കനലൊരു തരിമതി... അരിവാള്‍ ചുറ്റിക നക്ഷത്രമുള്ള ചെങ്കൊടി പുതച്ചുള്ള ഗൗരിയമ്മയുടെ അന്ത്യയാത്ര പലര്‍ക്കും നീറുന്ന അനുഭവമായി; പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമ്പോഴും കരയാത്ത ഗൗരിയായും തളരാത്ത ഗൗരിയായും നിന്നു; ഒരു നൂറ്റാണ്ട് ജീവിച്ച് തീര്‍ത്ത വിപ്ലവ നക്ഷത്രത്തിന്റെ ഓര്‍മ്മകള്‍ അലയടിക്കുന്നു

അരിവാള്‍ ചുറ്റിക നക്ഷത്രം പതിച്ച ചെങ്കൊടി പുതച്ച് ഗൗരിയമ്മയുടെ ആ കിടപ്പ് ഓര്‍മ്മകളുടെ വേലിയേറ്റമാണ് ഉണ്ടാക്കിയത്. ബാലചന്ദ്രന്‍ ചുള്ളിക്കാട് പാടിയതുപോലെ 'കരയാത്ത ഗൗരി, തളരാത്ത ഗൗരി...' അപ്പോഴും തലയുയര്‍ത്തി നില്‍ക്കുകയായിരുന്നു.
ഭൗതിക ദേഹവുമായി അയ്യങ്കാളി ഹാളിലേക്ക് ആംബുലന്‍സ് വന്നത് സെക്രട്ടേറിയറ്റിനു സമീപത്തുകൂടെയായിരുന്നു. ജന്മിത്തത്തിന്റെ അടിവേരറുത്ത ഭൂപരിഷ്‌കരണ നിയമം ഗൗരി അമ്മ അവതരിപ്പിച്ച പഴയ നിയമസഭ ഉള്‍പ്പെടുന്ന സെക്രട്ടേറിയറ്റ്. ആലപ്പുഴയിലേക്ക് ഗൗരി അമ്മയുടെ ഭൗതികദേഹവുമായി ആംബുലന്‍സ് നീങ്ങിയത് നിയസഭാ മന്ദിരത്തിനു മുന്നിലൂടെയും. അവസാനമായി ഒന്നു കാണാന്‍ എത്തിയവര്‍ ഓരോ പിടി പൂക്കളര്‍പ്പിക്കുമ്പോഴും ഓര്‍മ്മകള്‍ ഇരമ്പുന്നുണ്ടായിരന്നു.
1987ല്‍ കേരളമാകെ അലയടിച്ച ഒരു മുദ്രാവാക്യത്തിന്റെ മാറ്റൊലികള്‍ ഇപ്പോഴും മുഴങ്ങിക്കേട്ടു ''കേരം തിങ്ങും കേരളനാട് കെ.ആര്‍.ഗൗരി ഭരിച്ചീടും..''വിജയത്തിന് പിന്നാലെ ആ വലിയ അവസരം രാഷ്ട്രീയക്കളികളില്‍ കൈവിട്ടുപോയതിന്റെ നിരാശ ഇന്നലെയും നെടുവീര്‍പ്പുകളായി നഷ്ടബോധമായി അയ്യങ്കാളി ഹാളില്‍ നിറഞ്ഞു. പിന്നെ പാര്‍ട്ടിയില്‍ നിന്നുള്ള പുറത്താക്കല്‍. അതിലൊന്നും തളരാത്ത ഗൗരി അമ്മയുടെ ചങ്കൂറ്റം മാറി.
കോവിഡ് ഇല്ലായിരുന്നെങ്കില്‍ ഗൗരിഅമ്മയ്ക്ക് തലസ്ഥാനം വിട നല്‍കുക ഇങ്ങനെയൊന്നുമാവില്ലായിരുന്നു. വക്കീല്‍ ജോലിയുമായി ഗൗരി അമ്മ ആദ്യം എത്തിയത് ഈ മണ്ണിലായിരുന്നു. പിന്നീട് സാമാജികയായും ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലെ മന്ത്രിയായും. പൊതുദര്‍ശനം കുറച്ചുപേര്‍ക്ക് മാത്രമായി നിജപ്പെടുത്തിയപ്പോള്‍ ജനങ്ങള്‍ വീടുകളില്‍ ഇരുന്ന് ഗൗരിഅമ്മയ്ക്ക് യാത്രാമൊഴി ചൊല്ലുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള യാത്ര അയപ്പില്‍ പങ്കുചേരാന്‍ ജനപ്രതിനിധികള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും, അടുത്തബന്ധുക്കള്‍ക്കും മാത്രമാണ് കഴിഞ്ഞത്.
പി.ആര്‍.എസ് ആശുപത്രിയില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ 10.30 നാണ് ഭൗതികദേഹവുമായി ഇ.കെ. നായനാര്‍ സ്മാരക ട്രസ്റ്റിന്റെ ആംബുലന്‍സ് തിരിച്ചത്. 10.55 ന് അയ്യങ്കാളി ഹാളിന് മുന്നില്‍ എത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഗൗരി അമ്മയുടെ ബന്ധുക്കളുമായി കൂടിയാലോചിച്ചാണ് അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനം തീരുമാനിച്ചത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഒരുമണിക്കൂര്‍ ഇളവ് നല്‍കി 300 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കിയിരുന്നു.
ഇതിനിടെ വി.ജെ.ടി ഹാളില്‍ പൊതുദര്‍ശത്തിന് ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. വേദിയില്‍ അണുനശീകരണം നടത്തി. കവാടങ്ങളില്‍ പൊലീസിനെ വിന്യസിച്ചു. ഭൗതികദേഹം ഹാളിലേക്ക് എത്തിച്ചതിന് തൊട്ടുപിന്നാലെ പോലീസ് ഗാര്‍ഡ് ഒഫ് ഓണര്‍ നല്‍കി.
ഭൗതികശരീരം ഫ്രീസറിലേക്ക് മാറ്റുന്നതിനു മുമ്പ് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ച് അഭിവാദ്യം അര്‍പ്പിച്ചു. തുടര്‍ന്ന് ജെ.എസ്.എസ് പ്രവര്‍ത്തകര്‍ ഫ്രീസറിനു മുകളിലായി പാര്‍ട്ടി പതാക പുതപ്പിച്ചു.
കുറച്ചുകഴിഞ്ഞ് ഗവര്‍ണര്‍ എത്തിയപ്പോള്‍, ജെ.എസ്.എസ് പതാക സുരക്ഷാ ഉദ്യോഗസ്ഥര്‍ മാറ്റി. ഗവര്‍ണര്‍ പുഷ്പചക്രം അര്‍പ്പിച്ചു.11.50 ഓടെ ഭൗതികദേഹവുമായി ആംബുലന്‍സ് ആലപ്പുഴയ്ക്ക് തിരിച്ചു. പുറമെ നില്‍ക്കുന്നവര്‍ക്കും കാണാന്‍ കഴിയുന്ന ചില്ലിട്ട വാഹനമായിരുന്നു.
പോലീസ് വാഹനങ്ങള്‍ അകമ്പടിയേകി. നേതാക്കള്‍ ഗൗരിഅമ്മയെ അനുസ്മരിച്ചു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി 68 വര്‍ഷം മുമ്പ് നാട്ടില്‍ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ചപ്പോള്‍ ആളുകളെ വീട്ടിലിരുത്തണമെന്ന് തിരുകൊച്ചി നിയമസഭയില്‍ ഗൗരിഅമ്മ ശക്തമായി ആവശ്യപ്പെട്ടത് അനുസ്മരിച്ചു. ആ ഒരു കാലഘട്ടം വീണ്ടും എത്തിയത് നിമിത്തം മാത്രം. ഓര്‍മ്മയില്‍ ഗൗരിയമ്മ മാത്രം.
"
https://www.facebook.com/Malayalivartha



























