ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളിയിലെ സ്വർണം അപഹരിച്ച കേസ്... എ.പത്മകുമാറിന്റെ ജുഡീഷ്യൽ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടി

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളിയിലെ സ്വർണം അപഹരിച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും എം.എൽ.എയുമായിരുന്ന എ.പത്മകുമാറിന്റെ ജുഡീഷ്യൽ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൊല്ലം വിജിലൻസ് കോടതി നീട്ടി.
കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിൽ വ്യാഴാഴ്ചയാണ് റിമാൻഡ് കാലാവധി അവസാനിക്കുന്നത്.
ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി അപഹരിച്ച കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി 22ന് പരിഗണിക്കും. ഈ കേസിൽ എസ്.ഐ.ടിയുടെ റിപ്പോർട്ട് തേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ട ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരെ ഇന്നലെ വൈകിട്ട് തിരികെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളി അപഹരിച്ച കേസിൽ മുരാരി ബാബുവിനെയും കട്ടിളയിലെ സ്വർണപ്പാളി അപഹരിച്ച കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും രണ്ട് ദിവസത്തേക്കാണ് എസ്.ഐ.ടിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നത്. പുതുതായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യണമെന്ന എസ്.ഐ.ടിയുടെ ആവശ്യം പരിഗണിച്ചാണിത്.
https://www.facebook.com/Malayalivartha



























