മരണത്തെ തോല്‍പ്പിച്ച് അഭിമന്യു; മൂര്‍ഖന്റെ കടിയേറ്റ കുഞ്ഞ് സാധാരണ നിലയിലേക്ക്

മരണത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട അഭിമന്യു എന്ന കുഞ്ഞ് ജിവിതത്തിലേക്ക്. അമ്മയുടെ പ്രാര്‍ത്ഥനയില്‍ കുഞ്ഞിന് ജീവന്‍ വച്ചു. പാമ്പുകടിയേറ്റ കുഞ്ഞിന് വേണ്ടി എല്ലാപേരും സകല ദൈവങ്ങളേയും വിളിച്ച് പ്രാര്‍ത്ഥിച്ചു. എന്റെ കുഞ്ഞിന് ഒരാപത്തും വരുത്തരുതേ എന്ന് അമ്മ നാഗ ദൈവങ്ങളോട് കരഞ്ഞു പ്രാര്‍ത്ഥിച്ചു. ആ വിളി ദൈവം കേട്ടു. അത്ഭുതമെന്നു പറയട്ടെ ഏകദേശം 12 മണിക്കൂറോളം ശ്വാസം നിലച്ചിരുന്ന കുഞ്ഞിന്റെ ഹൃദയമിടിപ്പ് പെട്ടെന്ന് തന്നെ പുനരാരംഭി്ച്ചു.
വീട്ടില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന 85 ദിവസം പ്രായമുള്ള അഭിമന്യു ബി. കൃഷ്ണയ്ക്കു 16ന് ആണു മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. തീവ്രപരിചരണ വിഭാഗത്തില്‍ ഒരാഴ്ച വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന അഭിമന്യുവിനെ ഇന്നലെ വെന്റിലേറ്ററില്‍ നിന്നു മാറ്റി. 12 മണിക്കൂര്‍ ശ്വാസവും 20 മിനിറ്റ് ഹൃദയമിടിപ്പും നിലച്ച അഭിമന്യു ഡോക്ടര്‍മാരെപ്പോലും അദ്ഭുതപ്പെടുത്തിയാണു ജീവന്‍ തിരികെപ്പിടിച്ചത്.
അയ്മനം പുലിക്കുട്ടിശേരി പാറേക്കണ്ടം ബിബിന്‍കുമാര്‍-ആതിര ദമ്പതികളുടെ മകനാണ് അഭിമന്യു. തുറന്നിട്ട വാതിലിനു സമീപം ആതിരയ്‌ക്കൊപ്പം നിലത്തു കിടന്നുറങ്ങുമ്പോഴാണു കുഞ്ഞിനു പാമ്പുകടിയേറ്റത്. പാമ്പ് ആതിരയുടെ ദേഹത്തുകൂടി ഇഴഞ്ഞുപോയതോടെ ഉറക്കമുണര്‍ന്നു നോക്കിയപ്പോള്‍ കുട്ടിയുടെ കാലില്‍ പാമ്പു കടിച്ചതിന്റെ പാടും രക്തം ഒഴുകുന്നതും കണ്ടു. ആതിര ബഹളംവച്ചതോടെ ബന്ധുക്കളും അയല്‍വാസികളും ഓടി എത്തി. ഉടന്‍ മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയിലേക്ക് ഓട്ടോയില്‍ എത്തിക്കുകയായിരുന്നു.
യാത്രയ്ക്കിടയില്‍ തന്നെ കുഞ്ഞിന്റെ ശ്വാസം നിലയ്ക്കുകയും ശരീരം തണുത്തുതുടങ്ങുകയും ചെയ്തതായി ആതിര പറഞ്ഞു. കുഞ്ഞിനെ കൊണ്ടുവന്നതിനു പിന്നാലെ തന്നെ അയല്‍വാസികള്‍ ഇവരുടെ വീട്ടിലെ ടിവി സ്റ്റാന്റിനു പിന്നില്‍ ഒളിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി തല്ലിക്കൊന്ന് ആശുപത്രിയില്‍ എത്തിച്ചു. മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിക്കുമ്പോള്‍ മരണം ഉറപ്പായ അവസ്ഥയിലായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പി. സവിത പറഞ്ഞു. കുഞ്ഞിന്റെ ശരീരം പൂര്‍ണമായും തണുത്തുമരവിച്ച അവസ്ഥയിലായിരുന്നു. ഹൃദയമിടിപ്പും ശ്വാസവും നിലച്ചിരുന്നു.
മിനിറ്റുകള്‍ക്കുള്ളില്‍ മരണം ഉറപ്പാക്കുന്ന സ്ഥിതിയായിരുന്നു. നേരിയ പ്രതീക്ഷ പോലുമില്ലാതെയാണു പ്രാഥമിക ചികില്‍സ നല്‍കി വെന്റിലേറ്ററിലേക്കു മാറ്റിയത്. കടിച്ച പാമ്പിനെ നേരിട്ടു കണ്ടതിനാല്‍ മൂര്‍ഖന്‍ പാമ്പിന്റെ വിഷത്തിനെതിരെയുള്ള മരുന്നു കൃത്യമായി നല്‍കാനായതായി ഡോക്ടര്‍ പറഞ്ഞു.
വെന്റിലേറ്ററില്‍ കഴിഞ്ഞ അഭിമന്യുവിന് 20 മിനിറ്റിനു ശേഷമാണു ഹൃദയമിടിപ്പു പുനരാരംഭിച്ചത്. 12 മണിക്കൂറിനു ശേഷമാണു സ്വയം ശ്വസിക്കാനായത്. തീവ്രപരിചരണ വിഭാഗത്തില്‍ ഒരാഴ്ച നീണ്ട ചികില്‍സകള്‍ക്കും പരിചരണത്തിനും ഒടുവില്‍ ഇന്നലെ കുഞ്ഞ് ഉണര്‍ന്നു. കണ്ണുതുറന്നു ചിരിക്കുകയും പാലിനായി അമ്മയെ തിരയുകയും ചെയ്തു.
ഇപ്പോഴും ഒക്‌സിജന്‍ നല്‍കുന്നുണ്ടെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വാര്‍ഡിലേക്കു മാറ്റാനാകുമെന്നാണു ഡോക്ടര്‍മാരുടെ പ്രതീക്ഷ. ബിബിന്‍ കുമാര്‍ മേസ്തിരിപ്പണിക്കാരനാണ്. കുഞ്ഞിനെ പാമ്പുകടിച്ചതുമുതല്‍ ജോലിക്കുപോകാതെ ആശുപത്രിയില്‍ ബിബിനും ഉണ്ട്. അഭിമന്യുവിന്റെ ജ്യേഷ്ഠന്‍ അഭിനവ് ബി. കൃഷ്ണന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















