മുസ്ലിംലീഗും കേഡര്‍ പാര്‍ട്ടിയാകണം... സി.പി.എമ്മിനോട് മുസ്ലിംലീഗിന് അടുക്കാമോ? മുസ്‌ലിം സമുദായത്തിനു സിപിഎമ്മിനോടുള്ള സമീപനം മാറിയെന്ന് മുസ്‌ലിം ലീഗ് തിരിച്ചറിഞ്ഞില്ലെന്ന് യൂത്ത് ലീഗ്; പി.കെ.കുഞ്ഞാലിക്കുട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനം

മുസ്‌ലിം സമുദായത്തിനു സിപിഎമ്മിനോടുള്ള സമീപനം മാറിയെന്ന് മുസ്ലിംലീഗ് തിരിച്ചറിഞ്ഞില്ലെന്ന് യൂത്ത് ലീഗിന്റെ കുറ്റപ്പെടുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പ് ഇതു പാര്‍ട്ടിക്കു തിരിച്ചറിയാനായില്ലെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി. കേരള കോണ്‍ഗ്രസ് വരെ കേഡര്‍ പാര്‍ട്ടിയാകാന്‍ തയാറെടുക്കുമ്പോള്‍ മുസ്‌ലിം ലീഗ് ഇങ്ങനെ പോയാല്‍ പോര എന്ന വിമര്‍ശനം ഉയര്‍ത്തുകയാണ് യൂത്ത് ലീഗ്. കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ്, പ്രവര്‍ത്തക സമിതി യോഗങ്ങളിലായിരുന്നു ലീഗ് നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രതീക്ഷിക്കാത്ത തിരിച്ചടിയുണ്ടായി എന്നായിരുന്നു പ്രവര്‍ത്തകരുടെ കുറ്റപ്പെടുത്തല്‍. സമൂഹവും മുസ്‌ലിം സമുദായവും അടിമുടി മാറിയത് അറിയാതെയാണ് നേതൃത്വത്തിന്റെ പ്രവര്‍ത്തനമെന്നായിരുന്നു പ്രധാന വിമര്‍ശനം. അധികാരത്തിന്റെ ഗുണഭോക്താക്കള്‍ എന്ന നിലയില്‍ ലീഗ് നേതാക്കളില്‍ നിന്ന് മാറ്റം തുടങ്ങണം. നേതാക്കളെ നിയന്ത്രിച്ചു പാര്‍ട്ടിയില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്ന് അംഗങ്ങള്‍ തുറന്നടിച്ചു.
പാര്‍ലമെന്റ് അംഗത്വം രാജിവച്ച് നിയമസഭയിലേക്കു മത്സരിക്കാന്‍ ഇറങ്ങിയ പി.കെ.കുഞ്ഞാലിക്കുട്ടിക്കുമെതിരെ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ ഇതിലേക്കു മാത്രം വിമര്‍ശനം കേന്ദ്രീകരിക്കുന്നതു ഗൗരവപരമായ സംഘടനാ വീഴ്ചകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും പലരും ചൂണ്ടിക്കാട്ടി. സംഘടനാ സംവിധാനം ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു. ഇതു പോഷക സംഘടനകളെ പോലും ബാധിച്ചു. പാര്‍ട്ടി അഭിമുഖീകരിക്കുന്ന പ്രതിസന്ധി രൂക്ഷമാണെന്നും യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിനു നെഹ്‌റു കുടുംബം പോലെ ലീഗിനു പാണക്കാട് കുടുംബമാണ് പ്രധാന അധികാര കേന്ദ്രം. പക്ഷെ പലപ്പോഴും ഉന്നതാധികാര സമിതിയിലെ ചര്‍ച്ചകള്‍ പലതും ചില കേന്ദ്രങ്ങളുടെ മാത്രം താല്‍പര്യമാകുന്നുവെന്നും ആക്ഷേപമുണ്ട്. തിരഞ്ഞെടുപ്പുകളില്‍ യുവാക്കള്‍ക്കു പേരിനു മാത്രം സീറ്റ് നല്‍കുന്ന സ്ഥിതിക്കു മാറ്റമുണ്ടാകണം. പി.കെ.ഫിറോസ് അടക്കമുള്ളവരുടെ തോല്‍വിയെക്കുറിച്ചു സമഗ്ര അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
യൂത്ത് ലീഗില്‍ ഘടനാപരമായ അച്ചടക്കം വേണമെന്നു വാദിക്കുന്ന വലിയൊരു വിഭാഗമുണ്ട്. യൂത്ത് ലീഗ് ഭരണഘടന എന്താണോ പറയുന്നത് അതു കൃത്യമായി നടപ്പാക്കണം. നേതാക്കള്‍ക്ക് താല്‍പര്യമുള്ളവരെ ഉള്‍ക്കൊള്ളിക്കാനായി ഭരണഘടനയില്‍ പറയാത്ത പുതിയ സ്ഥാനങ്ങള്‍ ഉണ്ടാക്കിക്കൊണ്ടു വരരുത് എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
40 വയസു വരെയാണ് യൂത്ത് ലീഗ് അംഗത്വത്തിനുള്ള പ്രായപരിധി എങ്കില്‍ അതു കൃത്യമായി പാലിക്കപ്പെടണം. സാങ്കേതിക കാരണങ്ങളില്‍ കൂട്ടിക്കെട്ടി 45 വയുസവരെയൊക്കെ യൂത്ത് ലീഗുകാരനായി തുടരുന്ന സ്ഥിതിക്കു മാറ്റമുണ്ടാകണം. കാലാവധി കഴിഞ്ഞ ശേഷം പിന്നെയും കമ്മിറ്റി നീട്ടി നീട്ടിക്കൊണ്ടു പോകാതെ പുതിയ ആളുകള്‍ക്കു വരാനുള്ള വഴി ഒരുക്കി കൊടുക്കണം.
സംഘടനയോടും പാര്‍ട്ടിയോടും ആത്മാര്‍ഥതയുണ്ടെങ്കില്‍ സാങ്കേതികത്വത്തില്‍ തൂങ്ങിക്കിടന്നു വഴി മുടക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഈ കാര്‍ക്കശ്യവും ചിട്ടയും യൂത്ത് ലീഗില്‍ മാത്രമല്ല, എംഎസ്എഫ് തലം മുതല്‍ നടപ്പാക്കണം. സുതാര്യതയില്ലാതെ പാര്‍ട്ടി ഫണ്ട്, അക്കൗണ്ട് എന്നിവ കൈകാര്യം ചെയ്യുന്ന അവസ്ഥയുണ്ടാകരുത്. പൊതു സമക്ഷം വയ്ക്കാനായില്ലെങ്കിലും സംഘടനയ്ക്ക് അകത്തെങ്കിലും കുറച്ചു പേര്‍ക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടുന്നു.
https://www.facebook.com/Malayalivartha






















