ആരാധകരുടെ ഹൃദയം കവര്‍ന്ന് രേണു സുധി

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ്. അഭിമുഖങ്ങളിലൂടെയും റീല്‍ വിഡിയോകളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയുമാണ് രേണു സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയായത്. ഇപ്പോഴിതാ 'ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍...' പാടി ആരാധകരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് രേണു സുധി. ചങ്ങനാശ്ശേരിയില്‍ ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് രേണു സുധി ഗാനം ആലപിച്ചത്. വിഡിയോ വൈറലായതോടെ വലിയ കയ്യടികളാണ് രേണുവിന് ലഭിക്കുന്നത്. രേണുവിന്റെ പാട്ട് മനോഹരമാണെന്ന് ആരാധകര്‍ കുറിച്ചു. രേണു ഇനിയും ഉയരങ്ങളില്‍ എത്തട്ടെയെന്നാണ് ആരാധകരുടെ ആശംസ.
അതേസമയം, ഉദ്ഘാടനത്തിനെത്തിയപ്പോള്‍ രേണു സുധി പറഞ്ഞ വാക്കുകളും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. 'ഈ ഉദ്ഘാടനം ഒരു പ്രതികാരം കൂടിയാണ്. ഈ സ്ഥാപനത്തിന്റെ എതിര്‍വശത്തുള്ള പൊലീസ് സ്‌റ്റേഷനു മുന്നില്‍ ഞാന്‍ കരഞ്ഞുകൊണ്ട് നിന്ന ഒരു സമയമുണ്ട്. ഞാന്‍ കരഞ്ഞുകൊണ്ടു നില്‍ക്കുമ്പോള്‍ നിങ്ങളില്‍ പലരും ഉണ്ടായിരുന്നു അന്നവിടെ. ഇപ്പോള്‍ അതേ പൊലീസ് സ്‌റ്റേഷന്റെ എതിര്‍വശത്തുള്ള സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എന്നെ ക്ഷണിക്കുമ്പോള്‍ എനിക്കത് മധുര പ്രതികാരം തന്നെയാണ്. ആ ഉദ്യോഗസ്ഥന്മാരൊന്നും ഇപ്പോള്‍ അവിടെയില്ല. പുതിയ ഉദ്യോഗസ്ഥരാണ്. അവരെയല്ല ഞാന്‍ പറയുന്നത്. നല്ല ഉദ്യോഗസ്ഥരും ഉണ്ട്. എന്നാല്‍ അന്ന് അങ്ങനെ അല്ലായിരുന്നു' എന്നാണ് രേണു പറഞ്ഞത്.
കഴിഞ്ഞ ജൂണ്‍ മാസത്തില്‍, രേണു സുധിക്കെതിരെ അപവാദ പ്രചാരണം നടത്തിയ യുട്യൂബ് വ്‌ലോഗര്‍ക്കെതിരെ പരാതി നല്‍കാന്‍ താരം ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍, പരാതി നല്‍കാനെത്തിയ തന്നോട് പൊലീസ് ഉദ്യോഗസ്ഥര്‍ ദേഷ്യപ്പെട്ടു എന്ന് വെളിപ്പെടുത്തിക്കൊണ്ട് രേണു രംഗത്ത് വന്നു. പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയെന്നും ആര്‍ക്കെതിരെയാണോ പരാതി പറഞ്ഞത്, അവരെ ന്യായീകരിച്ചെന്നും രേണു സുധി ആരോപിച്ചു. സ്‌റ്റേഷനില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് കരഞ്ഞുകൊണ്ടു പറയുന്ന രേണുവിന്റെ വിഡിയോ അന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
https://www.facebook.com/Malayalivartha



























