കൊവിഡിനെ തുടർന്നുണ്ടായ മാനസിക സമ്മർദം... മണിമലയിൽ ആറ്റിൽ ചാടിയ സ്‌പെഷ്യൽ വില്ലേജ് ഓഫിസറെ കാണാതായി...

കൊവിഡ് രോഗ മുക്തനായ ശേഷമുണ്ടായ മാനസിക സമ്മർദമുണ്ടായതിനെ തുടർന്നു ചങ്ങനാശേരി താലൂക്കിലെ സ്‌പെഷ്യൽ വില്ലേജ് ഓഫിസർ ആറ്റിൽ ചാടി. മണിമല പാലത്തിൽ നിന്നും മണിമലയാറ്റിൽ ചാടിയ ജോയിന്റ് കൗൺസിൽ മുൻ ജില്ലാ പ്രസിഡന്റ് പ്രകാശൻ കങ്ങഴയെയാണ് ഇന്നു രാവിലെ പത്തു മുതൽ കാണാതായത്. സി.പി.ഐയുടെ സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിലിന്റെ ജില്ലാ പ്രസിഡന്റാണ് ഇദ്ദേഹം.
ഇന്നു രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. നേരത്തെ കൊവിഡ് ബാധിതനായ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് കൊവിഡ് വിമുക്തനായത്. രോഗ മുക്തനായ ശേഷമുള്ള ബുദ്ധിമുട്ടുകൾ ഇദ്ദേഹത്തിനുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. തുടർന്നു ദിവസങ്ങളോളമായി ഇദ്ദേഹം അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
രാവിലെ ചങ്ങനാശേരിയിലെ ഓഫിസിലേയ്ക്കു പോകുന്നതിനായി വീട്ടിൽ നിന്നും ഇറങ്ങിയ ഇദ്ദേഹം മണിമലയിൽ വച്ച് ആറ്റിൽ വീഴുകയായിരുന്നു. ഇദ്ദേഹം ആറ്റിലേയ്ക്ക് ചാടുന്നത് കണ്ട് ഇതുവഴി എത്തിയ ബംഗാൾ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി ഇദ്ദേഹത്തെ രക്ഷിക്കാൻ ഒപ്പം ആറ്റിലേയ്ക്ക് ചാടി. എന്നാൽ, ഇദ്ദേഹത്തിന്റെ കയ്യിൽ പിടുത്തം കിട്ടും മുൻപ് പ്രകാശൻ ആറ്റിലേയ്ക്ക് മുങ്ങിത്താഴുകയായിരുന്നു.
ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയെത്തിയതിനെ തുടർന്നാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. തുടർന്ന് അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. എന്നാൽ, ഇതുവരെയും ഇദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
നേരത്തെ കൊവിഡ് ബാധിതനായിരുന്ന അദ്ദേഹം അടുത്തിടെയാണ് രോഗവിമുക്തനായത്. ഇതേ തുടർന്നുള്ള മാനസിക ബുദ്ധിമുട്ടുകൾ ഇദ്ദേഹം അനുഭവിച്ചിരുന്നതായി സഹപ്രവർത്തകർ പറയുന്നു.
ഇതേ തുടർന്നാവാം ഇദ്ദേഹം ആറ്റിൽ ചാടിയതെന്നു സംശയിക്കുന്നുണ്ട്. സംഭവത്തിൽ കേസെടുത്ത മണിമല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha