ഒക്ടോബര്‍ നാല് മുതല്‍ കോളേജുകൾ തുറന്നു പ്രവർത്തിക്കും; തീരുമാനം കോളേജ് പ്രിന്‍സിപ്പല്‍മാരുമായുള്ള ഓണ്‍ലൈന്‍ യോഗത്തില്‍

ഒന്നിടവിട്ട ദിവസങ്ങളിലെ ഷിഫ്റ്റുകളാക്കി അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ കലാലയങ്ങളും ഒക്ടോബര്‍ നാല് മുതല്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ പ്രിന്‍സിപ്പാള്‍മാരുമായുള്ള യോഗത്തില്‍ തീരുമാനമായെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. സ്ഥിതി അവലോകനം ചെയ്ത് മറ്റു കുട്ടികളുടെ കാര്യം പിന്നീട് തീരുമാനിക്കും.
കോളേജ് പ്രിന്‍സിപ്പല്‍മാരുമായുള്ള ഓണ്‍ലൈന്‍ യോഗത്തിലെ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് അറിയിക്കുകയായിരുന്നു മന്ത്രി. നാന്നൂറോളം പ്രിന്‍സിപ്പാള്‍മാരും ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തു.
ഒന്നിടവിട്ട ദിവസങ്ങളിലാവും ക്‌ളാസുകള്‍. അധ്യാപകര്‍ എല്ലാ ദിവസവും കാമ്ബസുകളില്‍ എത്തും. പ്രവൃത്തിസമയത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷത്തെ ഉത്തരവ് നിലവിലുണ്ട്. പുതിയ ഉത്തരവുകൂടി ഇറക്കും. സൗകര്യപ്പെടുന്ന ഷിഫ്റ്റ് അതാത് കലാലയമേധാവികളും കോളേജ് കൗണ്‍സിലും കൂടിയാലോചിച്ചു തീരുമാനമെടുക്കും. പിജി ക്‌ളാസുകളില്‍ പൊതുവില്‍ ഇരുപതില്‍ താഴെയൊക്കെയാണ് കുട്ടികളുടെ എണ്ണം. അങ്ങനെയുള്ളിടങ്ങളില്‍ ആവശ്യമെങ്കില്‍ എല്ലാ ദിവസവും ക്‌ളാസുകള്‍ വെക്കും.
ഒരു ഡോസെങ്കിലും വാക്സിന്‍ എല്ലാ കുട്ടികള്‍ക്കും കിട്ടാന്‍ സ്ഥാപനങ്ങളില്‍ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് തുടങ്ങും. അതാത് ഡിഎംഒമാരെയും പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയും ബന്ധപ്പെട്ടാണ് കലാലയങ്ങളും സര്‍വ്വകലാശാലകളും കേന്ദ്രീകരിച്ച് പ്രത്യേക വാക്‌സിന്‍ ഡ്രൈവ് നടത്തുക. വാക്സിനെടുക്കാത്ത അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കണക്കെടുക്കും. എല്ലാ കാമ്ബസുകളിലും കോവിഡ് ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. ശുചീകരണം ഉറപ്പാക്കും. സാനിറ്റൈസര്‍ ഉപയോഗവും മാസ്‌കും നിര്‍ബന്ധമാക്കും. ഹാന്‍ഡ്വാഷും സോപ്പും ആവശ്യമായ ഇടങ്ങളിലെല്ലാം ലഭ്യമാക്കും.
സിഎഫ്‌എല്‍ടിസികളാക്കി മാറ്റിയ സ്ഥാപനങ്ങള്‍ തിരിച്ചുതരാന്‍ കളക്റ്റര്‍മാരോട് ആവശ്യപ്പെടും. സെക്റ്ററല്‍ മജിസ്ട്രേറ്റുമാരായി നിയോഗിച്ച അധ്യാപകരെ അതില്‍നിന്നും ഒഴിവാക്കാനും കളക്റ്റര്‍മാരോട് ആവശ്യപ്പെടും.
ഓണ്‍ലൈന്‍ ക്ലാസുകളുടെ പരിമിതി മറികടക്കാനാണ് ഇനിയും കാത്തുനില്‍ക്കാതെ കോളേജുകള്‍ തുറക്കുന്നത്. സംശയനിവാരണത്തിനും ആശയവ്യക്തതക്കും പരിമിതി വരുന്നുണ്ട്. ലൈബ്രറികളും ലബോറട്ടറികളും ഉപയോഗിക്കാന്‍ പറ്റാത്ത പരിമിതിയുമുണ്ട്.
ഓണ്‍ലൈന്‍ ക്‌ളാസുകള്‍ ക്രമീകരിക്കാത്ത കലാലയങ്ങള്‍ എത്രയുംവേഗം അത് ക്രമീകരിക്കും. മൂഡില്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ചുള്ള ലേണിങ് മാനേജ്മെന്റ് സിസ്റ്റം എല്ലാ കാമ്ബസിലും വേണമെന്ന് ഉത്തരവുള്ളതാണ്. അത് നടപ്പാക്കാന്‍ പ്രിന്‍സിപ്പല്‍മാര്‍ മുന്‍കൈയെടുക്കും. ഓണ്‍ലൈനും നേരിട്ടുമുള്ള ക്‌ളാസുകള്‍ സമ്മിശ്രമാക്കി പ്രിന്‍സിപ്പാള്‍മാര്‍ ക്രമീകരിക്കും.
അടച്ചുപൂട്ടി കഴിയുന്നതുകൊണ്ടുള്ള ആന്തരികസംഘര്‍ഷങ്ങള്‍ കുട്ടികളില്‍ വളരെക്കൂടുതലാണ്. കുടുംബങ്ങള്‍ക്കകത്ത് കോവിഡുണ്ടാക്കിയ സാമ്ബത്തികവും തൊഴില്‍പരവുമായ സംഘര്‍ഷങ്ങളും കുട്ടികളെ ബാധിക്കുന്നു. അതിനാല്‍ കാമ്ബസുകള്‍ വഴി പുറംലോകത്തേക്ക് വരാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കേണ്ടതുണ്ട്. അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയതിന് അവസരമില്ല.
പല കലാലയങ്ങളിലും ലാബ് ഉപകരണങ്ങള്‍ കേടുവന്നിട്ടുണ്ടാവും. പുസ്തകങ്ങള്‍ പൊടിപിടിച്ചു കിടക്കുകയാവും. ക്ളാസ് മുറികളും ചുറ്റുപാടും വിജനമായിക്കിടന്നതുകൊണ്ടുള്ള പ്രശ്‌നങ്ങളും ഉണ്ടാവും. ഇവയെല്ലാം എത്രയും പെട്ടെന്ന് കോളേജധികൃതര്‍ പരിഹരിക്കും.
മുമ്ബത്തെപ്പോലെ വളരെയധികം ബസുകളോടിക്കാന്‍ പുതിയ സാഹചര്യത്തില്‍ കഴിയില്ല. എങ്കിലും വിദ്യാര്‍ത്ഥികളുടെ യാത്രക്ക് പരമാവധി പൊതുഗതാഗതം ഉറപ്പാക്കാന്‍ നടപടിയെടുക്കും. താമസസൗകര്യത്തിന് വേണ്ട ഹോസ്റ്റല്‍ സൗകര്യങ്ങള്‍ സ്ഥാപനമേധാവികള്‍ ചെയ്യും. ലഭ്യമായ സ്ഥലങ്ങള്‍ സാമൂഹ്യ അകലം പാലിക്കപ്പെടുംവിധം അനുവദിക്കും. അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇപ്പോള്‍ വരുന്നതെന്നതിനാല്‍ ഇക്കാര്യത്തില്‍ പ്രയാസമുണ്ടാവില്ല.
കുട്ടികളെ മുഴുവനായും കലാലയ അധികൃതര്‍ വിശ്വാസത്തിലെടുക്കും . ദിനചര്യകളെല്ലാം അട്ടിമറിയപ്പെട്ട സ്ഥിതിയിലാണവര്‍. ശുഭാപ്തിവിശ്വാസം പകര്‍ന്ന് ആദ്യദിനംതന്നെ അവരോട് സംസാരിക്കും. അവര്‍ക്ക് ആത്മവിശ്വാസം നല്‍കും. സാഹചര്യത്തെക്കുറിച്ചുള്ള ഗൗരവബോധത്തോടെ പെരുമാറാനും അവരെ കലാലയ അധികൃതര്‍ പ്രേരിപ്പിക്കും - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
https://www.facebook.com/Malayalivartha



























