അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...

കണ്ണൂർ പാനൂരിൽ വടിവാൾ സംഘം അക്രമം നടത്തിയ സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകർ അറസ്റ്റിലായി. പാറാട് സ്വദേശികളായ അമൽ, ശ്രീജു, ജീവൻ, റെനീഷ്, സച്ചിൻ എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ് കഴിഞ്ഞ ദിവസം എടുത്തിരുന്നു. പൊലീസ് വാഹനം തകർത്തത് അടക്കെ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ കണ്ണൂര്‍ പാറാട് പാനൂരില്‍ വടിവാള്‍ വീശി സിപിഎം ആക്രമണം നടത്തുകയായിരുന്നു.
യുഡിഎഫ് പ്രവര്‍ത്തകന്റെ വീട്ടില്‍ വടിവാളുമായെത്തി മുഖം മൂടി ധരിച്ചെത്തിയ സംഘം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും ബൈക്കും വെട്ടിപ്പൊളിച്ചു. പാര്‍ട്ടി കൊടി കൊണ്ട് മുഖം മൂടിയാണ് അക്രമികളെത്തിയത്. വടിവാള്‍ വീശി ആളുകള്‍ക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു.
പാറാട് ടൗണില്‍ ആഹ്ലാദ പ്രകടനത്തിനിടെയാണ് യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. എല്‍ഡിഎഫ് ഭരിച്ചിരുന്ന കുന്നത്ത്പറമ്പ് പഞ്ചായത്തിലെ തോല്‍വിക്കു പിന്നാലെയാണ് സംഘര്‍ഷം ഉണ്ടാകുന്നത്. പൊലിസ് ഇതിനിടെ ലാത്തി വീശി ഇരു പ്രവര്‍ത്തകരെയും സ്ഥലത്തു നിന്ന് നീക്കിയിരുന്നു. എന്നാല്‍ പിന്നീട് സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയും വീടുകളില്‍ കടന്നുച്ചെന്ന് വടിവാള്‍ വീശി ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇതിനിടെ തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെ സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു. ബോംബെറിയുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ചുകൊണ്ടാണ് ഇടത് സൈബർ പേജുകൾ സമൂഹ മാധ്യമത്തിൽ പ്രചാരണം നടത്തുന്നത്. കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ സ്തൂപം തകർത്തതിനു പിന്നാലെയാണ് കൊലവിളി രൂക്ഷമായത്. പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല’, ‘കുഴി നിങ്ങൾ കുഴിച്ചു വച്ചോ ഇവൻ എന്നെന്നേക്കുമായി ഉറങ്ങാനുള്ള ഏർപ്പാടുകൾ ഞങ്ങൾ ചെയ്തു തരാം’ തുടങ്ങിയ വാചകങ്ങൾ ചേർത്താണ് പ്രചാരണം. നൂഞ്ഞമ്പ്രം സഖാക്കൾ, റെഡ് ആർമി തുടങ്ങിയ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് കൊലവിളി.
https://www.facebook.com/Malayalivartha

























