ഭീകരരുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി കേരളം മാറി...മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നതാണെന്ന് ലോക്‌നാഥ് ബെഹ്‌റ; മാവോയിസ്റ്റ് വേട്ടയില്‍ ഒരു ഖേദവമില്ല; ബിജെപിയുടെ ആള്‍ ആണെന്ന ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് ഡി.ജി.പി

ഈ മാസം അവസാനത്തോടെ സ്ഥാനം ഒഴിയുകയാണ് സംസ്ഥാനപോലീസ് മേധാവി ലോക്നാഥ് ബെഹ്റ. അതിനിടെ ഇന്ന് അദ്ദേഹം ഒരു സ്വകാര്യ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖം ഏറെ ഞെട്ടലോടെയാണ് കേരള ജനത കേട്ടത്. ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി കേരളം മാറുന്നുവെന്ന അതീവ ഗുരുതര നിരീക്ഷണമാണ് ബെഹ്‌റ ചാനല്‍ അഭിമുഖത്തില്‍ നടത്തിയത്. വിദ്യാഭ്യാസമുള്ളവരെ പോലും വര്‍ഗീയ വത്കരിക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നതാണെന്നും ബെഹ്‌റ പറഞ്ഞു.
സ്ലീപ്പര്‍ സെല്ലുകള്‍ ഇല്ലെന്ന് പറയാനാകില്ലെന്ന് പറഞ്ഞ ഡി.ജി.പി വ്യക്തികളെ ഭീകരസംഘങ്ങള്‍ വലയിലാക്കുന്നത് തടയാന്‍ പല ശ്രമങ്ങള്‍ പൊലീസ് നടത്തുത്തിയെന്നും വെളിപ്പെടുത്തി. ഭീകരരുടെ റിക്രൂട്ടിംഗ് സംബന്ധിച്ച് കുടുതല്‍ വിവരങ്ങള്‍ പറയാന്‍ സാധിക്കില്ലെന്നും ബെഹ്‌റ വ്യക്തമാക്കുന്നുണ്ട്. കേരളത്തില്‍ ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ റിക്രൂട്ടിംഗ് നടക്കുന്നുവെന്നതിന് തെളിവാണ് ഡി.ജി.പിയുടെ വാക്കുകള്‍. അടുത്ത കാലത്തായി ഭീകര സംഘടനകളുമായി ബന്ധപ്പെടുത്താന്‍ കഴിയുന്ന നിരവധി സംഭവങ്ങളാണ് സംസ്ഥാനത്ത് നടത്ത്. ഇതിന് അവസാനത്തെ ഉദാഹരണം പത്തനംതിട്ട പാടം വനമേഖലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്‌ഫോടക വസ്തുകള്‍ കണ്ടെത്തിയതാണ്.
അതേസമയം സംസ്ഥാനത്ത് നടന്ന മാവോയിസ്റ്റ് വേട്ടയില്‍ ഒരു ഖേദവമില്ലെന്നും ഡി.ജി.പി അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. മാവോയിസ്റ്റ് വേട്ടയില്‍ പോലീസ് ജോലി ചെയ്യുകയാണ് ചെയ്തത്. മാവോയിസ്റ്റുകള്‍ക്ക് നിരുപാധികം കീഴടങ്ങാന്‍ അവസരം നല്‍കിയിരുന്നുവെന്ന് പറഞ്ഞ ബെഹ്‌റ സംരക്ഷിത വനത്തില്‍ യൂണിഫോമിട്ട് വരുന്നവര്‍ നിരപരാധികളല്ലെന്ന് നിലപാടെടുത്തു.
ഹെലികോപ്റ്റര്‍ വിവാദം അനാവശ്യമാണെന്ന് പറഞ്ഞ ബെഹ്‌റ രാജ്യസുരക്ഷക്കാണോ ചിലവിനാണോ പ്രധാന്യമെന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ന്യായീകരിക്കുന്നു. ഹെലികോപ്റ്റര്‍ നിലനിര്‍ത്തുമെന്നും ഡിജിപി വ്യക്തമാക്കി. മാവോയിസ്റ്റ് ഭീഷണിയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞാണ് ന്യായീകരണം.
സ്വര്‍ണക്കടത്ത് തടയാന്‍ മഹാരാഷ്ട്ര മാതൃകയില്‍ നിയമം കൊണ്ടുവരുമെന്നും ഡിജിപി ആവശ്യപ്പെട്ടു. പൊലീസ് എന്ത് ചെയ്തുവെന്ന് ജനം വിലയിരുത്തട്ടെയെന്ന് പറഞ്ഞ ബെഹ്‌റ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനം സ്വയം വിലയിരുത്തുന്നില്ലെന്ന് നിലപാടെടുത്തു. വിരമിക്കല്‍ ഏറെ സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ്, കേരളാ പൊലീസ് രാജ്യത്തെ തന്നെ മികച്ച സേനകളില്‍ ഒന്നാണെന്നാണ് വിരമിക്കുന്ന ഡിജിപിയുടെ അവകാശവാദം. കിട്ടിയ ഇന്നിംഗ്‌സ് നന്നായി കളിച്ചുവെന്ന് ബെഹ്‌റ പറയുന്നു.
അതേ സമയം രാഷ്ട്രീയ ആരോപണങ്ങളോട് പ്രതികരിക്കാന്‍ ബെഹ്‌റ തയ്യാറായില്ല. ബിജെപിയുടെ ആള്‍ ആണെന്ന ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ പൊലീസ് മേധാവി വ്യക്തിപരമായ ആരോപണങ്ങളില്‍ വസ്തുത എന്താണെന്ന് സ്വയം അറിയാമെന്ന് നിലപാടെടുത്തു.
വിസ്മയ കേസ് കേരള മനസാക്ഷിയെ ഉലച്ചുവെന്നും നിയമങ്ങള്‍കൊണ്ട് മാത്രം സ്ത്രീധനം തടയാനാവില്ലെന്നും ഡിജിപി പറയുന്നു. കേരളീയ സമൂഹം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തണം, സ്ത്രീധനത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തണം. നിശാന്തിനിക്ക് ദിവസവും ഇരുന്നൂറോളം സ്ത്രീകളുടെ സന്ദേശങ്ങള്‍ കിട്ടുന്നുണ്ടെന്ന് പറഞ്ഞ ഡിജിപി സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ബോധവത്കരണം ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha






















