വീണ്ടും കറങ്ങിത്തിരിയുന്നു... തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ. കോണ്‍സല്‍ ജനറലും അറ്റാഷെയും പ്രതികളാകും; സ്വര്‍ണം പിടിക്കപ്പെട്ടതിനു പിന്നാലെ ഇന്ത്യ വിട്ട ഇരുവരെയും പ്രതിചേര്‍ക്കാന്‍ കസ്റ്റംസിനു വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി

കേരളത്തെ പിടിച്ച് കുലുക്കിയ തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ വലിയ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിനെ പല ഘട്ടത്തില്‍ പ്രതിസന്ധിയിലാക്കിയ കേസാണിത്. അവസാനം തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം വന്നതോടെ തണുത്ത കേസ് വീണ്ടും പൊങ്ങുകയാണ്.
സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, അഡ്മിന്‍ അറ്റാഷെ റാഷിദ് ഖമിസ് അലി എന്നിവര്‍ പ്രതികളാകും. സ്വര്‍ണം പിടിക്കപ്പെട്ടതിനു പിന്നാലെ ഇന്ത്യ വിട്ട ഇരുവരെയും പ്രതിചേര്‍ക്കാന്‍ കസ്റ്റംസിനു വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി. അറസ്റ്റിലായവരുമായുള്ള അടുപ്പത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസടക്കം ആരോപണവിധേയമായ സ്വര്‍ണക്കടത്തു കേസ് ഇതോടെ വീണ്ടും സജീവമാകും.
കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പായി പ്രതികള്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്ന കസ്റ്റംസ് നിയമത്തിലെ വ്യവസ്ഥ പ്രകാരമാണു നടപടി. ഇവര്‍ക്കുള്ള നയതന്ത്ര പരിരക്ഷയും യു.എ.ഇ. സര്‍ക്കാരുമായുള്ള നയതന്ത്ര ബന്ധവും കണക്കിലെടുത്താണു കസ്റ്റംസ് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയത്. അനുമതിയായതോടെ ഇരുവര്‍ക്കും വിദേശകാര്യ മന്ത്രാലയം വഴി നോട്ടീസയച്ചു.
പി.എസ്. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരടക്കം അറസ്റ്റിലായ മറ്റു പ്രതികള്‍ക്കും കസ്റ്റംസ് നിയമപ്രകാരമുള്ള നോട്ടീസ് നല്‍കി. ഇനി ഇവര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നടപടി തുടങ്ങും. വിദേശികളുടെ പങ്ക് അന്വേഷിച്ചില്ലെന്ന് ഇവര്‍ വാദിച്ചാല്‍ കേസ് ദുര്‍ബലമാകാനുള്ള സാധ്യത കണക്കിലെടുത്താണു കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയും പ്രതിയാക്കുന്നത്. യു.എ.ഇ. വിട്ടുതന്നാല്‍മാത്രമേ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരേ കുറ്റപത്രം നല്‍കി വിചാരണ നടത്താനാകൂ.
കോണ്‍സല്‍ ജനറലിനും അറ്റാഷെയ്ക്കുമെതിരേ സരിത്തും സ്വപ്‌നയും സന്ദീപും നല്‍കിയ മൊഴികളും ഉള്‍പ്പെടുത്തിയാണു നോട്ടീസയച്ചത്. കോണ്‍സല്‍ ജനറലിന്റെ പേരിലെത്തിയ ബാഗേജില്‍ കണ്ടെത്തിയ 30 കിലോ സ്വര്‍ണം കണ്ടുകെട്ടാതിരിക്കാനും നികുതിവെട്ടിച്ചതിനു പിഴ ഈടാക്കാതിരിക്കാനും കാരണമുണ്ടെങ്കില്‍ 30 ദിവസത്തിനകം ബോധിപ്പിക്കാനാണു നിര്‍ദേശം. മറുപടി കിട്ടിയാലും ഇല്ലെങ്കിലും പ്രതിയാക്കും.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 30നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബാഗേജിലാണ് 14.5 കോടി രൂപയുടെ സ്വര്‍ണം കണ്ടെത്തിയത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും ആരോപണങ്ങളും ഭരണരംഗത്തെ പ്രമുഖരിലേക്കും നീണ്ടതു രാഷ്ട്രീയ വിവാദത്തിനും വഴിവച്ചു. സ്വര്‍ണക്കടത്തു കേസില്‍ മുപ്പത്തഞ്ചോളം പേരെ പ്രതികളാക്കി എന്‍.ഐ.എ. നേരത്തെ കുറ്റപത്രം നല്‍കിയിരുന്നു.
അതേസമയം എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥനെതിരേ വ്യാജ ലൈംഗികപീഡനപരാതി നല്‍കിയ കേസില്‍, തുടരന്വേഷണത്തിനായി സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്നാ സുരേഷ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. കൊഫെപൊസ തടവുകാരിയായി അട്ടക്കുളങ്ങര ജയിലില്‍ കഴിയുകയായിരുന്ന സ്വപ്നയെ ഒമ്പതു ദിവസത്തേക്കാണ് െ്രെകംബ്രാഞ്ചിനു കൈമാറിയത്.
കഴിഞ്ഞ 12ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അട്ടക്കുളങ്ങര വനിതാജയിലിലെത്തി സ്വപ്നയെ ചോദ്യംചെയ്തിരുന്നു. ഇതിനുശേഷമാണ് കസ്റ്റഡി അപേക്ഷ നല്‍കിയത്. കേസില്‍ സ്വപ്ന രണ്ടാംപ്രതിയാണ്.
യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് എത്തുംമുമ്പ്, സ്വപ്ന എയര്‍ ഇന്ത്യയുടെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് വിഭാഗമായ സാറ്റ്‌സില്‍ ജോലിചെയ്തിരുന്നു. സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബും സ്വപ്നയും ചേര്‍ന്ന് ജീവനക്കാരുടെ സെക്രട്ടറികൂടിയായ ഉദ്യോഗസ്ഥന്‍ എല്‍.എസ്. സിബുവിനെതിരേ 2015 ജനുവരിയില്‍ വ്യാജ പീഡനപരാതി നല്‍കിയെന്നാണു കേസ്.
എന്തായാലും യു.എ.ഇ. കോണ്‍സല്‍ ജനറലും അറ്റാഷെയും പ്രതികളാകുന്നതോടെ സ്വര്‍ണക്കടത്ത് കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയും.
"
https://www.facebook.com/Malayalivartha


























