വഴിയില്‍ കുടുങ്ങാതിരിക്കാന്‍... കേരളത്തില്‍ ലോക്ഡൗണ്‍ കടുപ്പിച്ച് പോലീസ്; അടിയന്തര യാത്രയ്ക്ക് പൊലീസ് പാസ് നിര്‍ബന്ധമാക്കി; പാസില്ലെങ്കില്‍ കേസെടുക്കും; നിശ്ചിത സ്ഥലത്തേക്ക് നിശ്ചിത സമയത്തേക്ക് പോകാനാണ് പാസ് നല്‍കുക

സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ കടുപ്പിക്കുകയാണ്. വെറുതേ യാത്രചെയ്താല്‍ പോലീസ് പിടികൂടി കേസ് എടുക്കുന്നതാണ്. അതിനാല്‍ പോലീസിന്റെ പാസെടുത്ത് മാത്രം യാത്ര ചെയ്യുക.
അടിയന്തര യാത്രയ്ക്ക് ഇന്നു മുതല്‍ പോലീസ് പാസ് നിര്‍ബന്ധമാണ്. പാസ് കൈവശമില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും. നിശ്ചിത സ്ഥലത്തേക്ക് നിശ്ചിത സമയത്ത് പോയി വരാനുള്ള പാസാണ് നല്‍കുക. ആ സ്ഥലത്തേക്കേ യാത്ര പാടുള്ളൂ. പാസ് ലഭിക്കുന്ന വ്യക്തിക്കു മാത്രമാണ് യാത്ര. മറ്റൊരാളെ കൂട്ടാനാവില്ല.
അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, രോഗിയെ ചികിത്സയ്ക്കായി കൊണ്ടുപോകല്‍ മുതലായവയ്ക്കു മാത്രമേ ജില്ലവിട്ട് യാത്ര അനുവദിക്കൂ.
പാസ് എടുക്കുന്നതെങ്ങനെ?
ആദ്യമായി പോലീസിന്റെ pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കയറുക
'പാസ് ' എന്നതിനു താഴെ പേര്, വിലാസം, വാഹനത്തിന്റെ നമ്പര്‍, പോകേണ്ട സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍ നല്‍കണം
അവശ്യ വിഭാഗത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ക്കുവേണ്ടി തൊഴില്‍ദായകര്‍ക്കും അപേക്ഷിക്കാം.
വീട്ട് ജോലിക്ക് പോകുന്നവര്‍ പോകുന്ന വീട് കാണിച്ച് അപേക്ഷിക്കണം. വീട്ടുടമയ്ക്കും പാസെടുത്ത് നല്‍കാം.
വിവരങ്ങള്‍ പരിശോധിച്ച ശേഷം പാസ് ലഭിക്കുന്നതാണ്. വെബ്‌സൈറ്റില്‍ നിന്നു പാസ് ഡൗണ്‍ലോഡ് ചെയ്യാം.
യാത്രാ വേളയില്‍ പാസിനോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡും കരുതണം.
വാക്‌സിനേഷനു പോകുന്നവര്‍ക്കും അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ തൊട്ടടുത്തുളള കടകളില്‍ പോകുന്നവര്‍ക്കും സത്യവാങ്മൂലം മതി. അതിന്റെ മാതൃക വെബ്‌സൈറ്റില്‍ ലഭിക്കും. ഈ മാതൃകയില്‍ വെളളപേപ്പറില്‍ സത്യവാങ്മൂലം തയ്യാറാക്കിയാലും മതി.
കൂടുതല്‍ തൊഴിലാളികള്‍ ആവശ്യമായ നിര്‍മ്മാണമേഖലകളില്‍ പണി നിറുത്തി വച്ചു. വീട് പണിയടക്കം വളരെ കുറച്ച് ജോലിക്കാര്‍ മാത്രമുള്ള നിര്‍മ്മാണങ്ങള്‍ പാസ് എടുത്ത് തുടരാം.
അപേക്ഷയുടെ ഗൗരവം അനുസരിച്ചായിരിക്കും പാസ് അനുവദിക്കപ്പെടുന്നത്. അപേക്ഷിച്ചതിന് ശേഷം ലിങ്കിലെ ചെക്ക് സ്റ്റാറ്റസ് മെനുവില്‍ നിന്നും പാസ് അനുവദിക്കപ്പെട്ടിട്ടുണ്ടോ എന്ന വിവരം മനസിലാക്കാവുന്നതാണ് . ഈ പാസ് പ്രിന്റെടുത്തോ സ്‌ക്രീന്‍ ഷോട്ടായോ യാത്രയില്‍ ഉപയോഗിക്കാം.
ഈ വിവരങ്ങള്‍ പോലീസ് കണ്‍ട്രോള്‍ സെന്ററില്‍ പരിശോധിച്ച ശേഷം യോഗ്യമായ അപേക്ഷകള്‍ക്ക് അനുമതി നല്‍കുന്നതാണ്. യാത്രക്കാര്‍ക്ക് തങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് വെബ്‌സൈറ്റില്‍ നിന്നു മൊബൈല്‍ നമ്പര്‍, ജനന തീയതി എന്നിവ നല്‍കി പരിശോധിക്കാവുന്നതും, അനുമതി ലഭിച്ചതായ യാത്ര പാസ് ഡൗണ്‍ലോഡ് ചെയ്‌തോ, സ്‌ക്രീന്‍ ഷോട്ട് എടുത്തോ ഉപയോഗിക്കാവുന്നതാണ് .
യാത്രാ വേളയില്‍ ഇവയോടൊപ്പം അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന തിരിച്ചറിയല്‍ രേഖയും പോലീസ് പരിശോധനയ്ക്കായി നിര്‍ബന്ധമായും ലഭ്യമാക്കണം. അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പോലീസ് പാസിന്റെ ആവശ്യമില്ല.
അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാന്‍ ലഭ്യമാക്കിയിട്ടുള്ള ഈ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും, തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha
























