പാമ്പിന്റെ ബുദ്ധിയോടും പകയോടും... സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ചെറിയ ജോലി ചെയ്തിരുന്ന സൂരജിന് ഉത്രയുടെ കുടുംബം നല്‍കിയത് വലിയ സ്ത്രീധനം; നൂറ് പവന്‍ സ്വര്‍ണം, മൂന്നര ഏക്കര്‍ സ്ഥലം, 10 ലക്ഷം രൂപ, പിന്നെ കാര്‍; എന്നിട്ടും കൊതിതീരാതെ സൂരജ് ചെയ്തത്

അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ടജീവപര്യന്തം ലഭിക്കുമ്പോള്‍ വീണ്ടും കേസിലെ നാള്‍ വഴികള്‍ അന്വേഷിക്കുകയാണ്. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ചെറിയ ജോലി ചെയ്തിരുന്ന സൂരജിന് വലിയ സ്ത്രീധനമാണ് ഉത്രയുടെ കുടുംബം നല്‍കിയത്.
മൂന്നര ഏക്കര്‍ വസ്തുവും നൂറുപവന്‍ സ്വര്‍ണവും കാറും പത്തുലക്ഷം രൂപയും സൂരജിന് സ്ത്രീധനമായി നല്‍കി. എന്നിട്ടും പണം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ 8000 രൂപവീതം മാസം ചെലവിന് നല്‍കി. ഉത്രയെ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് വിവാഹനിശ്ചയം നടത്തിയ ശേഷം കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെടുകയായിരുന്നു. മകളുടെ ജീവിതത്തെ കരുതി ആവശ്യപ്പെട്ടപ്പോഴെല്ലാം കുടുംബം പണം നല്‍കുന്നത് തുടരുകയും ചെയ്തു.
അതേസമയം ഉത്ര വധക്കേസില്‍ പ്രതി സൂരജിനും കുടുംബാംഗങ്ങള്‍ക്കും എതിരായ ഗാര്‍ഹിക പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രത്തിന്റെ വിചാരണ പ്രത്യേകം നടക്കും. പുനലൂര്‍ കോടതിയിലാണ് ഈ കേസ്. സൂരജ്, പിതാവ് അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സുരേന്ദ്രന്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ പ്രതികളാക്കിയാണ് ഗാര്‍ഹിക പീഡനം, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടത് മുതല്‍ മാനസികമായി ഉത്രയെ പീഡിപ്പിച്ചിരുന്നു. ഈ വിഷയം വീട്ടില്‍ അറിയിച്ചപ്പോള്‍ ഉത്രയെ കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു. ഇനി പ്രശ്‌നമുണ്ടാക്കില്ലെന്ന്് ഉറപ്പ് നല്‍കിയപ്പോള്‍ തിരികെ അടൂരിലുള്ള സൂരജിന്റെ വീട്ടിലേക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നതുമുതല്‍ ഉത്രയെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ സൂരജ് ആവിഷ്‌കരിച്ച് തുടങ്ങിയിരുന്നു. അതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഉത്ര വധക്കേസില്‍ ശിക്ഷാവിധിക്ക് ശേഷം പ്രതി സൂരജ് അപ്രതീക്ഷിത പ്രതികരണം നടത്തി. കോടതിയില്‍ നടന്ന ഒരു കാര്യവുമല്ല പത്രങ്ങളിലും മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്നത്. ഉത്രയുടെ അച്ഛന്‍ കോടതിയില്‍ നല്‍കിയ മൊഴി മാത്രം വായിച്ചു നോക്കിയാല്‍ മതി. എല്ലാ കാര്യങ്ങളും മനസ്സിലാകുമെന്നും സൂരജ് ശിക്ഷാവിധിക്ക് ശേഷം കോടതിയില്‍ നിന്ന് പുറത്തിറങ്ങവേ മാധ്യമങ്ങളോട് പ്രതികരിച്ചു.
കോടതിയില്‍ ഉത്രയുടെ അച്ഛന്‍ നല്‍കിയ മൊഴി ഇനി ആര്‍ക്കും മാറ്റാനാവില്ലല്ലോ. ഉത്രയെ കുറിച്ചും എന്റെ കുഞ്ഞിനെ കുറിച്ചും എല്ലാം പറയുന്നത് കഥകളാണെന്നും സൂരജ് വിളിച്ച് പറഞ്ഞു. പ്രതികരണം പൂര്‍ത്തീകരിക്കാന്‍ സൂരജിനെ പോലീസ് ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല.
താന്‍ ബി.എ.വരെ പഠിച്ചതാണെന്നും സൂരജ് പറയുന്നുണ്ടായിരുന്നു. കേസില്‍ സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി 17 വര്‍ഷം തടവിനുശേഷം ഇരട്ടജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. അപൂര്‍വമായ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിക്കാതിരുന്നത് ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതും പ്രായവും പരിഗണിച്ചാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.
2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍വീട്ടില്‍ ഉത്രയെ സ്വന്തംവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
ആസൂത്രിത കൊല (ഇന്ത്യന്‍ ശിക്ഷാനിയമം 302ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷംനല്‍കി പരിക്കേല്‍പ്പിക്കല്‍ (328ാം വകുപ്പ്), തെളിവുനശിപ്പിക്കല്‍ (201 ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്. കേരള പോലീസിന്റെ കുറ്റാന്വേഷണചരിത്രത്തിലെത്തന്നെ ആദ്യസംഭവം.
https://www.facebook.com/Malayalivartha