മാതൃദിനത്തില്‍ മനസില്‍ തൊട്ട്... വല്ലാത്തൊരു സമയത്താണ് മക്കളുടെ അച്ഛന്‍ പോവുന്നത്; ഈശ്വരാ എന്റെ കുഞ്ഞുങ്ങള്‍ വഴി തെറ്റി പോവാതെ മിടുക്കരായി വരണമേ എന്നായിരുന്നു അന്നത്തെ വലിയ പ്രാര്‍ത്ഥന; കുഞ്ഞുങ്ങളായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം; ഇപ്പോള്‍ കൊച്ചുമക്കളാണ് വലിയ സന്തോഷം

മലയാളത്തിലെ പ്രമുഖ നടന്‍മാരായ പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരുടെ അമ്മയായ മല്ലിക സുകുമാരന് മാതൃദിനത്തില്‍ പറയാനുള്ളത് ഹൃദയത്തില്‍ തൊടുന്ന അനുഭവങ്ങളാണ്. നടന്‍ സുകുമാരന്‍ മരിക്കുമ്പോള്‍ മക്കളായ ഇന്ദ്രജിത്ത് പന്ത്രണ്ടിലും പൃഥ്വിരാജ് ഒമ്പതിലും പഠിക്കുകയാണ്. എന്തിനും ഏതിനും സുകുവേട്ടനോട് അഭിപ്രായം ചോദിക്കുന്ന മല്ലികയ്ക്ക് ഭര്‍ത്താവിന്റെ വിയോഗം ജീവിത്തിലുണ്ടാക്കിയത് പെട്ടെന്നൊരു ശൂന്യതയാണ്. മക്കള്‍, അവരുടെ പഠനം, ഭാവി. ഒരുപാട് ഇടിമിന്നലുകള്‍ ആ അമ്മ മനസ്സിലൂടെ കടന്നുപോയി.
വല്ലാത്തൊരു സമയത്താണ് മക്കളുടെ അച്ഛന്‍ പോവുന്നത്. ഈശ്വരാ എന്റെ കുഞ്ഞുങ്ങള്‍ വഴി തെറ്റി പോവാതെ മിടുക്കരായി വരണമേ എന്നായിരുന്നു അന്നത്തെ വലിയ പ്രാര്‍ത്ഥന. അവരെ വളര്‍ത്താന്‍ ഞാന്‍ നന്നായി പാടുപെട്ടു. ഒരുപാട് അധ്വാനിച്ചു... ആ അധ്വാനത്തിന് ഫലം കണ്ടു. സ്‌നേഹനിധിയായ മക്കളും അവരുടെ കുടുംബവും.
ആദ്യകുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയം അന്ന് മല്ലികയ്ക്ക് 25 വയസാണ്. അമ്മയാവാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷം നിറഞ്ഞ കാലം. സുകുവേട്ടനാവട്ടെ ജനിക്കാനിരിക്കുന്ന കുഞ്ഞിന് പേരിടാനുള്ള ആലോചനകളിലും. എന്റെ അച്ഛനിട്ട പോലെ സുകുമാരന്‍ എന്നൊന്നും പേരുവേണ്ടെന്ന് ഇടയ്ക്ക് തമാശയും പറയും. നമ്മുടെ മക്കളുടെ പേര് അവര്‍ പഠിക്കുന്ന സ്‌കൂളില്‍ വേറെയാര്‍ക്കും ഉണ്ടാവാന്‍ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അങ്ങനെയാണ് മൂത്തവന് ഇന്ദ്രജിത്ത് എന്നും രണ്ടാമത്തേവന് പൃഥ്വിരാജെന്നും പേരിട്ടത്. സൈനിക് സ്‌കൂളില്‍ അവര്‍ പഠിച്ചിറങ്ങുന്നതുവരെ അതുപോലൊരു പേരുകാര്‍ അവിടെ വന്നിട്ടില്ല.
നന്നായി പഠിപ്പിക്കാന്‍ ആഗ്രഹിച്ചപ്പോഴും മക്കളുടെ മനസ്സിലെ കലയുടെ തളിര്‍പ്പ് കാണാന്‍ മല്ലികയെന്ന അമ്മയ്ക്ക് കഴിഞ്ഞിരുന്നു. മൂത്തവന്‍ ഇന്ദ്രന്‍ നന്നായി പാടി. ഇളയവന്‍ രാജു സിനിമയുടെയും ക്യാമറയുടെയും ലെന്‍സിന്റെയുമൊക്കെ പിന്നാലെ കൂടി. രണ്ടിനും അമ്മ പിന്നാലെ നിന്നു. എല്ലാ കാര്യത്തിലും ചെറിയ ഉപദേശങ്ങളും തിരുത്തലുകളുമൊക്കെ മക്കളോട് പറയാറുണ്ട്. അത് അന്നുമുണ്ട്, ഇന്നുമുണ്ട്.
ഒറ്റരക്ഷിതാവെന്ന സമ്മര്‍ദമുണ്ടായിരുന്നെങ്കിലും അമ്മയെ മനസ്സിലാക്കിയ മക്കളായി ഇന്ദ്രനും രാജുവും വളര്‍ന്നു. അമ്മയുടെ കൂടെ നിന്ന ആ മക്കള്‍ തന്നെയാണ് മല്ലികയുടെ കരുത്തും സമ്പാദ്യവും.
ചെറുപ്പത്തില്‍ വലിയ വികൃതിക്കാരനായിരുന്നു മല്ലികയുടെ സ്വന്തം രാജുമോന്‍. മൂന്ന് വയസ് വരെ ഇന്ദ്രന് അത്യാവശ്യം കുസൃതിയൊക്കെയുണ്ടായിരുന്നു. ആ സമയത്താണ് ഞാന്‍ രാജുവിനെ പ്രസവിക്കുന്നത്. അതോടെ ഇന്ദ്രന്റെ ശ്രദ്ധ രാജുവിലായി. കൃസൃതിയെല്ലാം മാറി. രാജുവിനെ കളിപ്പിക്കലും കുളിപ്പിക്കലും കളിപ്പാട്ടം വാങ്ങിക്കൊടുക്കലുമൊക്കെയായി അവന്റെ സന്തോഷങ്ങള്‍. എല്ലാത്തിലും നല്ല ഉത്സാഹമായിരുന്നു. അന്ന് മുതല്‍ ചേട്ടനും അനിയനും അടുത്ത കൂട്ടുകാരാണ്. ഇപ്പോള്‍ മുതിര്‍ന്നിട്ടും ഞാന്‍ രാജുവിനെ എന്തെങ്കിലും വഴക്ക് പറഞ്ഞാല്‍ ഇന്ദ്രന്‍ ഇടപെടും. പോട്ടെ അമ്മേ, അവന്‍ കൊച്ചുവാവയല്ലേ എന്ന് പറയും ഇന്ദ്രന്‍. എപ്പോഴും രാജുവിന്റെ വശത്താണ് അവന്‍. എല്ലാത്തിലും അതുപോലെ പിന്തുണച്ചിട്ടുണ്ട്.
ഇപ്പോഴും അവര്‍ തമ്മില്‍ മനസ്സ് തുറന്ന് സംസാരിക്കുന്ന സുഹൃത്തുക്കളാണ്. ഇങ്ങനെയൊരു ചേട്ടനെ കിട്ടിയത് നിന്റെ ഭാഗ്യമാണെന്ന് ഞാനെപ്പോഴും രാജുവിനോട് പറയാറുണ്ട്. എന്തുണ്ടായാലും നിനക്ക് ആദ്യം ഫോണെടുത്ത് ചേട്ടനെ വിളിക്കാമല്ലോ എന്ന്. അതുപോലെ ഇന്ദ്രന്റെ എല്ലാ കാര്യങ്ങളിലും രാജുവും കൂടെ നില്‍ക്കാറുണ്ട്.
ഞാന്‍ എല്ലാത്തിലും മക്കളുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് കൂടെ നിന്നയാളാണ്. ഒരു കൂട്ടുകാരിയെപ്പോലെ. വിവാഹക്കാര്യത്തില്‍ രണ്ടുപേര്‍ക്കും ഓരോ ചിന്തകളുണ്ടായിരുന്നു. അവര്‍ തന്നെ അവരുടെ കൂട്ട് കണ്ടെത്തി. രണ്ടുമക്കളും അവരുടെ ആഗ്രഹങ്ങള്‍ നോക്കി നടത്താന്‍ മിടുക്കരാണ്. ഞാനവരെ ഒന്നിനും ശല്യം ചെയ്യാന്‍ പോവാറുമില്ല. ഞാന്‍ സുകുവേട്ടന്‍ കാണിച്ചുതന്ന വഴിയിലൂടെ സുഖമായിട്ട് ജീവിച്ച് പോവുന്നു.
കുഞ്ഞുങ്ങളായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. ഇപ്പോള്‍ അവര്‍ വലുതായി കല്യാണമൊക്കെ കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നാറുണ്ട് കൊച്ചുമക്കളാണ് വലിയ സന്തോഷമെന്ന്.
മക്കളെ പഴയ പോലെ അടുത്ത് കിട്ടില്ലല്ലോ. ജോലി, തിരക്കുകള്‍, ജീവിതത്തിലെ ഉത്തരവാദിത്വങ്ങള്‍.. അങ്ങനെയൊക്കെ അവരങ്ങ് പോവും. അപ്പോഴാവും ഫോണിലൂടെ കൊച്ചുമക്കള്‍ അച്ചമ്മാ എന്നുപറഞ്ഞ് കിലുക്കാംപെട്ടി പോലെ സംസാരിക്കാന്‍ വരുന്നത്. അത് കേള്‍ക്കുമ്പോള്‍ കിട്ടുന്നൊരു സുഖമുണ്ട്. അതാണ് ഇപ്പോഴത്തെ വലിയ സന്തോഷം...
"
https://www.facebook.com/Malayalivartha
























