മണ്ഡല മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി കുറിച്ച് നാളെ ശബരിമല നട അടയ്ക്കും.... തീര്‍ത്ഥാടകര്‍ക്ക് ഇന്നു കൂടി ദര്‍ശനം നടത്താം, നാളെ രാവിലെ രാജപ്രതിനിധിക്കു മാത്രമാണ് സന്നിധാനത്ത് ദര്‍ശനം

മണ്ഡല മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി കുറിച്ച് നാളെ ശബരിമല നട അടയ്ക്കും. തീര്‍ത്ഥാടകര്‍ക്ക് ഇന്നു കൂടി ദര്‍ശനം നടത്താം. നാളെ രാവിലെ രാജപ്രതിനിധിക്കു മാത്രമാണ് സന്നിധാനത്ത് ദര്‍ശനം.
പുലര്‍ച്ചെ ഗണപതി ഹോമവും മലര്‍ നിവേദ്യവും പൂര്‍ത്തിയാക്കി ഭഗവാനെ ഭസ്മവിഭൂഷിതനാക്കി രുദ്രാക്ഷമാല അണിയിച്ച് യോഗദണ്ഡ് കൈയ്യില്‍ നല്‍കി യോഗനിദ്രയിലാക്കും.
ഹരിവരാസനം പാടി നടയടച്ച് ആചാരപരമായി താക്കോല്‍ക്കൂട്ടവും പണക്കിഴിയും രാജപ്രതിനിധിക്ക് കൈമാറും. തുടര്‍ന്ന് തിരുവാഭരണ പേടകങ്ങളുമായി തിരുവാഭരണ വാഹകസംഘവും രാജപ്രതിനിധിയും പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെത്തും.
താക്കോലും പണക്കിഴിയും മേല്‍ശാന്തിയെ തിരികെ ഏല്‍പ്പിച്ച് അടുത്ത ഒരു വര്‍ഷത്തെ പൂജകള്‍ ചെയ്യണമെന്ന നിര്‍ദ്ദേശം നല്‍കി രാജപ്രതിനിധിയും തിരുവാഭരണ വാഹകസംഘവും പന്തളത്തേക്ക് മടങ്ങും.
ഇന്നലെ പന്തളം രാജപ്രതിനിധി മൂലംനാള്‍ ശങ്കരവര്‍മ്മ നടത്തിയ കളഭാഭിഷേകത്തോടെ ദ്രവ്യങ്ങള്‍ കൊണ്ടുളള അഭിഷേകങ്ങള്‍ ഉച്ചപൂജയോടെ പൂര്‍ത്തീകരിച്ചു. വൈകിട്ട് പടിപൂജയും ദേവസ്വം ബോര്‍ഡിന്റെ വകയായുളള പുഷ്പാഭിഷേകവും സന്നിധാനത്തും മാളികപ്പുറത്തും ഉപദേവതാ നടകളിലും പതിനെട്ടാംപടിയിലും നടത്തി.
രാത്രി മണിമണ്ഡപത്തില്‍ നിന്ന് ശരംകുത്തിയിലേക്ക് എഴുന്നെള്ളത്തും നായാട്ടുവിളിയും നടന്നു. ഇന്ന് വിശേഷാല്‍ പൂജകളോ അഭിഷേകമോ ഇല്ല. രാവിലെ ഗണപതിഹോമത്തിനും ഉഷപൂജയ്ക്കും ശേഷം 25 കലശം നടക്കും. വൈകിട്ട് ഹരിവരാസനം പാടി നടയടക്കും.
" f
https://www.facebook.com/Malayalivartha



























