20ന് വൈകുന്നേരം ഓക്കെ... ലോക് ഡൗണ്‍ കഴിഞ്ഞ് സാവകാശം സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങി പുതിയ മന്ത്രിസഭ; 20ന് വൈകുന്നേരത്തുള്ള സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ സത്യപ്രതിജ്ഞയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല; ഏകാംഗ കക്ഷികളെ കൂടി ഉള്‍പ്പെടുത്താന്‍ നീക്കം

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ എന്താ വൈകുന്നേയെന്ന് കഴിഞ്ഞ ദിവസം പത്രസമ്മേളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ചിരുന്നു. എന്നാല്‍ തികഞ്ഞ ചിരിയിലാണ് മറുപടി പറഞ്ഞത്.
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20ന് വൈകിട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ പ്രവേശനം ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമായി ചുരുക്കി. പൊതുജനങ്ങള്‍ക്കു ചടങ്ങില്‍ പ്രവേശനമുണ്ടാകില്ല. മന്ത്രിസഭയില്‍ 21 അംഗങ്ങള്‍ വരെ ആകാമെന്നു സിപിഎം-സിപിഐ ചര്‍ച്ചയില്‍ ധാരണയായിരുന്നു. മറ്റു ഘടക കക്ഷികളുടെ അവകാശ വാദങ്ങള്‍ കൂടി കണക്കിലെടുത്തേ എണ്ണം സംബന്ധിച്ച് അവസാന തീരുമാനം എടുക്കൂ.
സിപിഐക്ക് 4 മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറുമാണു ധാരണ. കേരള കോണ്‍ഗ്രസിനെ (എം) പരിഗണിക്കേണ്ട സാഹചര്യത്തില്‍ കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് സ്ഥാനം സിപിഐ വിട്ടുകൊടുത്തേക്കും. ഏകാംഗ കക്ഷികള്‍ക്കു മന്ത്രിസ്ഥാനം ഉണ്ടാകില്ലെന്നാണു സൂചന. എന്നാല്‍, ഇക്കാര്യത്തില്‍ അവസാന തീരുമാനം എടുത്തിട്ടില്ലെന്നു നേതാക്കള്‍ പറഞ്ഞു. 17ന് എല്‍ഡിഎഫ് യോഗത്തിനു മുന്‍പായി ഇരുപാര്‍ട്ടികളും തമ്മില്‍ വീണ്ടും ചര്‍ച്ച നടക്കും. 18ന് സിപിഎം സംസ്ഥാന കമ്മിറ്റി മന്ത്രിമാരെ നിശ്ചയിക്കും.
അതേസമയം മന്ത്രിസഭാ രൂപീകരണത്തില്‍ ഏകാംഗ കക്ഷികളുടെ മുന്നില്‍ വഴിയടച്ച സമീപനം സിപിഎം സ്വീകരിക്കില്ല. എന്നാല്‍ അങ്ങനെയുള്ള ആറു പേര്‍ക്കും പ്രാതിനിധ്യം നല്‍കാനും സാധ്യതയില്ല.
പ്രശ്‌നം തീരാന്‍ സഹായകരമാണെങ്കില്‍ തങ്ങളുടെ മന്ത്രിമാരുടെ എണ്ണം ഒന്നു കുറയ്ക്കാന്‍ സിപിഎം തയാറാകും. സിപിഐ കാബിനറ്റ് പദവിയുള്ള ചീഫ് വിപ് സ്ഥാനവും വിട്ടുകൊടുക്കും. പക്ഷേ യോജിച്ച ഫോര്‍മുല ഉരുത്തിരിയാതിരുന്നാല്‍ ആറു പേരും പുറത്തു നില്‍ക്കേണ്ടി വരും.
പ്രശ്‌ന പരിഹാര വഴികളുടെ തുടക്കം കുറിച്ചുകൊണ്ട് ജനതാദളിനോടും (എസ്) ലോക് താന്ത്രിക് ജനതാദളിനോടും (എല്‍ജെഡി) എത്രയും വേഗം ലയിക്കാന്‍ സിപിഎം ആവശ്യപ്പെട്ടു. ഇരു ദളിനെയും രണ്ടു പാര്‍ട്ടികളായി കണ്ടു രണ്ടു മന്ത്രിസ്ഥാനം നല്‍കാന്‍ കഴിയില്ലെന്നു വ്യക്തമാക്കി. ലയനത്തിനു ശ്രമിക്കാം എന്ന മറുപടിയാണ് ദളുകള്‍ നല്‍കിയിരിക്കുന്നത്.
ഇരുപാര്‍ട്ടികളും ലയനത്തിനു തയാറായാല്‍ പിന്നെ ഏകാംഗ കക്ഷികള്‍ അഞ്ചായി കുറയും. അതില്‍ കോവൂര്‍ കുഞ്ഞുമോന്‍ ഇടതുമുന്നണിയിലെ ഘടക കക്ഷിയല്ല. മുന്നണിക്കു പുറത്തു നിര്‍ത്തി സഹകരിപ്പിക്കുന്ന കുഞ്ഞുമോനെ മന്ത്രിസഭാ രൂപീകരണത്തില്‍ അക്കാര്യം ചൂണ്ടിക്കാട്ടി ഒഴിവാക്കിയാല്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ് എസ്), അഹമ്മദ് ദേവര്‍കോവില്‍ (ഐഎന്‍എല്‍), കെ.ബി.ഗണേഷ്‌കുമാര്‍ (കേരള കോണ്‍ഗ്രസ് ബി), ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍.) എന്നിങ്ങനെ നാലു പേരാണ് അവശേഷിക്കുന്നത്.
മന്ത്രിസഭാംഗങ്ങളുടെ എണ്ണം നിലവിലെ 20ല്‍ നിന്ന് 21 ആയി ഉയര്‍ത്തും. സിപിഎം 12, സിപിഐ 4, കേരള കോണ്‍ഗ്രസ് 1, എന്‍സിപി 1, ദള്‍ ഗ്രൂപ്പുകള്‍1 എന്ന നിലയില്‍ വിഭജിച്ചാല്‍ പിന്നീടു 2 മന്ത്രി സ്ഥാനമുണ്ട്. നാലില്‍ രണ്ടു പേരെ പരിഗണിക്കണോ അതോ അവര്‍ക്കിടയില്‍ ഊഴം വച്ചു നല്‍കണോ എന്നതെല്ലാം ചര്‍ച്ച ചെയ്യും. 2 മന്ത്രിസ്ഥാനം ചോദിച്ച കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനവും സിപിഐയുടെ പക്കലുള്ള ചീഫ് വിപ് പദവിയും നല്‍കാനാണു സാധ്യത.
സിപിഎമ്മിനും സിപിഐക്കും മാത്രം 84 സീറ്റ് ഉണ്ടെങ്കിലും അതിന്റെ പേരില്‍ ചെറു കക്ഷികളെ എല്ലാം മന്ത്രിസഭയില്‍ നിന്നു തഴഞ്ഞെന്നു ചിത്രീകരിക്കാന്‍ സിപിഎം ഉദ്ദേശിക്കുന്നില്ല. മന്ത്രിസഭാ രൂപീകരണ വേളയില്‍ തന്നെ മുന്നണിയില്‍ കലഹം ഉയര്‍ന്നെന്ന പ്രതീതിക്ക് അതു വഴി വച്ചേക്കുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
തിങ്കള്‍ മുതല്‍ ബുധന്‍ വരെ വിവിധ കക്ഷികളുമായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും ചര്‍ച്ച നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ 17ലെ എല്‍ഡിഎഫ് യോഗത്തിനു മുന്‍പായി സിപിഐയുമായി ഒരു വട്ടം കൂടി ആശയവിനിമയം നടത്തി മന്ത്രിസഭാ വിഭജനം അന്തിമമാക്കാനാണു ധാരണ.
"
https://www.facebook.com/Malayalivartha
























