ഭര്‍ത്താവിന്റെ വീട്ടില്‍ മോഫിയ അനുഭവിച്ചത് ക്രൂര പീഡനം; സുഹൈലിന്റെ മാതാവും മോഫിയയെ നിരന്തരം മര്‍ദ്ദിച്ചിരുന്നു; മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്; കേസിൽ ഭര്‍ത്താവ് സുഹൈലും മാതാപിതാക്കളും പ്രതികൾ

ആലുവയിലെ മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.ആലുവ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, സുഹൈലിന്റെ മാതാപിതാക്കള്‍ എന്നിവരെ പ്രതിചേര്‍ത്താണ് കുറ്റപത്രം. ഭര്‍ത്താവിന്റെ വീട്ടില്‍ മോഫിയ അനുഭവിച്ചത് ക്രൂര പീഡനമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ കേസില്‍ ഒന്നര മാസത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഗാര്‍ഹിക പീഡനവും സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളും മോഫിയക്ക് നേരിടേണ്ടി വന്നതായി കുറ്റപത്രത്തില്‍ പറയുന്നു. ഇതുണ്ടാക്കിയ കടുത്ത മാനസിക സംഘര്‍ഷമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുറ്റപത്രത്തിലുണ്ട്.
കേസില്‍ ഭര്‍ത്താവ് സുഹൈലാണ് ഒന്നാം പ്രതി, സുഹൈലിന്റെ അമ്മ റുഖിയ കേസില്‍ രണ്ടാംപ്രതിയാണ് പിതാവ് യൂസഫ് മൂന്നാം പ്രതിയും. മോഫിയയെ സുഹൈല്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നും ഈ മര്‍ദ്ദനമാണ് മോഫിയയുടെ ആത്മഹത്യ വരെ എത്തിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തല്‍. സുഹൈലിന്റെ അമ്മയും മോഫിയയെ നിരന്തരം മര്‍ദ്ദിച്ചുവെന്നാണ് കുറ്റപത്രം. പിതാവ് യൂസഫ് മര്‍ദ്ദനത്തിന് കൂട്ടുനിന്നു. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
മോഫിയയെ സുഹൈല്‍ പലതവണ പീഡിപ്പിച്ചുവെന്നും സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്ക് കൊടിയ പീഡനങ്ങളാണ് ഏല്‍ക്കേണ്ടി വന്നതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. പണം ചോദിച്ച് പല തവണ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും കുറ്റപത്രത്തിലുണ്ട്.
ഭര്‍ത്താവ് സുഹൈലും മാതാപിതാക്കളും അടക്കം കുടുംബം ഒന്നടങ്കം ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് വഴിയൊരുക്കി. മോഫിയയെ ഏകദേശം മൂന്ന് മാസത്തോളം ഭര്‍ത്താവിന്റെ കോതംമഗലത്തുള്ള വീട്ടില്‍ വെച്ച് സ്ത്രീധനത്തിന്റെ പേരില്‍ അടിമപ്പണി ചെയ്യിച്ചു. പല തവണ ഭര്‍ത്താവ് മോഫിയയെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
പരാതി നല്‍കിയിട്ടും വിഷയത്തില്‍ പൊലീസ് കേസെടുക്കാന്‍ വൈകിയതടക്കമുള്ള കാര്യങ്ങള്‍ നേരത്തെ വിവാദമായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും കുറ്റപത്രത്തില്‍ ഇല്ല.
അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി രാജീവ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. നിലവില്‍ സുഹൈല്‍ ജയിലിലാണ്. മാതാപിതാക്കള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 21നാണ് സുഹൈലിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കുന്നത്. ഇതിന് മുമ്ബ് കുറ്റപത്രം സമര്‍പ്പിച്ചതോടെ കേസില്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.
https://www.facebook.com/Malayalivartha



























