വാനോളം പുകഴ്ത്തിയതെല്ലാം ഒറ്റ വിമര്‍ശനത്തില്‍ മറന്നോ?; ഇത്ര നന്ദികെട്ടവനാകരുത്; പ്രമുഖ വാര്‍ത്താ ചാനലിന് വാര്‍ത്താ സമ്മേളനത്തില്‍ കണക്കിനു കൊടുത്ത് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനെ സമ്മതിക്കണം, താന്‍ അടുത്ത മുഖ്യന്ത്രിയാകുമെന്ന് ഭരണം അവസാനിക്കുന്നതിന് ഒരു വര്‍ഷം മുമ്പേ പറഞ്ഞ വാര്‍ത്താ ചാനലിന് അദ്ദേഹം നല്‍കിയത് പുറം കാല്‍ കൊണ്ടുള്ള തൊഴി. ഉടമസ്ഥാവകാശം പറഞ്ഞു വന്നാല്‍ ബി ജെ പിയായ ചാനല്‍ പക്ഷേ നല്ല ചോപ്പന്‍ കമ്യൂണിസ്റ്റാണ്.ജീവനക്കാരില്‍ ഭൂരിഭാഗവും മാക്‌സിസ്റ്റുകാര്‍.
അവര്‍ വെള്ളിയാഴ്ച രാവിലെ നടത്തിയ കണ്ടു പിടിത്തമാണ് ആലപ്പുഴയിലെ യുവാക്കള്‍ ബൈക്കില്‍ ഒരു കോവിഡ് രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന കാഴ്ച. അത് കുറച്ചു ദയനീയമായിരുന്നു എന്നത് പറയാതെ വയ്യ . എന്നാല്‍ അപകടത്തിലുള്ള സഹജീവിയെ രക്ഷിക്കാന്‍ മനുഷ്യന്‍ എന്തും ചെയ്യും എന്ന പ്രമാണം ചാനല്‍ മറന്നു പോയി. റേറ്റിംഗ് കൂട്ടാന്‍ അവര്‍ ആരോഗ്യരംഗത്തെ കേരള മോഡലിനെ പഴിച്ചു.ഇത് നമ്പര്‍വണ്‍ എന്ന് ക്യാപ്ഷനും നല്‍കി. ഇത് കണ്ട സാംസ്‌കാരിക കേരളം മുക്കത്ത് വിരല്‍ വരച്ചു. ഇത്രയും പരിതാപകരമാണോ കേരളത്തിന്റെ അവസ്ഥയെന്ന് പലരും വിശ്വസിച്ചുവശായി .
അന്ന് വൈകിട്ട് പത്രസമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി ചാനലിന്റെ പേരെടുത്തു പറയാതെ അവര്‍ക്ക് കണക്കിന് കൊടുത്തു. രണ്ട് സാമൂഹിക പ്രവര്‍ത്തകരായ ചെറുപ്പക്കാര്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തെ അഭിനന്ദിക്കേണ്ടതിന് പകരം അവരെ അപകീര്‍ത്തിപ്പെടുത്തിയവര്‍ ശിക്ഷയര്‍ഹിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ ബൈക്കില്‍ ഒരു രോഗിയെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്ന ദുരവസ്ഥയെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞതേയില്ല.ഏതായാലും ചാനലിനെതിരെ പറഞ്ഞത് കുറിക്കുകൊണ്ടു.നടന്നത് എന്താണെന്ന് ചാനല്‍ വിശദീകരിച്ചു. കോവിഡ് രോഗിയെ രക്ഷപ്പെടുത്തിയവരെ ചാനലിനു മുന്നില്‍ എത്തിച്ച് ആരതിയും ഉഴിഞ്ഞു. ഇതിനിടെ സഖാക്കള്‍ ചാനലിനെതിരെ രംഗത്തെത്തി. അവര്‍ ചാനലിന്റെ യൂട്യൂബില്‍ കയറി അപകീര്‍ത്തികരമായ കമന്റുകളിട്ടു. ഇതിനിടയില്‍ ഇതേ ചാനലിന്റെ ലേഖിക നടത്തിയ ഒരു പ്രസ്താവനയും വിവാദമായി.
ഇതിയാണ് പിണറായി വിജയന്റെ യഥാര്‍ത്ഥ മുഖം പുറത്തുവന്നത്. ബൈക്കില്‍ കോവിഡ് രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സംഭവത്തെ പേരെടുത്തു പറയാതെ ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ വിമര്‍ശിച്ചു.
സംസ്ഥാനത്ത് വാര്‍ഡ് തല സമിതികള്‍ പലയിടത്തും നിര്‍ജീവമെന്ന് തുറന്നു പറഞ്ഞ മുഖ്യമന്ത്രി അലംഭാവം വെടിഞ്ഞ് മുഴുവന്‍ വാര്‍ഡുകളിലും സമിതി ഉണ്ടാക്കണമെന്ന് നിര്‍ദ്ദേശിച്ചു. ആംബുലന്‍സ് ഇല്ലെങ്കില്‍ പകരം വാഹനം സജ്ജമാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതായത് ആലപ്പുഴയില്‍ നടന്നത് തീര്‍ത്തും തെറ്റാണെന്നാണ് അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം.
ആദ്യ ഘട്ടത്തില്‍ വാര്‍ഡ് തല സമിതി നന്നായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പലയിടത്തും വാര്‍ഡ് തല സമിതി സജീവമല്ല. ഇതിപ്പോഴും വന്നിട്ടില്ലാത്ത ചില തദ്ദേശ സ്ഥാപനങ്ങളുമുണ്ട്. അലംഭാവം വെടിഞ്ഞ് മുഴുവന്‍ വാര്‍ഡിലും സമിതികള്‍ രൂപീകരിക്കണം. ഈ സമിതി അംഗങ്ങള്‍ വാര്‍ഡിലെ വീടുകള്‍ സന്ദര്‍ശിച്ച് വിലയിരുത്തല്‍ നടത്തണം. വ്യാപനത്തിന്റെ ശരിയായ നില മനസിലാക്കി തദ്ദേശ സ്ഥാപനത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. ജില്ലാ പഞ്ചായത്തിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ സഹായം വേണമെങ്കില്‍ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ കൃത്യമായി നിരീക്ഷിച്ചാല്‍ മരണ നിരക്ക് കുറയ്ക്കാനാവും. ബോധവത്കരണം പ്രധാനമാണ്. ഓരോ വ്യക്തിയും കുടുംബവും സ്വീകരിക്കേണ്ട മുന്‍കരുതലിനെ കുറിച്ച് ബോധവത്കരണം ആവശ്യമാണ്. ഉത്തരവാദിത്തം വാര്‍ഡ് തല സമിതി ഏറ്റെടുക്കണം. സമൂഹമാധ്യമ കൂട്ടായ്മ വഴി ഇത് ഫലപ്രദമായി ഉപയോഗിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആംബുലന്‍സ് സേവനം വാര്‍ഡ് തല സമിതി ഉറപ്പാക്കണം. ലഭ്യമാകുന്ന ആംബുലന്‍സിന്റെ പട്ടിക തയ്യാറാക്കണം. ആംബുലന്‍സ് തികയില്ലെങ്കില്‍ പകരം ഉപയോഗിക്കാവുന്ന വാഹനത്തിന്റെ പട്ടിക വേണം. ആരോഗ്യസന്നദ്ധ പ്രവര്‍ത്തകരുടെ ലിസ്റ്റ് തയ്യാറാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ഓരോ തദ്ദേശ സ്ഥാപനത്തിനും രോഗികളുടെ ആവശ്യത്തിന് ഗതാഗത പ്ലാനുണ്ടാകണം. ആംബുലന്‍സിന് പുറമെ മറ്റ് വാഹനങ്ങളും ഉണ്ടാകണം. പഞ്ചായത്തില്‍ അഞ്ചും നഗരസഭയില്‍ പത്തും വാഹനം ഈ രീതിയില്‍ ഉണ്ടാകണം. ഓക്‌സിജന്‍ അളവ് നോക്കല്‍ പ്രധാനമാണ്.
വാര്‍ഡ് തല സമിതിയുടെ പക്കല്‍ പള്‍സ് ഓക്‌സി മീറ്റര്‍ കരുതണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വാര്‍ഡ് തല സമിതിയുടെ പക്കല്‍ അഞ്ച് പള്‍സ് ഓക്‌സി മീറ്റര്‍ ഉണ്ടാകണം. പഞ്ചായത്ത് നഗരസഭ തലത്തില്‍ ഒരു കോര്‍ ടീം വേണം. തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്ക് നേതൃത്വം. സെക്രട്ടറി, എസ്എച്ച്ഒ, സെക്ടറല്‍ മജിസ്‌ട്രേറ്റ് തുടങ്ങിയവര്‍ ഉണ്ടാകും. അത്യാവശ്യം വേണ്ടവരെ കൂടുതലായി ഉള്‍പ്പെടുത്താമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇതാണ് പിണറായി വിജയന്‍. താന്‍ ഒരു മഹാപ്രസ്ഥാനമാണെന്ന് സുഖിപ്പിച്ചാല്‍ ചെയ്യുന്ന എല്ലാ തെറ്റുകളും ശരിയെന്ന് പറയില്ലെന്ന വ്യക്തമായ സൂചനയാണ് മുഖ്യമന്ത്രി നല്‍കിയത്. പി ആര്‍ മാധ്യമങ്ങള്‍ ഇത് മനസിലാക്കുന്നത് അവരുടെ ആരോഗ്യത്തിന് നല്ലതാണ്.
"
https://www.facebook.com/Malayalivartha
























