'ശൈലജ ടീച്ചര്‍ ബംഗാള്‍ പ്രഭാവത്തിന്റെ ഇരയാണോ?...ടീച്ചറെ ഒഴിവാക്കുന്നത് ദേശീയ, അന്തര്‍ദേശീയ കാഴ്ചപ്പാടുകളില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും'; സംസ്ഥാന മന്ത്രിസഭയില്‍നിന്ന് കെ.കെ. ശൈലജയെ ഒഴിവാക്കിയതിൽ പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍

സംസ്ഥാന മന്ത്രിസഭയില്‍നിന്ന് കെ.കെ. ശൈലജയെ ഒഴിവാക്കിയതിനെതിരെ എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. 'ശൈലജ ടീച്ചറെ ഒഴിവാക്കുന്നത് ദേശീയ, അന്തര്‍ദേശീയ കാഴ്ചപ്പാടുകളില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. സാധാരണക്കാര്‍ക്കും ആരോഗ്യ ജീവനക്കാര്‍ക്കും അനാഥരാണെന്ന ചിന്ത വന്നുകഴിഞ്ഞു. ഈ വിഷയത്തില്‍ ഒരു പുനര്‍വിചിന്തനം നടക്കുമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഇനിയും സമയമുണ്ട്' -അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.
ശൈലജ ടീച്ചര്‍ ബംഗാള്‍ പ്രഭാവത്തിന്റെ ഇരയാണോ എന്നും എന്‍.എസ്. മാധവന്‍ മറ്റൊരു ട്വീറ്റില്‍ ചോദിച്ചു. 'പശ്ചിമ ബംഗാളില്‍ സി.പി.എം രണ്ടായി മാറിയിരുന്നു. മന്ത്രിമാര്‍ ഒന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ മറ്റൊന്നും. ആദ്യത്തേത് നിര്‍ജീവമായെങ്കില്‍ രണ്ടാമത്തേത് വാടിപ്പോയി. അതിനാല്‍ ചില പുതിയ മുഖങ്ങള്‍ കൊണ്ടുവരണമെന്നത് നന്നായി പഠിച്ച ഒരു പാഠമാണ്. എന്നാല്‍, അങ്ങനെ ചെയ്യുമ്ബോള്‍ ആളുകളെ അവഗണിക്കരുത്' -എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തു.
കെ.കെ. ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലെന്ന മാധ്യമ വാര്‍ത്തകളെ കഴിഞ്ഞദിവസം എന്‍.എസ്. മാധവന്‍ പരിഹസിച്ചിരുന്നു. 'ശൈലജ ടീച്ചറെ ഒഴിവാക്കുമെന്നാണ് മലയാള മാധ്യമങ്ങളുടെ ഏറ്റവും പുതിയ കിംവദന്തി. ഇവന്മാര്‍ക്ക് വേറെ പണിയൊന്നുമില്ലെ? വെറുപ്പിക്കല്‍സ്' -എന്നാണ് അദ്ദേഹം പറഞ്ഞത്.
'എ.കെ.ജി സെന്‍റര്‍ ഇപ്പോള്‍ അദൃശ്യമായ കോട്ട പോലെയാണ്. നിങ്ങള്‍ക്ക് അവിടെനിന്ന് ഒരു വിവരവും ലഭിക്കില്ല. വി.എസ്-പിണറായി തര്‍ക്കം കാരണം വിവരങ്ങള്‍ ചോര്‍ന്നിരുന്ന കാലം കഴിഞ്ഞു' എന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha





















