തിന്നിട്ടും തിന്നിട്ടും തീരുന്നില്ലല്ലോ! ഒരു വര്‍ഷത്തെ മുഴുവന്‍ ദിവസങ്ങളെയും പ്രതിനിധീകരിച്ച് 365 വിഭവങ്ങള്‍; ഭാവി മരുമകന് ഉഗ്രന്‍ സ്വീകരണമൊരുക്കി സ്വര്‍ണ വ്യാപാരിയും കുടുംബവും: ആന്ധ്രയിലെ ഒരു രാജകീയ വിരുന്ന് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഇന്ത്യന്‍ കുടുംബങ്ങളില്‍ മരുമക്കളെ മധുരപലഹാരങ്ങളും സമ്മാനങ്ങളുമൊക്കെയായി സ്വീകരിക്കുന്നത് പതിവാണ്. എന്നാല്‍ പതിവിന് ഒരല്‍പ്പം വേറിട്ടതാക്കിയിരിക്കുകയാണ് ആന്ധ്രപ്രദേശിലെ ഒരു കുടുംബം. ഇവിടെ ഇവരുടെ ഭാവി മരുമകന് 365 കൂട്ടം വ്യത്യസ്ത തരം ഭക്ഷണമാണ് ഒരുക്കിയത്.
മകര സംക്രാന്തി ദിനത്തിലാണ് പെണ്‍കുട്ടിയുടെ കുടുംബം ഭാവി മരുമകന് ഭക്ഷണത്തിന്റെ ഒരു സമ്പൂര്‍ണ കലവറ തന്നെ ഒരുക്കിയിരിക്കുന്നത്. 365 ഭക്ഷണ ഇനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു രാജകീയ വിരുന്നാണ് കുടുംബം തങ്ങളുടെ മകളെ വിവാഹം കഴിക്കാന്‍ പോകുന്ന പയ്യനായി തയ്യാറാക്കിയത്.
പടിഞ്ഞാറന്‍ ഗോദാവരിയിലെ നര്‍സാപുരത്ത് നിന്നുള്ള സ്വര്‍ണ്ണ വ്യാപാരികളായ അത്യം വെങ്കിടേശ്വര റാവുവും ഭാര്യ മാധവിയുമാണ് ഇത്തരത്തിലൊരു വിരുന്നൊരിക്കയത്. ഇവരുടെ മകള്‍ കുന്ദവിയെ വിവാഹം കഴിക്കാന്‍ പോകുന്ന തുമ്മലപ്പള്ളി സുബ്രഹ്മണ്യത്തിന്റെയും അന്നപൂര്‍ണയുടെയും മകനായ സായികൃഷ്ണയ്ക്കാണ് വിരുന്ന് നല്‍കിയത്.
ഒരു വര്‍ഷത്തിന്റെ 365 ദിവസങ്ങളെ പ്രതിനിധീകരിച്ചാണ് 365 വിധത്തിലുള്ള ഭക്ഷണയിനങ്ങള്‍ ഒരുക്കിയതെന്ന് കുടുംബം അറിയിച്ചു. വധുവിന്റെ മുത്തച്ഛന്‍ അച്ചന്ത ഗോവിന്ദും മുത്തശി നാഗമണിയും ചേര്‍ന്നാണ് വിവാഹത്തിന് മുന്‍പ് ഇവര്‍ക്കായി വിരുന്നൊരുക്കിയത്.
വധുവിന്റെയും വരന്റെയും അടുത്ത ബന്ധുക്കള്‍ ഈ ഗംഭീരമായ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു. ഉത്സവത്തിന് ശേഷം ഇരുവരും വിവാഹിതരായെന്നാണ് റിപ്പോര്‍ട്ട്.
മുപ്പതോളം വ്യത്യസ്ത ഇനം കറികള്‍, ചോറ്, പുളിഹോര, ബിരിയാണി, പരമ്പരാഗത ഗോദാവരി മധുരപലഹാരങ്ങള്‍, ചൂടുള്ളതും തണുത്തതുമായ പാനീയങ്ങള്‍, ബിസ്‌ക്കറ്റുകള്‍, പഴങ്ങള്‍, കേക്കുകള്‍ എന്നിവയാണ് വിരുന്നില്‍ ഒരുക്കിയിരുന്നത്. ആതിഥ്യമര്യാദയ്ക്ക് പേരുകേട്ടതാണ് കിഴക്കന്‍, പടിഞ്ഞാറന്‍ ഗോദാവരി ജില്ലകള്‍. എന്തായാലും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഈ രാജകീയ വിരുന്നിന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























