പിതാവിന്റെ വരവ് ഉറപ്പായില്ല: വീടിന്റെ ചായ്പ് പൊളിച്ചുനീക്കി ആര്യയ്ക്കു ചിതയൊരുക്കുന്നു

ഒറ്റപ്പാലത്ത് ട്രെയിനില്‍ നിന്ന് വീണു മരിച്ച ആര്യയുടെ സംസ്‌കാരത്തിന് പിതാവ് എത്തുന്ന കാര്യം ഉറപ്പായില്ല. പിതാവ് എത്തിയാലും ഇല്ലെങ്കിലും ഇന്നു വൈകിട്ട് മൂന്നിന് സംസ്‌കാരം നടത്താന്‍ നിശ്ചയിച്ചിരിക്കയാണ് ബന്ധുക്കള്‍. സ്ഥലപരിമിതി മൂലം വീടിനു പിന്നിലെ ചായ്പ് പൊളിച്ചുനീക്കി അവിടെയാണ് ആര്യയ്ക്കു ചിതയൊരുക്കുന്നത്.
സൗദിയില്‍ തുര്‍ക്കി ആസ്ഥാനമായ ഒരു കമ്പനിയില്‍ സുരേഷ് ജോലിയില്‍ പ്രവേശിച്ചിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ. തുര്‍ക്കിയിലുള്ള ആസ്ഥാനത്തു നിന്ന് അനുവാദം ലഭിക്കാത്തതിനാല്‍ സുരേഷിന് നാട്ടിലേക്കു പോരാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാരും ഇന്ത്യന്‍ എംബസിയും ഇടപെട്ടിട്ടും ഫലമുണ്ടായിട്ടില്ല. സുരേഷിന്റെ മടക്കയാത്ര അനിശ്ചിതത്വത്തില്‍ തുടരുന്ന നിലയ്ക്കാണ് സംസ്‌കാരം ഇനിയും വൈകിക്കേണ്ടെന്നു തീരുമാനിച്ചത്.
കഴിഞ്ഞ 13 നാണ് ആര്യ ട്രെയിനില്‍ നിന്ന് വീണത്. 20 ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മരിച്ചു. പിറ്റേന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിച്ച മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യആശുപത്രിയിലെ മോര്‍ച്ചറിയില്‍ ആണ് സൂക്ഷിച്ചിരിക്കുന്നത്. പഴയ വീടിന്റെ അടുക്കളയായി ഉപയോഗിച്ചിരുന്ന ചായ്പ് പൊളിച്ചാണ് ചിത ഒരുക്കുന്നത്.
ലക്ഷംവീട് കോളനിയില്‍ സുരേഷിന്റെ കുടുംബവീട് അഞ്ചു സെന്റ് സ്ഥലത്താണ്. ഇവിടെ പുതിയ വീടിന്റെ നിര്‍മാണം തുടങ്ങിയെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങി ക്കിടക്കുകയാണ്. നേരത്തേ താമസിച്ചിരുന്ന വീടിന്റെ പൊളിക്കാതെ ഇട്ടിരുന്ന ഓല ഷെഡിലാണ് ആര്യയുടെ കുടുംബം ഭക്ഷണം പാകം ചെയ്തിരുന്നത്. ഇതു പൊളിച്ചുമാറ്റിയ സ്ഥലത്താണ് ചിത ഒരുക്കല്‍ തുടങ്ങിയിട്ടുള്ളത്. സംസ്‌കാരത്തിന് തൊട്ടുമുമ്പ് മാത്രമേ മൃതദേഹം വീട്ടിലെത്തിക്കൂ എന്ന് ബന്ധുക്കള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















