷകളില്‍നിന്ന് ആവര്‍ത്തിച്ചതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇത് പരീക്ഷയുടെ പുതുമയും നിലവാരവും നഷ്ടപ്പെടുത്തിയെന്നാണ് വിമര്‍ശനം.
'അച്ചടിപ്പിശകുകള്‍ സാധാരണ സംഭവിക്കാവുന്നതാണ്. മാദ്ധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമാണ് വിഷയം ശ്രദ്ധയില്‍പ്പെട്ടത്. നിലവില്‍ പരിശോധന നടക്കുകയാണ്. ഇതുവരെ വിദ്യാര്‍ത്ഥികളില്‍നിന്ന് നേരിട്ട് പരാതികള്‍ ലഭിച്ചിട്ടില്ല' എന്‍ടിഎ പ്രതികരിച്ചു.
അതേസമയം, ജൂണ്‍ 29ന് നടന്ന യുജിസി നെറ്റ് സൈക്കോളജി പരീക്ഷയിലും സമാനമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സിലബസിനോട് പൊരുത്തപ്പെടാത്ത ചോദ്യങ്ങള്‍ ഉള്‍പ്പെട്ടതായും ചില പരീക്ഷാകേന്ദ്രങ്ങളില്‍ സൗകര്യങ്ങള്‍ കുറവായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. പരീക്ഷാ പ്രക്രിയയുടെ നിലവാരവും ചോദ്യനിര്‍മാണ രീതിയും ശക്തമായി വിലയിരുത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
https://www.facebook.com/Malayalivartha























